ട്വന്റി20യുടെ വിജയത്തുടർച്ച തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ഇന്ന്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പരിശീലനത്തിൽ.

ലണ്ടൻ ∙ ട്വന്റി 20 ക്രിക്കറ്റ് പരമ്പര വിജയത്തിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിനു കോഹ്‌ലിയും സംഘവും ഇന്നിറങ്ങും. പരമ്പരയിൽ മൂന്നു കളികളുണ്ട്. 2019 ലണ്ടൻ ലോകകപ്പിനുള്ള ഏറ്റവും നല്ല റിഹേഴ്സലായി വിലയിരുത്തപ്പെടുന്ന പരമ്പരയിൽ കരുത്തുകാട്ടി മടങ്ങാനാകും ഇന്ത്യയുടെ ശ്രമം. മറുവശത്ത് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 6–0നു സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ജാസൺ റോയ്, ജോ റൂട്ട്, ജോസ് ബട്‌ലർ, ഓയിൻ മോർഗൻ, അലക്സ് ഹെയിൽസ് എന്നിവരുടെ തകർപ്പൻ ബാറ്റിങ് ഫോമിന്റെ മികവിൽ ഏകദിനത്തിലെ ഒന്നാം റാങ്ക് സ്വന്തമാക്കിയ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ വീഴ്ത്തുക എന്നത് ഇന്ത്യയ്ക്ക് അത്ര എളുപ്പമാകില്ല.

ലോകകപ്പ് മുന്നിലുള്ളതിനാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മധ്യനിരയിൽ കാര്യമായ പരീക്ഷണങ്ങളുണ്ടാകുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പരമ്പരയ്ക്കു മുൻപുതന്നെ വ്യക്തമാക്കിയിരുന്നു. മധ്യനിരയ്ക്കു കരുത്തു പകരാൻ ട്വന്റി20 പരമ്പരയിൽ കോഹ്‌ലി നാലാം സ്ഥാനത്തു കളിച്ചത് ഇതിനു തെളിവാണ്. മൂന്നാം സ്ഥാനക്കാരനായി ടീമിലെത്തിയ കെ.എൽ.രാഹുൽ മികച്ച ഫോമിൽ കളിക്കുന്നതിനാൽ ഏകദിന പരമ്പരയിലും കോഹ്‌ലി നാലാമനായി ക്രീസിലെത്താനാണു സാധ്യത. കോ‌ഹ്‌ലിക്കൊപ്പം സുരേഷ് റെയ്നയും എം.എസ്.ധോണിയും ഹാർദിക് പാണ്ഡ്യയും ചേരുന്ന ഇന്ത്യൻ മധ്യനിരയെ തകർക്കാൻ ഇംഗ്ലിഷ് പേസർമാർക്ക് വിയർപ്പൊഴുക്കേണ്ടി വരും. 

പരുക്ക് പൂർണമായി ഭേദമായാൽ ഭുവനേശ്വർ കുമാർ ടീമിലേക്കു മടങ്ങിയെത്തും. ഉമേഷ് യാദവും, സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹാലും കുൽദീപ് യാദവും കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മൂന്നാം സീമറെ കളിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ സിദ്ധാർഥ് കൗളോ ഷാർദൂൽ ഠാക്കൂറോ ടീമിലെത്തും. 

പവർപ്ലേ ഓവറുകളിൽ പരമാവധി റൺസ് നേടാനാകും ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരുടെ ശ്രമം എന്നതിനാൽ ഭുവനേശ്വർ കുമാർ കളിച്ചില്ലെങ്കിൽ ഇന്ത്യയ്ക്കു തലവേദനയാകും. ചാഹലിന്റെയും കുൽദീപിന്റെയും പന്തുകളുടെ ഗതി നിർണയിക്കുന്നതിൽ വിജയിച്ച ജോസ് ബ‌ട്‌ലറെ തളയ്ക്കുന്നതിനാകും ഇന്ത്യ ഇന്നു മുൻഗണന നൽകുക. 2015 ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം കളിച്ച 69 കളികളിൽ 31 വട്ടമാണ് ഇംഗ്ലണ്ട് 300 റൺസിനുമേൽ നേടിയത്; 350 കടന്നതു 11 വട്ടവും. കഴിഞ്ഞ മാസം ഓസ്ട്രേലിയയ്ക്കെതിരെ ലോക റെക്കോർഡ് സ്കോറായ 481 റൺസ് നേടിയ ഇംഗ്ലണ്ടിനെ സ്പിൻ കെണിയിൽ വീഴ്ത്താനാകും ഇന്ത്യൻ തന്ത്രം.