Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെഞ്ചൂറിയനിൽ എറിയാതെ പോയത് 47.1 ഓവർ (283 പന്ത്); ഇങ്ങനെയൊക്കെ ജയിക്കാമോ!

Indian-Cricket-Team-1 ഇന്ത്യൻ താരങ്ങൾ മൽസരത്തിനിടെ.

എത്ര ആധികാരികമായ ജയം! ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ തോറ്റ ടീം മൂന്നാം ടെസ്റ്റും ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച് നടത്തുന്ന തിരിച്ചുവരവിനെ എങ്ങനെ വിശേഷിപ്പിക്കും? അതും അത്ര പരിചിതമല്ലാത്ത സാഹചര്യത്തിൽ. എന്തായാലും പരമ്പരാഗതമായി പേസർമാരെ തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഇന്ത്യൻ സ്പിന്നർമാർ നടത്തുന്ന ബോളിങ് പ്രകടനം കാണാൻ അഴകുള്ളൊരു കാഴ്ചയാണ്. ടെസ്റ്റ് പരമ്പരയിൽ അമ്പേ പരാജയപ്പെട്ടുപോയ ബാറ്റ്മാൻമാർ ഇരട്ടി ശക്തിയോടെ തിരിച്ചടിക്കുന്ന കാഴ്ചയും ആവേശഭരിതം തന്നെ.

ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ പേസർമാർ ഇന്ത്യയെ എറിഞ്ഞു പതംവരുത്തിയ സെഞ്ചൂറിയൻ സ്പോർട്പാർക്കായിരുന്നു രണ്ടാം ഏകദിനത്തിന്റെ വേദി. ലുങ്കി എൻഗിഡിയും കഗീസോ റബാഡയും തകർത്തെറിഞ്ഞ ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും ചെയ്തിരുന്നു. എന്നാൽ, കൈക്കുഴ സ്പിന്നർമാരെന്ന പുത്തനാവേശത്തിന്റെ തണലിൽ ഏകദിന മൽസരത്തെ നേരെ തിരിച്ച ഇന്ത്യ, സമീപകാലത്തെ ഏറ്റവും അനായാസ ജയങ്ങളിലൊന്നാണ് രണ്ടാം വരവിൽ സ്വന്തമാക്കിയത്.

എറിയാതെ പോയത് 47.1 ഓവർ

ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ഇന്നിങ്സുകളിലായി ഈ മൽസരത്തിലാകെ എറിയാതെ പോയത് 47.1 ഓവറുകളാണ്. അതായത് 283 പന്തുകൾ. ഫലത്തിൽ ഒരു ട്വന്റി20 മൽസരത്തേക്കാൾ അൽപം കൂടി ദൈർഘ്യമേറിയ മൽസരം മാത്രമാണ് സ്പോർട്പാർക്കിൽ നടന്നത്. ഇന്ത്യയുടെ ബോളർമാരും ബാറ്റ്സ്മാൻമാരും ദക്ഷിണാഫ്രിക്കയ്ക്കു മേൽ പുലർത്തിയ സമ്പൂർണാധിപത്യത്തിന്റെ നേർചിത്രമായി വായിക്കാമിത്.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 32.2 ഓവറിൽ 118 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ മൽസരത്തിൽ തീർത്തും ദയനീയമായ പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. രണ്ട് ഏകദിന മൽസരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള എയ്ഡൻ മർക്രത്തിന്റെ നേതൃത്വത്തിലിറങ്ങിയ ദക്ഷിണാഫ്രിക്ക കോഹ്‍ലിപ്പടയ്ക്കു മുന്നിൽ തീർത്തും നിഷ്പ്രഭരായിപ്പോയി. ഇതോടെ മിച്ചം വന്നത് 17.4 ഓവറുകൾ

