റാങ്കിങ്ങിൽ കോഹ്‌ലിയെ മറികടന്ന് വിലക്കിലുള്ള സ്മിത്ത്; തിളക്കത്തോടെ അശ്വിൻ

ദുബായ്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ബാറ്റിങ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാട്ടിയതിന്റെപേരിൽ ഈ വർഷമാദ്യം മുതൽ വിലക്കു നേരിടുന്ന മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് വീണ്ടും ഒന്നാംസ്ഥാനത്തേക്കെത്തിയത്. ലോർഡ്സിൽ ഇന്നിങ്സിനും 159 റൺസിനും ഇന്ത്യ തോറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 23 റൺസും രണ്ടാം ഇന്നിങ്സിൽ 17 റൺസും മാത്രമാണു കോഹ്‌ലി നേടിയത്. ഇതോടെ റാങ്കിങ് പോയിന്റിൽ ഇടിവു സംഭവിച്ചു. കളിക്കളത്തിലിറങ്ങാതെ തന്നെ സ്മിത്ത് ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. 

ഇന്ത്യയുടെ മിക്ക ബാറ്റ്സ്മാൻമാർക്കും റാങ്കിങ്ങിൽ തിരിച്ചടി നേരിട്ടപ്പോൾ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ മാത്രം വ്യത്യസ്തനായി. 29, 33 എന്നിങ്ങനെ റൺസ് കുറിച്ച അശ്വിൻ 67–ാം സ്ഥാനത്തുനിന്ന് 57–ാം സ്ഥാനത്ത് എത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ വെർണോൻ ഫിലാൻഡറെ മറികടന്ന് അശ്വിൻ മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ബോളർമാരിൽ 900 പോയിന്റ് മറികടന്ന് ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സൺ ചരിത്രം കുറിച്ചു. 38 വർഷത്തിനിടെ ഒരു ഇംഗ്ലിഷ് ബോളർ ആദ്യമായാണ് ഈ നേട്ടം പിന്നിടുന്നത്. രണ്ടാം സ്ഥാനത്തുള്ള കാഗിസോ റബാദയെക്കാൾ 21 പോയിന്റ് മുന്നിൽ.