ഇന്ത്യൻ പേസ് നിര ശക്തം: ഡാരൻ ഗഫ്

ബിർമിങ്ങം∙ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും ഇല്ലാത്തത് ആദ്യ ടെസ്റ്റിൽ ഇന്ത്യൻ പേസ് ബാറ്ററിയുടെ കരുത്ത് ചോർത്തുന്നില്ലെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ഡാരൻ ഗഫ്. ‘‘ഭുവനേശ്വറിന്റെ നഷ്ടം വലുതാണ്. ഏകദിന പരമ്പരകളിൽ ഭുവനേശ്വർ മികച്ച ഫോമിൽ ആയിരുന്നില്ല. പരുക്കു തന്നെ കാരണം. എന്നാൽ ഒരു ബോളറെ അമിതമായി ആശ്രയിക്കുന്ന ശീലം ഇന്ത്യക്കില്ല. പണ്ട് ഇന്ത്യ അങ്ങനെയായിരുന്നു. ഇപ്പോഴല്ല. ഏതു വിക്കറ്റിനും ചേർന്ന ശൈലിയിൽ കളിക്കാൻ ഇന്ത്യക്ക് കഴിയുന്നുണ്ട്. ഉമേഷ് യാദവിന് നല്ല പേസുണ്ട്. ഷമി വളരെ കരുത്തുള്ള ബോളറാണ്. ഇഷാന്തിന് പരിചയസമ്പത്തുണ്ട്. തളരാതെ കൂടുതൽ ഓവറുകൾ ബോൾ ചെയ്യാൻ ഇഷാന്തിനു കഴിയും. കുൽദീപ് കൂടി ചേരുന്നതോടെ മികച്ച ആക്രമണ നിരയായി. ഇപ്പോഴത്തെ ചൂടുകാറ്റും ചൂടും നിറഞ്ഞ അന്തരീക്ഷവും സ്പിന്നിന് കൂടുതൽ നല്ലതാണ്.

എന്നാൽ മഴ വീണ്ടും പെയ്തു തുടങ്ങിയത് അന്തരീക്ഷം പ്രവചനാതീതമാക്കി. ഇന്ത്യയുടെ ബാറ്റിങ് മുൻനിരയിൽ ആശയക്കുഴപ്പമുണ്ടെന്നും ഗഫ് പറഞ്ഞു. ശിഖർധവാനും ചേതേശ്വർ പൂജാരയും റൺസ് കണ്ടെത്താൻ വിഷമിക്കുന്നുണ്ട്. പൂജാരയേക്കാൾ കെ.എൽ.രാഹുലിനാണ് ഇപ്പോഴത്തെ അവസ്ഥയിൽ സാധ്യത. കോഹ്‍ലിക്കും വ്യക്തിപരമായി ഈ പരമ്പര നിർണായകമാണ്. ഏകദിനത്തിൽ മികവു തെളിയിച്ച കോഹ്‍ലി ടെസ്റ്റിൽ എങ്ങനെ മുന്നേറുന്നു എന്നത് ശ്രദ്ധേയമാണ്–ഗഫ് പറഞ്ഞു.