തീർത്തും ദുർബലമെന്നു പറയാവുന്ന വിജയലക്ഷ്യം ഏറ്റവും അനായാസമായാണ് ഇന്ത്യ മറികടന്നത്. രോഹിതിന്റെ അനാവശ്യമായ ഷോട്ടും പുറത്താകലുമില്ലായിരുന്നെങ്കിൽ സമ്പൂർണ വിജയം നേടേണ്ട മൽസരം. എന്തായാലും 20.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ജയത്തിലേക്ക് രണ്ടു റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ ലഞ്ചിന് പിരിയാൻ നിർദ്ദേശം നൽകിയ അംപയർമാർ ‘ഫ്ലോ’ കളഞ്ഞില്ലായിരുന്നെങ്കിൽ നിഷ്പ്രയാസം 20 ഓവറിനുള്ളിൽ ഇന്ത്യ വിജയലക്ഷ്യം മറികടക്കുമായിരുന്നു. ലഞ്ചിന് പോയി തിരിച്ചുവന്ന ശേഷമുള്ള ടബ്രായിസ് ഷംസിയുടെ ഓവർ ധവാൻ പാഴാക്കിയിരുന്നു. ഇമ്രാൻ താഹിർ എറിഞ്ഞ തൊട്ടടുത്ത ഓവറിന്റെ മൂന്നാം പന്തിലാണ് ഇന്ത്യ വിജയ റൺ നേടിയത്.

ഇതോടെ ഇന്ത്യൻ ഇന്നിങ്സിൽ ബാക്കിയായത് 29.3 ഓവർ. ഇരു ഇന്നിങ്സുകളിലുമായി എറിയാതെ അവശേഷിച്ചത് 47.1 ഓവർ. അതായത് 283 പന്തുകൾ. അപ്പോൾ ആകെ ബോൾ ചെയ്തതോ? 52.5 ഓവറുകൾ അഥവാ 317 പന്തുകൾ. ഒരു ട്വന്റി20 മൽസരത്തിൽ ബോൾ ചെയ്യാവുന്ന പരമാവധി ഓവറുകളുടെ എണ്ണം 40 മാത്രം. ഫലത്തിൽ ഒരു ട്വന്റി20 മൽസരത്തിന്റെ ‘എക്സ്റ്റെൻഡ്’ രൂപമായി ഈ മൽസരത്തെ വിലയിരുത്താം. ഇന്ത്യൻ താരങ്ങൾ മൽസരത്തിൽ പുലർത്തിയ സമ്പൂർണാധിപത്യവും ഈ കണക്കിൽ വ്യക്തം.

ദക്ഷിണാഫ്രിക്കയെ ചുറ്റിച്ച് കുൽദീപും ചാഹലും

പൊതുവെ സ്പിന്നിനെ നേരിടുന്നതിൽ അത്ര മികവു കാട്ടാത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയുടെ പുതിയ കണ്ടെത്തലായ കൈക്കുഴ സ്പിന്നർമാരെ ഇതുവരെ പിടികിട്ടിയിട്ടില്ല എന്നുള്ളതാണ് വാസ്തവം. സ്പിന്നിനെതിരെ മികച്ച കളി കെട്ടഴിക്കാറുള്ള ഡിവില്ലിയേഴ്സിന്റെ അഭാവവും രണ്ടാം മൽസരത്തിൽനിന്ന് ക്യാപ്റ്റൻ ഡുപ്ലെസി പരുക്കേറ്റ് പിൻമാറിയതും അവർക്ക് കൂനിന്മേൽ കുരുവായി.

