മറക്കരുത്, ഏകദിന പരമ്പര തേടി ആൺപടയ്ക്കൊപ്പം ഇവരും ഇന്നിറങ്ങുന്നു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗങ്ങൾ ദക്ഷിണാഫ്രിക്കയിൽ (ബിസിസിഐ ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

കിംബെർലി∙ ലോകകപ്പ് ക്രിക്കറ്റിലെ മിന്നുംപ്രകടനത്തോടെ മനംകവർന്ന മിതാലിയുടെ മാലാഖമാർ ഏഴുമാസത്തിനിപ്പുറം അകലെ മറ്റൊരു സുവർണനേട്ടത്തിനരികെ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നു നടക്കുന്ന രണ്ടാം ഏകദിനത്തിലും ജയിച്ചുകയറിയാൽ ഇന്ത്യൻ വനിതാ ടീമിന് പരമ്പര സ്വന്തമാക്കാം.

മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യമൽസരം 88 റൺസിന് ഇന്ത്യ ജയിച്ചിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും സൂപ്പർ താരങ്ങൾ ഉജ്വല ഫോമിലാണെന്നത് ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നു. ലോകകപ്പ് ക്രിക്കറ്റിൽ ഫൈനൽ വരെയെത്തിയ മുന്നേറ്റം അപൂർവ പ്രതിഭാസമല്ലെന്നു തെളിയിക്കുന്നതായിരുന്നു ആദ്യ ഏകദിനത്തിലെ ഇന്ത്യൻ‌ വിജയം. ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയിട്ടും ഇന്ത്യൻ വനിതകൾ മികവിലൊട്ടും പിന്നോട്ടുപോയില്ല.

നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന് 213 റൺസെടുത്ത ഇന്ത്യ 43.2 ഓവറിൽ ദക്ഷിണാഫ്രിക്കയെ 125ന് പുറത്താക്കിയാണ് വിജയം പിടിച്ചെടുത്തത്. അർ‌ധ സെഞ്ചുറി നേടിയ സ്മൃതി മന്ഥയുടെയും ക്യാപ്റ്റൻ മിതാലി രാജിന്റെയും (45) കരുത്തിൽ 213 റൺസ് നേടിയ ഇന്ത്യ ബോളിങ്ങിലും ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു. നാലു വിക്കറ്റു വീഴ്ത്തിയ ജൂലൻ ഗോസ്വാമിയും മൂന്നു വിക്കറ്റെടുത്ത ശിഖ പാണ്ഡെയുമാണ് ഇന്ത്യൻ പന്താക്രമണം നയിച്ചത്.