Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാന ട്വന്റി20യില്‍ ഇന്ത്യൻ വനിതാ ടീമിന് ജയം; പരമ്പര

mithali-raj അർധ സെഞ്ചുറി നേടിയ മിതാലി രാജ്.ചിത്രം– ബിസിസിഐ ട്വിറ്റർ

കേപ്ടൗൺ ∙ ഇന്ത്യൻ വീരവനിതകൾക്കു മുൻപിൽ ചരിത്രം വീണ്ടും ബാറ്റുവച്ചു കീഴടങ്ങി. പുരുഷ ടീമുകളുടെ മിന്നും പ്രകടനത്തിനു കാത്തിരുന്ന ന്യൂലാന്‍ഡ്സിലെ ഗാലറികളെ അതിലുമേറെ മുന്‍പു ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ച ഇന്ത്യന്‍ വനിതാ ടീമിന് അവസാന ട്വന്റി20യില്‍ 54 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പര ‌ഇതോടെ ഇന്ത്യ 3–1നു സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ പരമ്പര വിജയമെന്ന ഇന്ത്യന്‍ സ്വപ്നം ഏകദിനത്തിലൂടെ നേരത്തേ യാഥാര്‍ഥ്യമാക്കിയ ടീം ഈ മണ്ണിൽ ‘ഇരട്ട പരമ്പര വിജയം’ നേടുന്ന ആദ്യ ടീമെന്ന റെക്കോർ‌ഡ് ഇന്നലെ സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ 20 ഓവറിൽ നാലിന് 166. ദക്ഷിണാഫ്രിക്ക 18 ഓവറിൽ 112ന് ഓൾ ഔട്ട്. അർധ സെഞ്ചുറിയുമായി (62) ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ച മിതാലി രാജ് കളിയിലും പരമ്പരയിലെയും മികച്ച താരമായി.

വെടിക്കെട്ടു ബാറ്റിങ്, ഉജ്വല ബോളിങ്, പറക്കും ക്യാച്ചുകൾ – ‌ട്വന്റി20 ക്രിക്കറ്റിന്റെ സർവ ആവേശവും ഇന്ത്യൻ വനിതകൾ കളത്തിൽ പുറത്തെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക മൽസര ചിത്രത്തിൽത്തന്നെ ഇല്ലാതായി. അ​ഞ്ചാം ഓവറിൽ ഓപ്പണർ സ്മൃതി മന്ഥനയെ (13) നഷ്ടപ്പെട്ടെങ്കിലും ജെമിയ റോഡ്രിഗസുമൊത്തു രണ്ടാം വിക്കറ്റിൽ‌ 98 റൺസ് നേടിയ മിതാലി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 50 പന്തുകളിൽ എട്ടു ഫോറുകളും മൂന്നു സിക്സറുകളുമടക്കം മിതാലി 62 റൺസെടുത്തപ്പോൾ ജെമിയ 34 പന്തുകളിൽ 44 റൺസ് നേടി. വാലറ്റത്തു തുടരെയുള്ള ഓവറുകളിൽ ഇരുവരും പുറത്തായെങ്കിലും നായിക ഹർമൻപ്രീത് കൗറിന്റെ (27) അതിവേഗ സ്കോറിങ് ഇന്ത്യയെ 166 എന്ന മികച്ച ടോട്ടലിലെത്തിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ഒരു ഘട്ടത്തിലും ചെറുത്തുനിൽപിന്റെ ലക്ഷണങ്ങൾ കാണിച്ചില്ല. മൂന്നു വിക്കറ്റുകൾ വീതം നേടിയ റുമേലി ദാർ, രാജേശ്വരി ഗെയ്ക്‌വാദ്, ശിഖ പാണ്ഡെ എന്നിവർ ആഞ്ഞടിച്ചതോടെ ക്രമമായ ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞു. 27 റൺസ് നേടിയ മാരിസൺ കാപ്പിനെ ബൗണ്ടറി ലൈനിലെ ഒരു പറക്കും ക്യാച്ചിലൂടെ ജെമിയ പുറത്താക്കി. ഏഴു ദക്ഷിണാഫ്രിക്കൻ താരങ്ങളാണ് ബാറ്റിങ്ങിൽ രണ്ടക്കം കാണാതെ കൂടാരം കയറിയത്.പരമ്പരയിലെ ആദ്യ ട്വന്റി20യിൽ ഏഴു വിക്കറ്റിനും രണ്ടാം മൽസരത്തിൽ ഒൻപതു വിക്കറ്റിനും ജയിച്ച ഇന്ത്യൻ‌ വനിതകൾ മൂന്നാം ട്വന്റി20യിൽ മാത്രമാണു പരാജയമറിഞ്ഞത്.