സാഹയുടെ പരുക്ക്: ബോർഡിന്റെ വിശദീകരണത്തിലും പൊരുത്തക്കേട്

ന്യൂഡൽഹി∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ  ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഡോ. ലിയൊനാർഡ് ഫങ്ക് ശസ്ത്രക്രിയ നടത്തുമെന്ന് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു. പെരുവിരലിനേറ്റ പരുക്ക് ചികിത്സിക്കുന്നതിലുണ്ടായ പിഴവാണ് ഇപ്പോൾ തോളിൽ ശസ്ത്രക്രിയ അനിവാര്യമാക്കിയതെന്ന് ആരോപണമുണ്ട്. സാഹയുടെ പരുക്കു സംബന്ധിച്ച് ബിസിസിഐ ഇപ്പോൾ നൽകിയ വിശദീകരണവും വിവാദമാകുകയാണ്.

ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഇന്ത്യയുടെ ടീം മാനേജ്മെന്റുമായി കൂടിയാലോചിച്ച് സാഹയ്ക്കു നൽകിയ ചികിത്സയുടെ തുടർച്ചയാണ് ഇപ്പോഴത്തെ ശസ്ത്രക്രിയയെന്ന് ബിസിസിഐയുടെ പ്രസ്താവനയിൽ പറയുന്നു. സാഹയ്ക്ക് പേശിവലിവുമായി ബന്ധപ്പെട്ടുണ്ടായ വലതു തോൾവേദന കഴിഞ്ഞ ജനുവരി 29ന് ടീം മാനേജ്മെന്റ് എൻസിഎയെ അറിയിച്ചിരുന്നു. ഫെബ്രുവരിയിൽ എംആർഐ സ്കാനിൽ തോളിലെ നാഡീതന്തുക്കളിൽ പൊട്ടലും കണ്ടെത്തി. കുത്തിവയ്പും ആറാഴ്ചത്തെ വിശ്രമവും കഴിഞ്ഞ് മാർച്ച് 19ന് സാഹയ്ക്കു കളിക്കാൻ എൻസിഎ അനുമതി നൽകി.

ഐപിഎൽ മത്സരങ്ങൾക്കിടെ മേയ് ഏഴിന് സാഹയ്ക്ക് വീണ്ടും തോളിൽ പരുക്കേറ്റു. ഡൽഹിയിൽ വച്ച്   കുത്തിവയ്പ് നൽകി. അഞ്ച് ഐപിഎൽ മത്സരങ്ങളിൽ നിന്ന് സാഹ വിട്ടുനിന്നു. മേയ് 15ന് എൻസിഎയുടെ ഫിസിയോ ആശിഷ് കൗശിക്, സാഹയുടെ തോൾ പരിശോധിച്ചു. ജനുവരിയിലുണ്ടായതിനു സമാനമായ പരുക്കാണിതെന്ന് വിലയിരുത്തി. സൺറൈസേഴ്സിന്റെ ഫിസിയോയെ അറിയിച്ച് പരുക്കു ഭേദമാകാനുള്ള ചികിത്സയും വിശ്രമവും തുടരാൻ ആവശ്യപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു.

എന്നാൽ, മേയ് 25ലെ ഐപിഎൽ മത്സരത്തിൽ കളിക്കാൻ അനുമതി നൽകിയതെന്തിന് എന്നതിന് ഉത്തരമില്ല. വിരലിൽ പരുക്കേറ്റതായി വ്യക്തമായത് ജൂലൈ രണ്ടിലെ എക്സ്റേയിൽ ആണെന്ന് പ്രസ്താവനയിൽ പറയുന്നു. തോൾവേദന കലശലായത് ജൂലൈ മൂന്നിനും 13നും ഇടയിലെന്നും. കുത്തിവയ്പ് ഫലിക്കാത്തതുകൊണ്ടാണ് ശസ്ത്രക്രിയ അനിവാര്യമായതെന്നും ജൂലൈ ആറിന് മുംബൈയിലെ കോകിലബെൻ അംബാനി ആശുപത്രിയിലെ ഡോ. ദിൻഷ പാർഡിവാലയുടെ ചികിത്സ തേടിയതായും പ്രസ്താവനയിൽ പറയുന്നുണ്ട്. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ 18ന് പ്രഖ്യാപിച്ചപ്പോൾ സാഹ ടീമിലില്ലാത്തതിന്റെ കാരണം ബിസിസിഐ പറഞ്ഞിരുന്നില്ല. ചികിൽസയിലെ പാളിച്ച പുറത്താകാതിരിക്കാൻ ബിസിസിഐ മനഃപൂർവം വസ്തുതകൾ മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് വിശദീകരണത്തിലെ പൊരുത്തക്കേടുകൾ സൂചിപ്പിക്കുന്നത്.