ഡർബനിൽ നടന്ന ആദ്യ ഏകദിനത്തില്‍ത്തന്നെ കുൽദീപും ചാഹലും വരവറിയിച്ചിരുന്നു. പേസ് ബോളർമാർക്ക് അനുകൂലമായ പിച്ചിൽ ഇരുവരും ദക്ഷിണാഫ്രിക്കൻ താരങ്ങളെ വെള്ളം കുടിപ്പിച്ചു. സ്പിന്നിനെതിരെ കളിക്കുന്നതിൽ സ്വതവേ മികവു കാട്ടാറുള്ള ഡിക്കോക്കിനെ ചാഹലും ജെ.പി. ഡുമിനിയെ കുൽദീപ് യാദവുമാണ് പുറത്താക്കിയത്. മൽസരത്തിലാകെ ഇരുവരും സ്വന്തമാക്കിയത് അഞ്ച് വിക്കറ്റ്; കുൽദീപ് മൂന്നും ചാഹൽ രണ്ടും. ഇരുവരും ചേർന്ന് 20 ഓവറിൽ വഴങ്ങിയതാകട്ടെ 79 റൺസ് മാത്രം. ദക്ഷിണാഫ്രിക്കയുടെ റൺ നിരക്ക് നിയന്ത്രിച്ചുനിർത്തുന്നതിൽ ഇരുവരുടെയും പ്രകടനം തുണയായി. ഇതേ മണ്ണിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറിന് വിക്കറ്റൊന്നും നേടാനായുമില്ലെന്നോർക്കണം.

സെഞ്ചൂറിയനിലെത്തിയപ്പോൾ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ ദുർഗ്രഹമാകുന്നതാണ് കണ്ടത്. കഴിഞ്ഞ തവണ ഇന്ത്യൻ സ്പിൻ ആക്രമണത്തിന് വിജയകരമായി തടയിട്ട ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ അഭാവത്തിൽ ചാഹലും കുൽദീപും കൂടുതൽ അപകടകാരികളായി. സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോറിന് പുറത്താക്കിയത് ഇരുവരുടെയും മികവുതന്നെ. ഏകദിന കരിയറിലെ ആദ്യ അ‍ഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ചാഹലും മൂന്നു വിക്കറ്റുമായി മികച്ച പിന്തുണ നൽകിയ കുൽദീപും മൽസരം അക്ഷരാർഥത്തിൽ തങ്ങളുടേതുമാക്കി.

ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നടന്ന സെഞ്ചൂറിയനിലെ പിച്ചിൽ പേസ് ബോളർമാർ തകർത്താടി രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് കുൽദീപ്–ചാഹൽ ദ്വയം സ്പിൻ വസന്തം തീർത്തതെന്തും. കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച യുസ്‌വേന്ദ്ര ചാഹൽ 8.2 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. മികച്ച പിന്തുണ നൽകിയ കുൽദീപ് യാദവ് ആറ് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ കൈക്കുഴ സ്പിന്നർ ടെബ്രായിസ് ഷംസിക്കും ഇമ്രാൻ താഹിറിനും ഇത്തവണയും സാന്നിധ്യമറിയിക്കാനായില്ല.

ബാറ്റ്സ്മാൻമാർ പറയുന്നു, ‘ടെസ്റ്റ’ല്ല ഏകദിനം

ടെസ്റ്റ് പരമ്പരയിൽ, വിശേഷിച്ചും ആദ്യ രണ്ടു ടെസ്റ്റുകളിൽ പൂർണമായും തകർന്നടിഞ്ഞുപോയ ഇന്ത്യൻ ബാറ്റിങ് നിര ഏകദിന പരമ്പരയിൽ ശക്തമായി തിരിച്ചുവന്നതും കാണേണ്ടതുണ്ട്. എത്ര സുന്ദരമായാണ് ആദ്യ രണ്ടു മൽസരങ്ങളിൽ ഇന്ത്യ ബാറ്റു ചെയ്തത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തനിസ്വരൂപം കാട്ടിയതോടെ വലഞ്ഞത് ദക്ഷിണാഫ്രിക്കൻ ബോളർമാരാണ്. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് തകർത്തുവാരുന്ന പതിവ് അവർക്ക് ഇത്തവണ സാധ്യമായില്ല.

