ആരാധകര്‍ കണ്ണുരുട്ടി; ‘ഭോഗ്‌ലെ ബ്രോ’ (സോറി) സാാാാർ!

ഹർഷ ഭോഗ്‌ലെ, റാഷിദ് ഖാൻ

ഫോമിന്റെ ഉയരങ്ങളിലാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. സാക്ഷാൽ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വരെ സമ്മതിച്ചു കഴിഞ്ഞു, ഇദ്ദേഹമാണ് നിലവിലെ ഏറ്റവും മികച്ച ട്വന്റി20 ബോളറെന്ന്. ഐപിഎല്ലിലെ വന്‍ വിജയത്തിനു പിന്നാലെ ബംഗ്ലദേശ് പരമ്പരയിലും റാഷിദ് മികവു കാട്ടി. പരമ്പരയിലെ അവസാന മല്‍സരത്തില്‍ 20–ാം ഓവറില്‍ ഒന്‍പതു റണ്‍സ് പ്രതിരോധിച്ചാണ് റാഷിദ് കളി ജയിപ്പിച്ചത്.

കളി കണ്ട കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയ്ക്ക് അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ട്വിറ്ററിലെഴുതി – ‘റാഷിദ് ഖാന്റെ മികവ് ഏറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് അവസാന ഓവർ’ എന്ന്.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട റാഷിദ് മറുപടി നല്‍കി – ‘താങ്ക് യൂ ബ്രോ...’

പത്തൊൻപതു വയസ്സുകാരനായ റാഷിദ് 56 വയസ്സുള്ള ഹര്‍ഷ ഭോഗ്‌ലെയെ ബ്രോ എന്നു വിളിച്ചത് ആരാധകര്‍ക്കത്ര പിടിച്ചില്ല. എല്ലാവരും മല്‍സരിച്ചു ട്രോളി. ബഹുമാനം വേണമെന്നു വിളിച്ചുപറയുന്നവരായിരുന്നു ഏറെയും.

ഭോഗ്‌ലെയ്ക്കും കിട്ടി ചീത്തവിളി. ഇതോടെ റാഷിദിനെ ആശ്വസിപ്പിക്കാന്‍ വീണ്ടും ഭോഗ്‍ലെ വക ട്വീറ്റ്. ‘ബ്രോ എന്ന വിളിയില്‍ ഒരു കുഴപ്പവുമില്ല. തുടര്‍ന്നോളൂ. ബെംഗളൂരുവില്‍വച്ചു കാണാം’ – ഭോഗ്‍ലെ എഴുതി. ഉടനെയെത്തി റാഷിദിന്റെ മറുപടി. ഇത്തവണ പക്ഷേ, ‘താങ്ക് യൂ, സര്‍’ എന്നു തിരുത്തി. അതിനും രണ്ടു പക്ഷം പിടിക്കാന്‍ ആരാധകരുണ്ടായിരുന്നു. ഇതോടെ, ‘ബ്രോ വിളിക്കെന്താ കുഴപ്പം’ എന്നായി ചര്‍ച്ച.

14ന‌ു ബെംഗളൂരുവില്‍ നടക്കുന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനായി അഫ്ഗാനിസ്ഥാന്‍ ടീം എത്തിക്കഴിഞ്ഞു. കമന്ററിക്ക് ഭോഗ്‍‌ലെയും ഉണ്ടാകും. സ്പിന്നര്‍മാര്‍ നിറഞ്ഞ അഫ്ഗാന്‍ ടീമിനെ കുരുക്കാന്‍ ഇന്ത്യ പേസ് പിച്ച് ഒരുക്കുമോയെന്നാണ് കളിപ്രേമികള്‍ ഉറ്റുനോക്കുന്നത്. ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംമ്രയ്ക്കും വിശ്രമം നല്‍കിയതിനാല്‍ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവുമാകും ഇക്കുറി പട നയിക്കുക