Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം ഹാട്രിക്, പിന്നാലെ 49 പന്തിൽ 121 റൺസ്; ‘ക്യാപ്റ്റൻ റസ്സലി’ന്റെ അരങ്ങേറ്റം കസറി – വിഡിയോ

Andre-Russel-ICC ആന്ദ്രെ റസ്സലിനെ അഭിനന്ദിച്ച് ഐസിസി ട്വീറ്റ് ചെയ്ത ചിത്രം.

പോർട്ട് ഓഫ് സ്പെയിൻ∙ കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) ക്യാപ്റ്റനായുള്ള അരങ്ങേറ്റ മൽസരത്തിൽ ആരാധകരെ കോരിത്തരിപ്പിച്ച് വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസൽ. സിപിഎൽ ടീമായ ജമൈക്ക ടല്ലാവാസിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിലാണ് ബാറ്റുകൊണ്ടും ബോളുകൊണ്ടും പുറത്തെടുത്ത ഒറ്റയാൾ പ്രകടനത്തിലൂടെ റസൽ ടീമിന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റു ചെയ്ത ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ ഹാട്രിക് സ്വന്തമാക്കിയ റസൽ, മറുപടി ബാറ്റിങ്ങിനിടെ കൂട്ടത്തകർച്ച നേരിട്ട ജമൈക്കയ്ക്കായി 49 പന്തിൽ 121 റൺസും നേടി. റസ്സലിന്റെ ഒറ്റയാൾ പോരാട്ടം ടീമിന് സമ്മാനിച്ചത് നാലു വിക്കറ്റ് വിജയം.

ടോസ് നേടിയ ജമൈക്ക ടല്ലാവാസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ അർധസെഞ്ചുറികളുമായി കളം നിറഞ്ഞ ന്യൂസീലൻഡ് താരങ്ങളായ കോളിൻ മൺറോ (42 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 61), ബ്രണ്ടൻ മക്കല്ലം (27 പന്തിൽ അഞ്ചു ബൗണ്ടറിയും നാലു സിക്സും സഹിതം 56 റൺസ്), ഓസീസ് താരം ക്രിസ് ലിൻ (27 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 46) എന്നിവരുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ്.

ഹാട്രിക് വീരൻ റസ്സൽ!

നൈറ്റ് റൈഡേഴ്സ് സ്കോർ 200 കടന്നതിനു പിന്നാലെയാണ് റസൽ ഹാട്രിക്കുമായി അവതരിച്ചത്. റസൽ അവസാന ഓവർ എറിയാനെത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന നിലയിലായിരുന്നു നൈറ്റ് റൈഡേഴ്സ്. സാക്ഷാൽ ബ്രണ്ടൻ മക്കല്ലം (25 പന്തിൽ 52), ഡാരൻ ബ്രാവോ (15 പന്തിൽ 29) എന്നിവർ ക്രീസിൽ. എങ്ങനെ പോയാലും നൈറ്റ് റൈഡേഴ്സ് 240 കടക്കുന്ന അവസ്ഥ. റസലിന്റെ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയ മക്കല്ലം, കരീബിയൻ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന ടീം സ്കോറിലേക്ക് നൈറ്റ് റൈഡേഴ്സിനെ കൈപിടിച്ചുയർത്തി.

എന്നാൽ, രണ്ടാം പന്തിൽ റസൽ വിശ്വരൂപം കാട്ടി. ഫുൾടോസായെത്തിയ പന്ത് അടിച്ചകറ്റാനുള്ള മക്കല്ലത്തിന്റെ ശ്രമം പാളി. പന്ത് നേരെ കീറൻ പവലിന്റെ കൈകളിലേക്ക്. 27 പന്തിൽ 56 റൺസുമായി മക്കല്ലം പുറത്തേക്ക്, അടുത്തത് ബ്രാവോയുടെ ഊഴം. റസലിന്റെ തകർപ്പൻ യോർക്കർ ബ്രാവോയുടെ കുറ്റി തെറുപ്പിക്കുമ്പോൾ 16 പന്തിൽ 29 റൺസായിരുന്നു ബ്രാവോയുടെ സമ്പാദ്യം. അടുത്തതായി ക്രീസിലെത്തിയ വിൻഡീസം താരം ദിനേഷ് രാംദിനെ മക്കാർത്തിയുടെ കൈകളിലെത്തിച്ച റസൽ ഹാട്രിക് പൂർത്തിയാക്കി.