ടെസ്റ്റ് പരമ്പരയോടെ ദക്ഷിണാഫ്രിക്കൻ പിച്ചുകളുടെ ഏകദേശ സ്വഭാവം മനസ്സിലാക്കിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഏകദിന പരമ്പരയ്ക്ക് ശരിക്ക് തയാറെടുത്തിരുന്നെന്ന് വ്യക്തം. ടെസ്റ്റിൽ അമ്പേ പരാജപ്പെട്ട രോഹിതും ധവാനും ഇവിടെ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്ത്. രോഹിതിന് തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഇനിയും ഉയരാനായിട്ടില്ലെങ്കിലും ധവാൻ തനിനിറം കാട്ടി. ആദ്യ മൽസരത്തിൽ കോഹ്‍ലിയുമായുള്ള ധാരണപ്പിശകിൽ വിക്കറ്റ് കളഞ്ഞ ധവാൻ രണ്ടാം മൽസരത്തിൽ അർധസെഞ്ചുറി നേടി വിജയശിൽപിയായി. കോഹ്‍ലിയാകട്ടെ ആദ്യ മൽസരത്തിൽ സെഞ്ചുറി നേടി ഒൻപതു രാജ്യങ്ങളിൽ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കി. രണ്ടാം മൽസരത്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു.

രണ്ടാം മൽസരം ശ്രദ്ധിക്കുക. സാമാന്യരീതിയിൽ തീർത്തും ദുർബലമായ ടോട്ടലിലേക്ക് ശ്രദ്ധയോടെയാണ് ഇന്ത്യ ബാറ്റെടുത്തത്. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ തകർന്നടിഞ്ഞുപോയ പിച്ചിൽ അപകടങ്ങളൊന്നും പതിയിരുപ്പില്ലെന്നു മനസ്സിലായതോടെ രോഹിതും ധവാനും ഗിയർ മാറ്റി. ട്രാക്കിലായി വരുന്നതിനിടെ അനാവശ്യ ഷോട്ടിന് ശ്രമിച്ച രോഹിത് ശർമയുടെ പിഴവില്ലായിരുന്നെങ്കിൽ ഒരു പക്ഷേ വിക്കറ്റ് നഷ്ടം കൂടാതെ തന്നെ ഇന്ത്യയ്ക്ക് മറികടക്കാമായിരുന്ന ടോട്ടലായിരുന്നു 119. പുറത്താകുന്നതിന് തൊട്ടുമുൻപ് അതേ ഓവറിൽ വിക്കറ്റ് കീപ്പർ പിടിച്ചതിന് അംപയർ ഔട്ട് വിളിച്ചെങ്കിലും റിവ്യൂ നൽകി ജീവൻ നിലനിർത്തിയതാണ് രോഹിത് എന്നോർക്കണം. എന്നിട്ടും അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞത് ന്യായീകരിക്കുന്നതെങ്ങനെ?

ഇതിനു പിന്നാലെ ക്രീസിൽ ഒരുമിച്ച ധവാനും കോഹ്‍ലിയും ചേർന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. ഇന്ത്യൻ സ്പിന്നർമാർ കളം വാണ മൈതാനത്ത് കോഹ്‍ലി–ധവാൻ സഖ്യം അരങ്ങുതകർക്കുന്നത് ദക്ഷിണാഫ്രിക്കയെ എത്രമാത്രം നിരാശരാക്കിയിരിക്കും! പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 93 റൺസാണ്. കഴിഞ്ഞ മൽസരത്തിൽ കോഹ്‍ലിയുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടായ ധവാൻ ഇത്തവണ പിഴവുകളൊന്നും ആവർത്തിച്ചില്ല. 56 പന്തുകൾ നീണ്ട ഇന്നിങ്സിൽ ഒൻപതു ബൗണ്ടറികൾ ഉൾപ്പെടെ 51 റൺസാണ് ധവാന്റെ സമ്പാദ്യം. 50 പന്തുകൾ നേരിട്ട കോഹ്‌ലി നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 46 റൺസെടുത്തു.

ആദ്യ രണ്ടു മൽസരങ്ങിലും രോഹിത്, ധവാൻ, കോഹ്‍ലി, രഹാനെ എന്നിവർക്കൊഴികെ ആർക്കും കാര്യമായി അധ്വാനിക്കേണ്ടി വന്നില്ല എന്നതും ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കൻ ബോളിങ്ങിന്റെ ദൗർബല്യവും!