ക്രിക്കറ്റ് ടീമിലെ കലാപം: സഞ്ജു ഉൾപ്പെടെ 13 കളിക്കാർക്ക് കാരണം കാണിക്കൽ നോട്ടിസ്

കേരള രഞ്ജി ടീം അംഗങ്ങൾ പരിശീലകൻ ഡേവ് വാട്മോറിനൊപ്പം.

കൊച്ചി ∙ കേരള ക്രിക്കറ്റ് ടീമിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ കലാപം ഉയർത്തിയ കളിക്കാർക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) കർശന നടപടിക്ക്. ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ടു കത്തെഴുതിയ 13 കളിക്കാർക്കും കെസിഎ വിശദീകരണം ആവശ്യപ്പെട്ടു നോട്ടിസ് നൽകി. മുൻ ക്യാപ്റ്റൻമാരായ സഞ്ജു സാംസൺ, രോഹൻ പ്രേം, റെയ്ഫി വിൻസന്റ് ഗോമസ്, മറ്റു കളിക്കാരായ വി.എ.ജഗദീഷ്, അഭിഷേക് മോഹൻ, കെ.സി.അക്ഷയ്, കെ.എം.ആസിഫ്, ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദീൻ, സന്ദീപ് വാരിയർ, എം.ഡി.നിധീഷ്, സൽമാൻ നിസാർ, സിജോമോൻ എന്നിവർക്കാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

ക്യാപ്റ്റനെതിരെ ഗൂഢാലോചന നടത്തി ടീമിൽ അന്തഛിദ്രം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും കേരള ക്രിക്കറ്റിന് മാനക്കേട് വരുത്തിയെന്നും നോട്ടിസിൽ ആരോപിക്കുന്നു. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. ഇതിനു പുറമേ ബെംഗളൂരുവിൽ കഴിഞ്ഞ മാസം നടന്ന കെഎസ് സിഎ ട്രോഫി ടൂർണമെന്റിനിടെ ടീം മാനേജ്മെന്റിനെ അറിയിക്കാതെ ഹോട്ടൽവിട്ടു രണ്ടു ദിവസം മംഗലാപുരത്തേക്കു പോയ സംഭവത്തിൽ സഞ്ജു സാംസൺ, മുഹമ്മദ് അസ്ഹറുദീൻ, സൽമാൻ നിസാർ, അക്ഷയ് ചന്ദ്രൻ എന്നിവർക്കു വേറെയും കാരണം കാണിക്കൽ നോട്ടിസ് നൽകി. കളിക്കാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നാണു കെസിഎ നിലപാട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെസിഎ ആസ്ഥാനത്ത് കളിക്കാരെ വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലുള്ള സഞ്ജു സാംസണും ജോലി സംബന്ധമായ ആവശ്യത്തിനു കേരളത്തിനു പുറത്തായ എം.ഡി.നിധീഷും ഒഴികെയുള്ള 14 കളിക്കാരും എത്തിയിരുന്നു.