ടീം ഇന്ത്യയും ആരാധകരും പറയുന്നു; അനുഗ്രഹിക്കൂ, ലോര്‍ഡ്‌സ്‌!

പരിശീലനത്തിനിടെ വിരാട് കോഹ്‌ലിയുമായി സംസാരിക്കുന്ന രവി ശാസ്ത്രി

ലോർഡ്സ് ∙ എജ്ബാസ്റ്റനിലെ 31 റൺസ് തോൽവി തൽക്കാലം മറക്കാം. വെല്ലുവിളികൾ ഏറ്റെടുത്തു മാത്രം ശീലമുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കു മുന്നിൽ ഇതാ അടുത്ത കടമ്പ. ലോഡ്സിൽ നാളെ തുടങ്ങുന്ന രണ്ടാം മൽസരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പരയിൽ ഒപ്പമെത്താനായാൽ കോഹ്‌ലിയെ കാത്തിരിക്കുന്നതു മറ്റൊരു തിളക്കമാർന്ന നേട്ടം.

ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു തലവേദന സമ്മാനിച്ചു ശീലമുള്ള ലോർഡ്സിൽ 1986ൽ കപിൽദേവും 2014ൽ എം.എസ്.ധോണിയും മാത്രമാണ് ഇന്ത്യയെ ടെസ്റ്റിൽ വിജയത്തിലെത്തിച്ച നായകന്മാർ. ആ നിരയിലേക്കു തന്റെ പേരുകൂടി ചേർക്കാനുറച്ചാകും നാളത്തെ മൽസരത്തിനു കോഹ്‌ലി പാഡ് കെട്ടുക. ആദ്യകളിയിലെ സെഞ്ചുറി നേട്ടത്തോടെ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ കോഹ്‌ലി ഒന്നാമതെത്തിയിരുന്നു.

ലോർഡ്സിൽ കളിച്ച 17 ടെസ്റ്റിൽ രണ്ടെണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ, പതിനൊന്നു കളികളിലാണു തോൽവി പിണഞ്ഞത്! നാലെണ്ണം സമനിലയിലുമായി. 

പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ ആദ്യകളിയിൽ എറിഞ്ഞിട്ട ഇംഗ്ലണ്ട് പേസർമാർക്കു ലോഡ്സിൽ ഉശിരു കൂടുമെന്നുറപ്പാണ്. മികച്ച ഫോമിൽ പന്തെറിയുന്ന ഇഷാന്ത് ശർമയുടെയും മുഹമ്മദ് ഷമിയുടെയും പന്തുകളിൽ പ്രതീക്ഷവച്ച്  ഇന്ത്യയും വിജയത്തിനു കോപ്പുകൂട്ടുമ്പോൾ ലോഡ്സിൽ ഉശിരൻ പോരാട്ടം പ്രതീക്ഷിക്കാം. 

ബാറ്റ്സ്മാൻമാരുടെ ഉറക്കം കെടുത്തുന്ന പേസ് വിക്കറ്റിലെ ഭാവനാശൂന്യമായ ബാറ്റിങ്, പരമ്പരയിലെ തോൽവിയിലേക്കാകും തള്ളിവിടുക എന്ന തിരിച്ചറിവോടെയാകും ഇന്ത്യ മൽസരത്തിനിറങ്ങുക. അഞ്ചു കളികളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1–0നു മുന്നിലാണ്.

ടീം മാറുമോ വീണ്ടും?

ഓരോ മൽസരത്തിനും ടീമിനെ മാറ്റി പരീക്ഷിക്കുന്ന വിരാട് കോഹ്‌ലിയുടെ തന്ത്രങ്ങൾ തിരിച്ചടിക്കുന്ന കാഴ്ചയാണ് എജ്ബാസ്റ്റനിൽ കണ്ടത്. വിദേശ പിച്ചുകളിൽ മോശം റെക്കോർഡുള്ള ചേതേശ്വർ പൂജാരയ്ക്കു പകരം മൂന്നാം നമ്പറിൽ പരീക്ഷിച്ച കെ.എൽ.രാഹുൽ രണ്ട് ഇന്നിങ്സിലും നിരാശപ്പെടുത്തി. 

ഓപ്പണറായി മികച്ച റെക്കോർഡുള്ള രാഹുലിനെ മൂന്നാമനായി ഇറക്കേണ്ടിവന്നതോടെ ഇന്ത്യൻ ബാറ്റിങ് ഓർഡറും താളംതെറ്റിയ അവസ്ഥയിലായി. വ‍ൃദ്ധിമാൻ സാഹയ്ക്കു പകരം ടീമിലെത്തിയ ദിനേശ് കാർത്തിക്കിനും തിളങ്ങാനായില്ല. ടീമിനെ അടിക്കടി മാറ്റി പരീക്ഷിക്കുന്ന കോഹ്‌ലിയുടെ രീതിക്കെതിരെ സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ള മുൻ ഇന്ത്യൻ താരങ്ങൾ വിമർശനമുയർത്തിയിരുന്നു. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ തള്ളവിരലിനു പരുക്കേറ്റ ജസ്പ്രീത് ബുമ്ര നാളെയും കളിക്കാൻ സാധ്യതയില്ല. 

ടീം മാറി ഇംഗ്ലണ്ട് 

ആദ്യകളിയിൽ തകർപ്പൻ ബോളിങ് പ്രകടനം നടത്തിയ ബെൻ സ്റ്റോക്സ് രണ്ടാം ടെസ്റ്റിനുണ്ടാകില്ല. അടിപിടിക്കേസുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാകേണ്ടതിനാലാണ് സ്റ്റോക്സിനു രണ്ടാം മൽസരം നഷ്ടമാകുക. 

ക്രിസ് വോക്സിനെ സ്റ്റോക്സിനു പകരക്കാരനായി ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ആദ്യമൽസരത്തിൽ നിരാശപ്പെടുത്തിയ ഡേവിഡ് മാലനെയും ഇംഗ്ലണ്ട് ഒഴിവാക്കിയിട്ടുണ്ട്.  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായി മികച്ച സ്കോറുകൾ കണ്ടെത്തുന്ന ഒലി പോപ്പാണു മാലനു പകരം ടീമിൽ ഇടംപിടിച്ചത്.