‌കൗണ്ടിയിൽ കളിക്കാൻ ശ്രീക്ക് അനുമതിയില്ല; അപ്പീലിൽ ഉടൻ തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി∙ ഈ സീസണിൽ ഇംഗ്ലിഷ് കൗണ്ടിയിൽ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മലയാളി താരം എസ്.ശ്രീശാന്തിന്റെ ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ അതേസമയം, ഐപിഎല്ലിൽ ഒത്തുകളി ആരോപിക്കപ്പെട്ടിരുന്ന ശ്രീശാന്ത് അടക്കമുള്ള ക്രിക്കറ്റർമാരെ കുറ്റവിമുക്തരാക്കിയുള്ള വിചാരണാ കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ജൂലൈയോടെ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. 

താൻ നാലുവർഷമായി ക്രിക്കറ്റിൽനിന്നു മാറ്റിനിർത്തപ്പെട്ടിരിക്കുകയാണെന്നും കേസിൽ വിചാരണാ കോടതി കുറ്റവിമുക്തനാക്കിയതിനാൽ ഇംഗ്ലിഷ് കൗണ്ടിയിൽ കളിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതിയിൽ ശ്രീശാന്തിന്റെ ഹർജി. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും എ.എൻ.ഖാൻവിർകറും അടങ്ങുന്ന ബെഞ്ചിന് ക്രിക്കറ്റ് കളിക്കാൻ ശ്രീശാന്തിനുള്ള ‘വ്യഗ്രത’ ബോധ്യപ്പെട്ടെങ്കിലും ഒത്തുകളി വിവാദത്തിൽപ്പെട്ട ക്രിക്കറ്റ് താരങ്ങളെ കുറ്റവിമുക്തരാക്കിയ വിചാരണാ കോടതിയുടെ വിധിക്കെതിരെ ഡൽഹി പൊലീസ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ വിധി പറയും വരെ കാത്തിരിക്കാനായിരുന്നു ബെഞ്ചിന്റെ തീരുമാനം. 

ശ്രീശാന്തിനൊപ്പം അജിത് ചന്ദേല, അങ്കിത് ചവാൻ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളെയും ഐപിഎല്ലിനിടെയുണ്ടായ ഒത്തുകളി വിവാദത്തെ തുടർന്ന് ഡൽഹി പൊലീസ് 2013ൽ അറസ്റ്റ് ചെയ്തിരുന്നു. 

ശ്രീശാന്തും ചന്ദേലയും ചവാനുമടക്കം കേസിൽ കുറ്റാരോപിതരായ 36 പേരെയും കുറ്റക്കാരല്ലെന്നു കണ്ട് പാട്ട്യാല ഹൈക്കോടതി ജൂലൈ 2015ൽ വിട്ടയച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഡൽഹി പൊലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ‌എന്നാൽ കോടതിവിധി വന്നതിനുശേഷവും താരങ്ങൾക്കുമേൽ ഏർപ്പെടുത്തിയ ക്രിക്കറ്റ് വിലക്ക് ബിസിസിഐ നീക്കിയിരുന്നില്ല. ബിസിസിഐയുടെ ആജീവനാന്ത വിലക്കു നേരിടുകയാണ് ശ്രീശാന്ത് ഇപ്പോൾ.