Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റെയിൻ, എബി, ഡുപ്ലെസി.. ഇപ്പോൾ ഡികോക്കും; അടുത്ത നാലു മൽസരങ്ങൾക്ക് ‘പരുക്കാഫ്രിക്ക’

Quinton-De-Cock ഡികോക്ക് ഹാഷിം അംലയ്ക്കൊപ്പം.

കേപ്ടൗൺ ∙ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ തോറ്റ് പരമ്പര നഷ്ടമെന്ന ഭീഷണി നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ മൽസരത്തിനിടെ കൈക്കുഴയ്ക്കു പരുക്കേറ്റ ഡികോക്കിന് പരമ്പരയിലെ ശേഷിക്കുന്ന മൽസരങ്ങൾ നഷ്ടമാകും. നാല് ആഴ്ചത്തെ വിശ്രമമാണ് ഡികോക്കിന് വിധിച്ചിരിക്കുന്നത്. ഇതോടെ അടുത്ത നാല് ഏകദിനങ്ങളിലും ട്വന്റി20 പരമ്പരയിലും ഡികോക്കിന് കളിക്കാനാകില്ല.

പരുക്കിനെ തുടർന്ന് പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്ന ഡെയ്‌ല്‍ സ്റ്റെയിൻ, എ.ബി. ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ലേസി എന്നിവർക്കു പിന്നാലെയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ക്വിന്റൺ ഡികോക്കും പുറത്താകുന്നത്. പരുക്കിനെത്തുടർന്ന് ആദ്യ മൂന്നു മൽസരങ്ങള്‍ നഷ്ടമാകുന്ന ഡിവില്ലിയേഴ്സ് നാലാം മൽസരം മുതൽ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. അതേസമയം, ആദ്യ ഏകദിനത്തിനിടെ പരുക്കേറ്റ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിക്ക് ഏകദിന പരമ്പര പൂർണമായും നഷ്ടമാകും. രണ്ടാം ഏകദിനം മുതൽ രണ്ട് ഏകദിനങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള എയ്ഡൻ മർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.

ഇന്ത്യൻ കൈക്കുഴ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലിനും കുൽദീപ് യാദവിനും മുന്നിൽ പതറിയാണ് ദക്ഷിണാഫ്രിക്ക ആദ്യ രണ്ടു മൽസരങ്ങൾ അടിയറവു വച്ചത്. സ്പിന്നർമാരെ നേരിടുന്നതിൽ ദക്ഷിണാഫ്രിക്കൻ നിരയിൽ മികവു കാട്ടിയിട്ടുള്ള മൂന്നാമത്തെ താരവും പരുക്കേറ്റ് പുറത്താകുന്നത് പരമ്പരയിൽ തിരിച്ചുവരാമെന്ന ആതിഥേയരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.