വരുന്നു, ഇന്ത്യയും സ്പിന്നിനെ പേടിക്കേണ്ട കാലം!

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മൽസരത്തിൽ ഇന്ത്യയെ നയിക്കുന്ന അജിങ്ക്യ രഹാനെ.

നാട്ടിൽ ഒരു ടെസ്റ്റ് നടക്കുമ്പോൾ വരട്ടുപൊട്ടിയ, ആദ്യ സെഷൻ കഴിയുമ്പോഴേക്ക് പൊടി പറക്കുന്ന പിച്ചൊരുക്കുന്നതാണല്ലോ ഇന്ത്യയുടെ പതിവ്. സ്പിന്നിന്റെ കുരുക്കിട്ട് എതിരാളികളെ മുറുക്കിത്താഴെയിടും. മൂന്നുമൂന്നര ദിവസംകൊണ്ട് കളി ക്ലോസ്. കൊമ്പൻമാരായ ഓസ്ട്രേലിയയും വമ്പൻമാരായ ദക്ഷിണാഫ്രിക്കയും ജഗജില്ലികളായ ഇംഗ്ലണ്ടുമെല്ലാം സ്പിൻ കുഴിയിൽ തലയും കുത്തി വീഴും. ഇത്തവണ ടെസ്റ്റിന് ഒരുങ്ങുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. കൊലകൊല്ലികളൊന്നുമല്ല, ചരിത്രത്തിലെ ആദ്യ ടെസ്റ്റിന് ഒരുങ്ങുന്ന അഫ്ഗാനിസ്ഥാനാണ് സ്പിന്നർമാരെ കാണിച്ച് ഭീഷണിയുയർത്തുന്നത്.

ജൂൺ 14ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന് നഷ്ടപ്പെടാൻ ഒന്നുമില്ല. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, മുഹമ്മദ് നബി, സാഹിർ ഖാൻ, അമീർ ഹംസ... നിറയെ സ്പിന്നർമാരുള്ള ടീമിന് ഇന്ത്യ വരണ്ട പിച്ചാണ് ഒരുക്കുന്നതെങ്കിൽ പേടിക്കണം. ഇന്ത്യയുടെ ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് ത്രയത്തെക്കാൾ ഫോമിലാണ് അഫ്ഗാനികൾ.

ഐപിഎല്ലിൽ രണ്ടാം സീസണിലും മിന്നുംപ്രകടനമാണ് റാഷിദ് ഖാൻ കാഴ്ചവച്ചത്. റാഷിദിന്റെ ഗൂഗ്ലികൾ സൺറൈസേഴ്സിനെ ഏറെക്കുറെ ഒറ്റയ്ക്ക് ഫൈനലിലെത്തിക്കുകയായിരുന്നു. സ്പിന്നിനെ നന്നായി കളിക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാരായിരുന്നു ഇരകളിൽ ഏറെയെന്നത് ടീമിനു തലവേദനയാണ്. ഐപിഎൽ ഫോമിന്റെ തനിയാവർത്തനമാണ് റാഷിദ് ബംഗ്ലദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ പുറത്തെടുക്കുന്നത്. രണ്ടു കളിയിൽ നിന്ന് ആറു വിക്കറ്റ്. രണ്ടാം കളിയിൽ മാൻ ഓഫ് ദ് മാച്ചും ആയിരുന്നു. റാഷിദിനെ റീഡ് ചെയ്യാനാകാതെ ബാറ്റ്സ്മാൻമാർ കുഴങ്ങുകയാണ്. പരമ്പര അനായാസേന അഫ്ഗാനിസ്ഥാൻ പോക്കറ്റിലാക്കി.

ഐപിഎല്ലിൽ വിരാട് കോഹ്‌ലിയുടെ കുറ്റി പറത്തിയ മുജീബ് റഹ്മാൻ, മുഹമ്മദ് നബി എന്നീ ഓഫ്സ്പിന്നർമാരെയും ഭയക്കണം. മുജീബിന്റെ പന്തുകളും ബാറ്റ്സ്മാൻമാർ വളരെ അധ്വാനിച്ചാണ് കളിച്ചത്. തീർന്നില്ല, സാഹിർ ഖാൻ ചൈനമെൻ ബോളറാണ്, അമീർ ഹംസ ഇടതുകൈയ്യൻ സ്പിന്നറും. അഫ്ഗാനിസ്ഥാന്റെ കോച്ചായിരുന്ന മുൻ ഇന്ത്യൻ ഓപ്പണർ ലാൽചന്ദ് രാജ്പുത് സ്പിൻ ട്രാക് ഒരുക്കുന്നതിന് എതിരെ ഇന്ത്യയ്ക്കു മുന്നറിയിപ്പ് നൽകുന്നുണ്ട്.

അഫ്ഗാനിസ്ഥാന്റെ ദുർബല മേഖലയായ പേസിന് ഒരുങ്ങുന്ന പിച്ച് ഒരുക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ അവരെ പെട്ടന്ന് പിടിച്ചു കെട്ടാം. റാഷിദ് ഖാനെ നേരിടാൻ അദ്ദേഹത്തെ ആക്രമിക്കാൻ ഒരുങ്ങാതെ ഫ്രന്റ് ഫൂട്ടിൽ നേരിട്ട് സിംഗിളുകൾ നേടുകയാണ് എളുപ്പമാർഗമെന്നും രാജ്പുത് നിർദേശിക്കുന്നു.

എന്തായാലും ട്വൻറി 20 പോലെയല്ല ടെസ്റ്റ് മൽസരങ്ങൾ. നാലോവറിലെ രാജാക്കൻമാർക്ക് ദിവസം മുഴുവൻ പന്തെറിഞ്ഞ് ബാറ്റ്സ്മാൻമാരെ കബളിപ്പിക്കാനാകുമോയെന്നുള്ള ചോദ്യത്തിനുള്ള ഉത്തരംകൂടിയാകും ബെംഗളൂരു ടെസ്റ്റ്. ടെസ്റ്റിൽ ഡോട് ബോളിന്റെയോ റൺറേറ്റിന്റെയോ സമ്മർദമില്ലല്ലോ. കോഹ്‌ലിയില്ലാതെ ഇറങ്ങുന്ന ഇന്ത്യയ്ക്ക് പോന്ന ഇരകളാകുമോ അഫ്ഗാനികൾ എന്ന് അടുത്തയാഴ്ച അറിയാം.