അവസാന പന്തിൽ സിയർലെസ് സിക്സ് നേടിയെങ്കിലും അവസാന ഓവറിൽ റസൽ വിട്ടുകൊടുത്തത് 11 റൺസ് മാത്രം. നേടിയത് ഹാട്രിക് വിക്കറ്റും. മൽസരത്തിലാകെ മൂന്ന് ഓവർ ബോൾ ചെയ്ത റസൽ, 38 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. നൈറ്റ് റൈഡേഴ്സിന്റെ സ്കോർ 20 ഓവറിൽ ആറിന് 223 റൺസ്.

49 പന്തിൽ പുറത്താകാതെ 121 റൺസ്

224 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ജമൈക്കയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോർബോർഡിൽ ഏഴു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ഫിലിപ്സ് പുറത്ത്. മൂന്നു പന്തിൽ ആറു റൺസ് േനടിയ ഫിലിപ്സിനെ അലി ഖാൻ മടക്കി. ഇതേ സ്കോറിൽ ജമൈക്കയ്ക്ക് മക്കാർത്തിയേയും നഷടമായി. രണ്ടു പന്തു മാത്രം നേരിട്ട മക്കാർത്തി, അലി ഖാന് വിക്കറ്റ് സമ്മാനിച്ച് സംപൂജ്യനായി മടങ്ങി.

ടെയ്‌ലർ (മൂന്നു പന്തിൽ ഒന്ന്), പവൽ (ഏഴു പന്തിൽ ഒന്ന്) എന്നിവരും കാര്യമായ സംഭാവന കൂടാതെ മടങ്ങിയതോടെ ജമൈക്ക തോൽവിയിലേക്കെന്ന് കടുത്ത ആരാധകർ പോലും ഉറപ്പിച്ചു. ഈ സമയത്ത് നാലിന് 16 റൺസെന്ന നിലയിലായിരുന്നു ടീം. സ്കോർ 41ൽ എത്തിയപ്പോൾ ഓപ്പണർ ജോൺസൻ ചാൾസിന്റെ പ്രതിരോധം ഫവാദ് ആലം തകർത്തതോടെ ജമൈക്ക തോറ്റെന്നുതന്നെ ഉറപ്പിച്ചു.

എന്നാൽ, കെന്നാർ ലൂയിസിനൊപ്പം ക്യാപ്റ്റൻ ആന്ദ്രെ റസൽ ക്രീസിലെത്തിയതോടെ കളി കീഴ്മേൽ മറിഞ്ഞു. അനായാസം ബൗണ്ടറികളും അതിലേറെ അനായാസതയോടെ സിക്സുകളും കണ്ടെത്തിയ റസൽ പോരാട്ടം നൈറ്റ് റൈഡേഴ്സ് ക്യാംപിലേക്ക് നയിച്ചു. കെന്നാർ ലൂയിസും മോശമാക്കിയില്ല. ക്യാപ്റ്റന്റെ പ്രകടനത്തിൽ ആവേശം മൂത്ത് ലൂയിസും തകർത്തടിച്ചതോടെ തോൽവി ഉറപ്പാക്കിയ മൽസരത്തിൽ ജമൈക്ക തിരിച്ചെത്തി. ആറാം വിക്കറ്റിൽ ലൂയിസ്–റസ്സൽ സഖ്യം കൂട്ടിച്ചേർത്തത് 161 റൺസ്!

വെറും 40 പന്തിൽ റസൽ സെഞ്ചുറി കടന്നു. മൂന്നു ബൗണ്ടറിയും 12 സിക്സും ഉൾപ്പെടെയായിരുന്നു ഇത്. പിന്നാലെ കെന്നാർ ലൂയിസ് അർധസെഞ്ചുറിയിലെത്തി. 34 പന്തുകൾ നേരിട്ട ലൂയിസ് നാലു ബൗണ്ടറിയും രണ്ടു സിക്സും നേടി. 18–ാം ഓവറിൽ സ്കോർ 202ൽ നിൽക്കെ ലൂയിസ് മടങ്ങിയെങ്കിലും ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് റസ്സൽ ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. അപ്പോഴും ബാക്കിയായത് മൂന്നു പന്തുകൾ. റസ്സലിന്റെ സ്കോർ 49 പന്തിൽ പുറത്താകാതെ 121 റൺസ്! അതും ആറു ബൗണ്ടറിയും 13 പടുകൂറ്റൻ സിക്സുകളും സഹിതം. വാസിം ആറു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.