ആരാധകർ കാത്തിരിക്കുക; ഏകദിന ക്രിക്കറ്റിൽ പോരടിക്കാൻ ഇനി നേപ്പാളും

നേപ്പാൾ ക്രിക്കറ്റ് ടീം. (ട്വിറ്റർ ചിത്രം)

ഹരാരെ∙ നേപ്പാൾ ക്രിക്കറ്റ് ടീമിന് ഇനി ഏകദിന പദവി. സിംബാബ്‍വെയിലെ ഹരാരെയില്‍ നടക്കുന്ന ഐസിസി ലോകകപ്പ് ക്രിക്കറ്റ് യോഗ്യതാ മൽസരത്തിൽ പാപ്പുവ ന്യൂഗിനിയെ ആറുവിക്കറ്റിനു തോൽപ്പിച്ചതിനു പിന്നാലെയാണ് നേപ്പാളിന് ഏകദിന പദവി ലഭിച്ചത്. ഐസിസിയുടെ അസോസിയേറ്റ് മെമ്പർഷിപ്പ് 12 വർഷം മുൻപ് ലഭിച്ച ഇന്ത്യയുടെ കുഞ്ഞൻ അയൽക്കാരനു സ്വപ്ന തുല്യമാണ് ഈ നേട്ടം.

കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും ഫലമാണ് ഏകദിന പദവി നേട്ടമെന്നു നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പരസ് ഖഡ്ക പറയുന്നു. ഏകദിന ടീമെന്ന  വിലാസം നേടിയെങ്കിലും അടുത്ത വർഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ നേപ്പാളിനാകില്ല. എങ്കിലും കാത്തിരുന്നു ലഭിച്ച നേട്ടത്തെ ആഘോഷിക്കുകയാണ് ഇന്ത്യയുടെ പർവത മുകളിലെ അയൽക്കാർ.

യോഗ്യതാറൗണ്ടിലെ നാലു കളിയും തോറ്റ ന്യൂഗിനിയ്ക്കാകട്ടെ, ഏകദിന പദവി നഷ്ടമായപ്പോള്‍ നേപ്പാളിന് ആ പദവി സ്വന്തമാവുകയായിരുന്നു. മറ്റൊരു പ്ലേ ഓഫ് മത്സരത്തില്‍ ഹോളണ്ട് ഹോങ്കോങ്ങിനെ തോൽപ്പിച്ചതും നേപ്പാളിനു ഏകദിന പദവി നേടുന്നതിനു സഹായകമായി.

ഏകദിന 'ചരിത്രത്തിന്' തുടക്കം 2008ൽ

ഏകദിന ടീം അംഗത്വത്തിനായുള്ള യാത്ര 2008ലാണ് നേപ്പാൾ ആരംഭിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം  അഞ്ചാം ഡിവിഷൻ ക്രിക്കറ്റിൽ യുഎസ്എയെ പരാജയപ്പെടുത്തി. 2012ൽ ലോക ക്രിക്കറ്റ് ലീഗ് നാലാം ഡിവിഷനിൽ യുഎസിനെ തന്നെ വീണ്ടും തോൽപ്പിച്ച് മൂന്നാം ഡിവിഷനിലെത്തി. ഈ പരമ്പരയിൽ 21 വിക്കറ്റുകൾ സ്വന്തമാക്കി നേപ്പാൾ ബൗളര്‍ ബസന്ത റഗ്‌മി മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. 

2013ൽ മൂന്നാം ഡിവിഷനും നേപ്പാൾ കീഴടക്കി. ആദ്യ രണ്ടു മൽസരങ്ങൾ യുഎസിനോടും യുഗാണ്ടയോടും തോറ്റെങ്കിലും ബര്‍മുഡ, ഒമാൻ, ഇറ്റലി ടീമുകളെ തോൽപ്പിച്ച് ഫൈനലിലെത്തി. ഫൈനല്‍ പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിനു യുഗാണ്ടയെയും തോൽപ്പിച്ചു. ഇതോടെ 2014ലെ ലോകകപ്പ് യോഗ്യത മൽസരങ്ങളിലേക്ക് നേപ്പാളിനു പ്രവേശനം ലഭിച്ചു. 

