ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം

ധാംബുള്ള (ശ്രീലങ്ക) ∙ ബോളർമാരായ കാഗിസോ റബാദയും തബ്‌രീസ് ഷംസിയും തിളങ്ങിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുവിക്കറ്റിന്റെ വിജയം. റബാദയും ഷംസിയും നാലു വിക്കറ്റ് വീതമെടുത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 193 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 31 ഓവറിൽ വിജയം കണ്ടു. അഞ്ചു കളികളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് 1–0 ലീഡ്.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിൽ ക്വിന്റൻ ഡി കോക്കും ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലെസിയും ചേർന്ന് 86 റൺസെടുത്തു. ഇടം–വലംകൈ ബാറ്റ്സ്മാൻമാർ ശ്രീലങ്കൻ സ്പിന്നർമാരുടെ താളം തെറ്റിച്ചു. ഇരുവരും 47 റൺസ് വീതം നേടി. ശ്രീലങ്കൻ ഓഫ് സ്പിന്നർ അഖില ധനഞ്ജയ മൂന്നുവിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കൻ നിരയിൽ ചെറിയ അങ്കലാപ്പുണ്ടാക്കിയെങ്കിലും ജെ.പി.ഡുമിനി 32 പന്തിൽ നിന്ന് 53 റൺസെടുത്ത് വിജയം സുനിശ്ചിതമാക്കി. ശ്രീലങ്കയുടെ ബാറ്റിങ് 34.3 ഓവറിൽ അവസാനിച്ചു.

36 റൺസിന് അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി വിളറി നിന്ന ആതിഥേയരെ രക്ഷിച്ചത് 81 റൺസെടുത്ത കുശാൽപെരേരയുടെ ഇന്നിങ്സാണ്. 72 പന്തിൽ നിന്ന് ഏഴുഫോറും ഒരു സിക്സുമടക്കമാണ് കുശാലിന്റെ പ്രകടനം. തിസാര പെരേര 49 റൺസുമെടുത്തു. ഇരുവരും മികച്ച ഫോമിൽ നീങ്ങുമ്പോഴാണ് ഷംസി നിർണായക വിക്കറ്റെടുത്തത്.