തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ടിൽ പരിശീലക കേന്ദ്രം

കൊച്ചി∙ കേരള ക്രിക്കറ്റിന്റെ തറവാട് മുറ്റം ഇനി മികവിന്റെ പരിശീലന കേന്ദ്രം. 1951ൽ ലോകത്താദ്യമായി പരിമിത ഓവർ ക്രിക്കറ്റ് മൽസരം സംഘടിപ്പിച്ച തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ടിൽ(പാലസ് ഓവൽ) നാഷണൽ ക്രിക്കറ്റ് അക്കാദമി മാതൃകയിൽ ഹൈ പെർമോൻസ് സെന്റർ സ്ഥാപിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. പൂജ ഗ്രൗണ്ടിൽ പരിമിത ഓവർ ക്രിക്കറ്റിനു തുടക്കം കുറിച്ച കെസിഎ സ്ഥാപക സെക്രട്ടറി കെ.വി.കേളപ്പൻ തമ്പുരാന്റെ പേരിലാവും സെന്റർ സ്ഥാപിക്കുക.

അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി ദിനമായ ഇന്ന് ഉച്ചക്ക് രണ്ടിന് സെന്ററിന്റെ പ്രവർത്തനങ്ങൾ കേരള ക്രിക്കറ്റിന്റെ കാരണവ സ്ഥാനത്തുള്ള മുൻതാരം രവിയച്ചൻ ഉദ്ഘാടനം ചെയ്യും.

തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ രാജ്യാന്തര നിലവാരമുള്ള പരിശീലന കേന്ദ്രമാണ് ഇവിടെ ഒരുക്കുന്നത്. വിഖ്യാത ഓസ്ട്രേലിയൻ പരിശീലകൻ ഡേവ് വാട്ട്‌മോറിന്റെ നേതൃത്വത്തിലുള്ള സെന്ററിൽ ടിനു യോഹന്നാൻ, കേരള വനിതാ ക്രിക്കറ്റ് ടീം കോച്ച് സുമൻ ശർമ, പി. ബാലചന്ദ്രൻ തുടങ്ങിയവരും പരിശീലകരായുണ്ടാവും.

നിലവിലുള്ള ഗ്രൗണ്ടും ഇൻഡോർ നെറ്റ്സും രാജ്യാന്തര നിലവാരത്തിൽ നവീകരിക്കും. ഫ്ലഡ്‌ലിറ്റ്, ഫിറ്റ്നസ് സെന്റർ, നീന്തൽകുളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. സ്റ്റേഡിയത്തിൽ അ‍ഞ്ച് പുത്തൻ വിക്കറ്റുകൾ തയ്യാറാക്കും. കളിക്കാർക്കൊപ്പം മികച്ച പരിശീലകരെ വാർത്തെടുക്കാനുള്ള കോച്ചിങ് ട്രെയിനിങ് സെന്ററുമുണ്ടാവും. 

സ്റ്റേഡിയം നവീകരണ ജോലികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും ജൂണിൽ സെന്ററിലേക്കുള്ള ആദ്യ ബാച്ചിനെ തിരഞ്ഞെടുക്കുമെന്നും കെസിഎ സെക്രട്ടറി ജയേഷ് ജോർജ് അറിയിച്ചു. 17 വയസിൽ താഴെയുള്ള 30-35 പേർക്കാവും സെന്ററിൽ പരിശീലനം നൽകുക. 

പരിശീലനത്തിനായുള്ള ആധുനിക മെഷീൻ സംവിധാനങ്ങൾ ഉൾപ്പടെ സജ്ജമാക്കും. വാട്മോറിന്റെ നേതൃത്വത്തിലാവും സിലക്‌ഷൻ. വർഷത്തിൽ മൂന്നു തവണ അദ്ദേഹം പരിശീലനത്തിനു മേൽനോട്ടം വഹിക്കും. 

സെന്റർ ഉദ്ഘാടനത്തെ തുടർന്ന് 'ലുക്കിങ്ങ് ബിയോണ്ട് 2020' എന്ന വിഷയത്തിൽ പ്രമുഖർ പങ്കെടുക്കുന്ന സിംപോസിയവും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ പാലസ് ഓവലിലെ കേളപ്പൻ തമ്പുരാൻ സെന്റിനറി പവിലിയൻ ഡേവ് വാട്ട് മോർ ഉദ്ഘാടനം ചെയ്യും.