'ഇയാൾ പന്ത് തിരിച്ചറിയുമ്പോഴേക്കും ഓവർ കഴിയും'; ധോണിയുടെ ‘ഡയലോഗ്’ സ്റ്റംപ് മൈക്കിൽ

സെഞ്ചൂറിയൻ∙ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‍ലിക്കു കൈമാറിയെങ്കിലും ക്രിക്കറ്റ് മൽസരങ്ങൾക്കിടെ ടീമിലെ പല അംഗങ്ങൾക്കും ധോണി നിർദേശങ്ങൾ നൽകാറുണ്ട്. ഇടയ്ക്ക് തമാശകളും പറയാറുണ്ട്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിനിടയിലെ ധോണിയുടെ തമാശയാണ് ഇപ്പോൾ ആരാധകരിൽ ചിരി പടർത്തുന്നത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 

കുൽദീപ് യാദവിന്റെ പന്തിന്റെ ഗതി മനസ്സിലാക്കാനാകാതെ അന്തം വിട്ടു നിൽക്കുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ആൻഡിൽ ഫെലൂക്‌വായോയെ തമാശപൂപേണ ധോണി കളിയാക്കുന്നതാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. ഇയാൾ പന്ത് തിരിച്ചറിയുമ്പോഴേക്കും ആ ഓവർ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ധോണി ഹിന്ദിയിൽ കുൽദീപിനോട് പറയുന്നത്. 

നായകൻ കോഹ്‍ലിയെ ചീക്കു എന്ന് വിളിച്ച് അഭിനന്ദിക്കുന്നതും ഹാർദിക് പാണ്ഡ്യയ്ക്കും കുൽദീപ് യാദവിനും നിർദേശങ്ങൾ നൽകുന്നതും വ്യക്തമായി കേൾക്കാം. ഇത് ആദ്യമായല്ല മൽസരത്തിനിടെയുള്ള ധോണിയുടെ സംഭാഷണം പുറത്തു വവരുന്നത്. ന്യൂസീലൻഡിനെതിരായ ഏകദിന മത്സരത്തിനിടെയും ധോണിയുടെ മൈക്ക് സംഭാഷണം പുറത്തു വന്നിരുന്നു.