ഇംഗ്ലണ്ടിനെ തകർത്തെറി​ഞ്ഞ് ബുംമ്ര; ടെൻബ്രിജ് ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്

അഞ്ചു വിക്കറ്റ് നേടിയ ഇന്ത്യൻ പേസ്ബോളർ ജസ്പ്രിത് ബുമ്രയെ അഭിനന്ദിക്കുന്ന സഹകളിക്കാർ.

നോട്ടിങ്ങം ∙ ആദ്യ രണ്ടു ടെസ്റ്റുകളിൽ പരാജയത്തിന്റെ കയ്പുനീർ കുടിച്ച ഇന്ത്യ ട്രെൻബ്രിജ് ടെസ്റ്റിൽ വിജയത്തിന് തൊട്ടരികെ. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം കളി നിര്‍ത്തുമ്പോൾ ഒൻപതിന് 311 എന്ന നിലയിലാണ് ആതിഥേയർ.  ഇനി അറിയേണ്ടത് ഒന്നു മാത്രം. അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ട് ഇന്നിങ്ങ്സിനു തിരശീല വിഴുന്നതെപ്പോൾ!  ഇംഗ്ലിഷ് മണ്ണിൽ ഇന്ത്യയുടെ ഏഴാം ടെസ്റ്റ് ജയത്തിന് ഒരു വിക്കറ്റ് കൂടി. 

സ്കോർ: ഇന്ത്യ –329, ഏഴിനു 352 ഡിക്ലയേഡ്. ഇംഗ്ലണ്ട്– 161, ഒൻപതിന് 311 . 

പേസ് ആക്രമണത്തിനു ചുക്കാൻ പിടിച്ച് അഞ്ചു വിക്കറ്റു നേടിയ ജസപ്രിത് ബുമ്രയാണ് ഇന്നലെ ഇന്ത്യയ്ക്കു വിജയവഴിയൊരുക്കിയ പ്രധാനി. ഇഷാന്ത് ശർമ (രണ്ട്), മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവരും വിക്കറ്റു നേടി. ആദിൽ റാഷിദ് (30), ആൻഡേഴ്സൺ (8) എന്നിവരാണു ക്രീസിലുള്ളത്. വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ടിനു മുന്നിൽ ശേഷിക്കുന്നത് 210 റൺസ്. 

അഞ്ചാം വിക്കറ്റിൽ ഇംഗ്ലണ്ടിനായി ജോസ് ബട്‌ലർ (106), ബെൻ സ്റ്റോക്സ് (62) എന്നിവർ നടത്തിയ പോരാട്ടം വിഫലമാകുന്ന കാഴ്ചയായിരുന്നു ഇന്നലത്തേത്. വിക്കറ്റു നഷ്ട‍പ്പെടാതെ 23 റൺസ് എന്ന നിലയിൽ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ ഓവറിൽത്തന്നെ പ്രഹരമേറ്റു. ഇഷാന്ത് ശർമയുടെ  ഷോട്ട് ലെങ്ത് ബോളിൽ ബാറ്റുവച്ച കീറ്റൻ ജെന്നിങ്ങ്സിനെ (13) വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് പിടികൂടി. മൂന്നാമനായി ക്രീസിലെത്തിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ ബുമ്രയും വിറപ്പിച്ചതോടെ ആദ്യ സെഷനിൽത്തന്നെ ഇന്ത്യ വിജയം മണത്തുതുടങ്ങി. അലയ്സ്റ്റർ കുക്കിന്റെ ആയുസും  നീണ്ടില്ല. ഇഷാന്തിന്റെ  ഔട്ട് സ്വിങ്ങറിൽ ബാറ്റുവച്ച കുക്ക് രണ്ടാം സ്ലിപ്പിൽ കെ.എൽ. രാഹുലിനു ക്യാച്ച് നൽകി മടങ്ങി. 

പിന്നീടിറങ്ങിയ ഓലി പോപ്പ് നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറിയടിച്ചാണു തുടങ്ങിയത്. ബുമ്രയുടെയും ഇഷാന്തിന്റെയും പന്തുകൾ റൂട്ട്– പോപ്പ് സഖ്യത്തെ നിരന്തരം കീഴ്പ്പെടുത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഇതിനിടെ ബുമ്ര റൂട്ടിനെയും വീഴ്ത്തി.    

ആദ്യ സെഷനിൽത്തന്നെ നാലു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് തോൽവി ഉറപ്പിച്ചിടത്തു നിന്നാണ് ബെൻ സ്റ്റോക്സ്– ജോസ് ബട്‌ലർ സഖ്യം രക്ഷാപ്രവർത്തനം തുടങ്ങുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന ഇരുവരും മികച്ച ഒത്തിണക്കമാണു പ്രകടമാക്കിയത്. സ്കോറിങ് വേഗം കുറച്ച് ക്രീസിൽ ഉറച്ചു നിൽക്കാനായിരുന്നു സ്റ്റോക്സിന്റെ ശ്രമം. ബട്‌ലർ സെഞ്ചുറി തികച്ചതോടെ ഇംഗ്ലണ്ടിനു വിജയം അപ്രാപ്യമല്ല എന്ന നിലയിൽവരെ കാര്യങ്ങളെത്തിയതാണ്. എന്നാൽ, പുതിയ പന്തെടുത്തതോടെ ബട്‌ലറെ ബുമ്രയും സ്റ്റോക്സിനെ ഹാർദിക് പാണ്ഡ്യയും പുറത്താക്കി കളി ഇന്ത്യയുടെ വരുതിയിലാക്കി.