സ്റ്റോക്സിന്റെ ക്യാച്ചെടുക്കാൻ അശ്വിന് ‘വഴിമാറിക്കൊടുത്ത്’ കുറൻ

ബെൻ സ്റ്റോക്സിന്റെ ഷോട്ട് വരുമ്പോൾ വഴിമാറിക്കൊടുക്കുന്ന കുറൻ.

ലണ്ടൻ∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് സഹതാരം ടോം കുറാനെതിരെ വിമർശനവുമായി മുൻ താരങ്ങൾ. അശ്വിന്റെ പന്തിൽ ബെൻ സ്റ്റോക്സ് തൊടുത്ത സ്ട്രൈറ്റ് ഷോട്ട് കയ്യിലൊതുക്കാൻ കുറാൻ വഴിമാറി കൊടുത്തതാണ് കാരണം.

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ 75–ാം ഓവറിലാണ് സംഭവം. സ്റ്റോക്സിന്റെ ബാറ്റിൽത്തട്ടി ഉയർന്ന കുറന്റെ നേരെയാണ് വന്നത്. അശ്വിന് അനായാസ ക്യാച്ചാകുമെന്ന് ഉറപ്പുള്ള പന്തിനു മുന്നിൽ ‘തടസ’മായി നിൽക്കുന്നതിന് പകരം ക്യാച്ചെടുക്കാൻ പാകത്തിൽ വഴിമാറിക്കൊടുത്തെന്നാണ് കുറാനെതിരായ ‘ആരോപണം’.

റൂട്ട് പുറത്തായതിനു പിന്നാലെ തുടർച്ചയായി രണ്ടു വിക്കറ്റുകൾകൂടി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായിരുന്നു സ്റ്റോക്സിന്റെ പുറത്താകൽ. 40 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 21 റൺസുമായി പ്രതിരോധക്കോട്ട കെട്ടാനുള്ള ശ്രമത്തിനിടെയാണ് അശ്വിന് മൽസരത്തിലെ മൂന്നാം വിക്കറ്റ് സമ്മാനിച്ച് സ്റ്റോക്സ് മടങ്ങിയത്.

പന്തു വരുന്നതു കാണുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് കുറന്റെ ഭാഗത്തുനിന്ന് ഉണ്ടായതെങ്കിലും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്നയാൾക്ക് കുറച്ചുകൂടി ശ്രദ്ധ വേണമെന്ന് മുൻ താരങ്ങളയ മാർക്കസ് നോർത്ത്, ഡീൻ ജോൺസ് തുടങ്ങിയവർ അഭിപ്രായപ്പട്ടു.

പന്തുവരുമ്പോൾ കുറൻ നിന്നിടത്തുതന്നെ നിലയുറപ്പിച്ചിരുന്നെങ്കിൽ അശ്വിന് ക്യാച്ചെടുക്കാൻ സാധിക്കുമായിരുന്നില്ലെന്ന് മുൻ ഓസീസ് താരം മാർക്കസ് നോർത്ത് ചൂണ്ടിക്കാട്ടി. അശ്വിന് ക്യാച്ചടുക്കാൻ പാകത്തിൽ കുറൻ വഴിമാറിക്കൊടുത്തുവെന്ന മാർക്കസ് നോർത്തിന്റെ നിരീക്ഷണം ശരിവച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്ക് ആതർട്ടനും ഓസീസ് താരം ഡീൻ ജോൺസനും രംഗത്തെത്തി.

അതേസമയം, സ്റ്റോക്സിന്റെ പുറത്താകൽ തടയാനായില്ലെങ്കിലും ആദ്യദിനം ഇന്ത്യൻ ബോളർമാരെ ഫലപ്രദമായി പ്രതിരോധിച്ചുനിന്ന കുറന്റെ മികവിലാണ് ആദ്യദിനം ഓൾഔട്ടാകുന്നതിൽനിന്ന് ഇംഗ്ലണ്ട് രക്ഷപ്പെട്ടത്. 67 പന്തിൽ മൂന്നു ബൗണ്ടറികളോടെ 24 റൺസെടുത്ത കുറന്റെ മികവിലാണ് ആദ്യദിനം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസിൽ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചത്.