റെയ്ന അകത്ത്, റായുഡു പുറത്ത്; ഇന്ത്യയെ തോൽപ്പിച്ചത് യോ യോ ടെസ്റ്റ്?

സുരേഷ് റെയ്ന, അമ്പാട്ടി റായിഡു

ലീഡ്സിലെ മൂന്നാം ഏകദിനം കണ്ടവർക്കെല്ലാം തോന്നിക്കാണും, ഇങ്ങനെ ഫീൽഡ് ചെയ്യാനാണോ ആളെപ്പേടിപ്പിക്കുന്ന യോ യോ ടെസ്റ്റ് നടത്തി കളിക്കാരെ തിരഞ്ഞെടുക്കുന്നതെന്ന്. ചോരുന്ന കൈകളുമായി കോളജ് നിലവാരത്തിലാണ് ഇംഗ്ലണ്ടിനെതിരായ നിർണായക മൽസരത്തിൽ ഇന്ത്യൻ താരങ്ങൾ ഫീൽഡ് ചെയ്യാനെത്തിയത്. ബൗണ്ടറിയെന്നുറപ്പിച്ച ഒട്ടേറെ ഷോട്ടുകൾ കൈപ്പിടിയിലൊതുക്കി ഇന്ത്യയെ ഞെരുക്കിയ ഇംഗ്ലിഷ് ഫീൽഡർമാർക്കു മുന്നിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ നാണിപ്പിക്കുന്ന പ്രകടനം.

സിംഗിൾ നൽകി ഒതുക്കേണ്ട ഒന്നിലേറെ അവസരങ്ങൾ ഫീൽഡർമാർ കൈവിട്ട് ബൗണ്ടറികളിലെത്തി. ഫീൽഡിൽ പടക്കുതിരകളാകാനാണ് ഓട്ടവും വേഗവുമെല്ലാം ഒത്തിണക്കിയ യോ യോ ടെസ്റ്റ് ഏർപ്പെടുത്തുന്നതെന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ന്യായം. ഈ ടെസ്റ്റെല്ലാം കഴിഞ്ഞിട്ട് ഇതാണ് ഗതി. 

യോ യോയുടെ നഷ്ടം

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായതിൽ യോ യോ കടുംപിടിത്തവും കാരണമെന്നു പറയാം. ഐപിഎല്ലിൽ മിന്നുന്ന ഫോമിൽ കളിച്ച അമ്പാട്ടി റായിഡു ഏകദിന ടീമിൽ ഇടം കണ്ടെത്തിയിരുന്നു. വിക്കറ്റിനിടയിലൂടെ പറക്കുന്ന റായിഡു ഫീൽഡിങ്ങിലും മികച്ചവനാണ്. നാളുകൾക്കുശേഷം ടീമിൽ സ്ഥാനമുറപ്പിക്കാൻ ലഭിച്ച മികച്ച അവസരമായിരുന്നു റായിഡുവിന്.

എന്നാൽ യോ യോ പരീക്ഷണം ക്ലിയർ ചെയ്യാനാകാതെപോയ ഈ ആന്ധ്രാപ്രദേശ് താരത്തെ ടീമിൽനിന്നു തഴഞ്ഞു. ആദ്യ ടീമിൽ ഇടമില്ലാതിരുന്ന സുരേഷ് റെയ്നയെയാണ് പകരം എടുത്തത്. റെയ്നയ്ക്കാണെങ്കിൽ തിളങ്ങാനുമായില്ല. ഏകദിന പരമ്പരയിലെ പ്രകടനം കാണുമ്പോൾ കരിയറിന്റെ അന്ത്യത്തിലാണോ താരം എന്നുപോലും സംശയിക്കേണ്ടിവരുന്നു.

ബാറ്റിങ്ങിൽ തീരേ ആത്മവിശ്വാസമില്ല. ഇന്നിങ്സിനു താളം കണ്ടെത്താനാകാതെ റെയ്നയും ധോണിയുമൊക്കെ കുഴയുമ്പോൾ ടീമിൽ റായിഡു ഉണ്ടായിരുന്നുവെങ്കിൽ എന്നു കൊതിക്കുന്ന ആരാധകർ ഏറെ.

ദൈന്യം കാർത്തിക്, കഷ്ടം രാഹുൽ

ടീം ഇലവൻ തിരഞ്ഞെടുക്കുന്നതിൽ കോഹ്‌ലിക്കും രവി ശാസ്ത്രിക്കും സംഭവിച്ച പാളിച്ചകളും ടൂർണമെന്റിൽ നിർണായകമായി. ശ്രീലങ്കയിൽ നടന്ന നിദാഹാസ് ട്രോഫി ഫൈനലിൽ ബംഗ്ലദേശിനെതിരെ അവസാന പന്തിൽ സിക്സർ നേടി ഇന്ത്യയെ ജയിപ്പിച്ച ദിനേഷ് കാർത്തിക്കിന് മൂന്നു ട്വന്റി20യിലും അവസരം നൽകിയില്ല. ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുത്തി. കളിപ്പിച്ചതാകട്ടെ നിർണായകമായ മൂന്നാം ഏകദിനത്തിലും.

നല്ല ഫോമിലുള്ളപ്പോൾ ഇങ്ങനെ പെരുമാറിയാൽ എങ്ങനെ കളിക്കാർക്ക് ആത്മവിശ്വാസമുണ്ടാകും. ഈ മൽസരത്തിലാകട്ടെ, 21 പന്തിൽ 21 റൺസെടുത്ത് മികച്ച ഫോമിൽ കളിക്കുകയായിരുന്ന കാർത്തിക് ദൗർഭാഗ്യകരമായാണ് പുറത്തായത്.

ഒരേയൊരു മൽസരത്തിൽ തിളങ്ങാതെ പോയതിനാണ് ലോകേഷ് രാഹുലിനെ മൂന്നാമത്തെ ഏകദിനത്തിൽ പുറത്തിരുത്തിയത്. ട്വന്റി20യിൽ സെഞ്ചുറി നേടിയ താരത്തെയിട്ട് ടീം പന്തു തട്ടുകയാണ്. യുവതാരങ്ങളെ പ്രോൽസാഹിപ്പിച്ചില്ലെങ്കിൽ എങ്ങനെ അവർ നിർഭയം കളിക്കും? ഏകദിന ലോകകപ്പ് ഒരു വർഷം അകലെ നിൽക്കെ ഇന്ത്യയ്ക്കു മുന്നിൽ വെല്ലുവിളികൾ ഏറുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇക്കാര്യം അടിവരയിടുന്നു.