ബട്‌ലറുടെ സെഞ്ചുറിക്കരുത്തിൽ ഏകദിന പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

സെഞ്ചുറി നേടിയ ശേഷം ജോസ് ബട്‌ലർ.

ലണ്ടൻ∙ ആവേശപ്പോരാട്ടത്തിനൊടുവിൽ അഞ്ചാം ഏകദിനത്തിൽ ഓസ്ട്രേലിയയെ ഒരുവിക്കറ്റിനു മറികടന്ന ഇംഗ്ലണ്ട് പരമ്പര 5–0നു സ്വന്തമാക്കി. വിജയലക്ഷ്യമായ 206 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനു 114 റൺസ് എടുക്കുന്നതിനിടെ എട്ടു വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ആറാമനായി ക്രീസിൽ എത്തിയ ജോസ് ബട്‌ലർ സെഞ്ചുറി നേട്ടത്തോടെ  ഇംഗ്ലണ്ടിനെ രക്ഷിച്ചു.

ബട്‌ലർ 110 റൺ‍സോടെ പുറത്താകാതെനിന്നു. ഒൻപതാം വിക്കറ്റിൽ ആദിൽ റഷീദുമൊത്ത് 81 റൺസിന്റെ കൂട്ടുകെട്ടാണ് ബട്‌ലർ പടുത്തുയർത്തിയത്. ഒൻപതു പന്തു ബാക്കിനിൽക്കെ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. ആദ്യ നാല് ഏകദിനങ്ങളിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ആദ്യമായാണ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ചു മൽസരങ്ങളുടെ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുന്നത്.