നോട്ടുനിരോധനത്തിൽ 6,000 രൂപ ദിനബത്ത മുടങ്ങി; ഇന്നിതാ 30 ലക്ഷത്തിന്റെ ‘ലോട്ടറി’

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയാഹ്ലാദം. (ബിസിസിഐ ട്വിറ്റർ)

പ്രേംനസീർ മരിച്ചപ്പോൾ ഒരാൾ ചോദിച്ചു ‘ഷീലയ്ക്കിനി ആരുണ്ട്’.  കൃത്യവും വ്യക്തവുമായ  മറുപടി ആരും പറഞ്ഞതായി അറിവില്ല. അതേസമയം, കോഹ്‌ലിയും കൂട്ടരും പോയാൽ ഇന്ത്യയ്ക്കാരുണ്ട് എന്ന ചോദ്യത്തിന് ‘ഞങ്ങളുണ്ട്’ എന്നൊരു ഉത്തരം ന്യൂസിലാൻഡിൽ നിന്നു കേൾക്കുന്നു. വിശ്വസിക്കാതെ തരമില്ല. ഡ്രൈവിങ് ലൈസൻസെടുക്കേണ്ടേ പ്രായത്തിൽ ലോകകപ്പുമായി സെൽഫിയെടുക്കുന്ന പയ്യൻസിനെ വണങ്ങി വരവേൽക്കുകയല്ലാതെ വേറെ വഴിയുമില്ല.

ഒരു കളി പോലും തോൽക്കാതെ ഫൈനലിൽ എത്തുകയും  ഏകദേശം 11 ഓവർ ബാക്കി നിൽക്കെ കപ്പടിക്കുകയും ചെയ്യുക, പൃഥ്വി ഷായും കൂട്ടരും അസാധ്യമായതിനെ അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു. സ്വപ്നനേട്ടത്തിലേക്കുള്ള വഴിയിൽ ഈ യുവാക്കൾ കാണിച്ച ധൈര്യവും നിശ്ചയദാർഢ്യവുമാണ് അതിലേറെ അതിശയിപ്പിക്കുന്നത്.

കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതി പോലെയായിരുന്നു കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ടീം. നോട്ടുനിരോധനവും ബിസിസിഐ നേതൃമാറ്റവും മൂലം ദിനബത്തപോലും മുടങ്ങി. പോഷ് ഹോട്ടലിൽ താമസവും കാലിയായ പോക്കറ്റും അതായിരുന്നു അവസ്ഥ. രാവിലെ ഹോട്ടലിൽ നിന്നുള്ള കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റ്,  പരിശീലന മത്സരങ്ങൾ നടക്കുമ്പോൾ അതത് അസോസിയേഷന്റെ വക ഉച്ച ഭക്ഷണം, വൈകിട്ട് തട്ടുകട ഭക്ഷണം. അന്ന് ഒരു മാസത്തോളം ലോകകപ്പ് വിജയികളുടെ മെനു ഇതായിരുന്നു.

ക്ഷീണവും വിശപ്പും പക്ഷേ, അവരുടെ പരശീലനത്തിനു തടസ്സമായില്ല. ലക്ഷ്യം അതിനെക്കാൾ വലുതായിരുന്നു. അന്നു കൊടുക്കാൻ സാധിക്കാതിരുന്ന 6000 രൂപ (ദിനബത്ത)യ്ക്കു പകരം 30 ലക്ഷത്തിന്റെ ലോട്ടറിയാണ് ബിസിസിഐ ഓരോ താരങ്ങൾക്കും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗ്രഹമുണ്ടെങ്കിൽ അക്കൗണ്ട് കാലിയാണെങ്കിലും ലോക ജേതാക്കളാകാം എന്ന് ഈ കുട്ടിക്കൂട്ടം ഓർമിപ്പിക്കുന്നു.