2013ലാണ് നേപ്പാളിന് രാജ്യാന്തര ട്വന്റി20 ടീമെന്ന അംഗീകാരം ലഭിക്കുന്നത്. ലോക ട്വന്റി20 യോഗ്യതാ മൽസരങ്ങളിൽ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തെത്താനെ ടീമിനു സാധിച്ചുള്ളു. 2014ലെ ലോകകപ്പ് യോഗ്യത മൽസരങ്ങളില്‍ നാലു തോൽവികൾ ഏറ്റുവാങ്ങി നേപ്പാള്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി.  2014ൽ ബംഗ്ലദേശിൽ നടന്ന ട്വന്റി20 ലോകകപ്പിൽ സൂപ്പർ പത്തിൽ കടക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്ഥാനെയും ഹോങ്കോങ്ങിനെയും തോൽപ്പിച്ചെങ്കിലും ബംഗ്ലദേശിനോട് പരാജയപ്പെട്ടതാണ് ടീമിനു തിരിച്ചടിയായത്.

എന്നാൽ 2015ൽ രാജ്യാന്തര ട്വന്റി20 ടീമെന്ന സ്ഥാനം നേപ്പാളിനു നഷ്ടപ്പെട്ടു. തൊട്ടടുത്ത വർഷം നേപ്പാൾ ക്രിക്കറ്റ് അസോസിയേഷനെ ഐസിസി സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ മൽസരങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കു തടസമായിരുന്നില്ല.

സന്ദീപ് ലാമിച്ചനെ; ഐപിഎല്ലിലെ നേപ്പാളി താരോദയം

പണക്കൊഴുപ്പിന്റെയും താരത്തിളക്കത്തിന്റെയും വേദിയായ ഇന്ത്യന്‍ പ്രീമിയർ ലീഗിലേക്കു അവസരം ലഭിക്കുന്ന ആദ്യ നേപ്പാളി താരമാണ് സന്ദീപ് ലാമിച്ചനെ. ഈ സീസണിലെ ലേലത്തിന് 20 ലക്ഷം രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസാണ് സന്ദീപിനെ സ്വന്തമാക്കിയത്. 2016ൽ നേപ്പാള്‍ അണ്ടർ 19 ലോകകപ്പിന്റെ ക്വാർട്ടർ‌ വരെയെത്തിയപ്പോഴാണ് സന്ദീപും രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്നത്.

17 വയസുകാരനായ ലെഗ് സ്പിന്നർ അന്ന് അയർലൻഡ് ടീമിനെതിരെ ഹാട്രിക് സ്വന്തമാക്കിയിരുന്നു. ഈ ടൂര്‍ണമെന്റിൽ‌ 14 വിക്കറ്റുകള്‍ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരവുമായി ലാമിച്ചനെ. ഓസ്ട്രേലിയയില്‍ മൈക്കൽ‌ ക്ലാർക്കിന്റെ ക്രിക്കറ്റ് അക്കാദമിയിലാണ് ലാമിച്ചനെ പരിശീലിക്കുന്നത്.

ഏകദിന പദവിയിലേക്കുള്ള നേപ്പാളിന്റെ യാത്ര ഇങ്ങനെ:

∙ 1988 – നേപ്പാൾ ക്രിക്കറ്റ് അസോസിയേഷന് ഐസിസി അംഗീകാരം

∙ 1996 – ഐസിസി അസോസിയേറ്റ് അംഗം

∙ 2002 – എസിസി ട്രോഫി ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം

∙ 2004 – നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ ഫസ്റ്റ് ക്ലാസ് മൽസരം

∙ 2006 – ഐസിസി പ്രീമിയർ ലീഗ് കിരീടം