വിജയിൽ തുടങ്ങി പരാജയം; ടീം ഇന്ത്യയ്ക്ക് ഓപ്പണർമാർ ബാധ്യതയാകുമ്പോൾ

ലോകേഷ് രാഹുൽ, ശിഖർ ധവാൻ

വിദേശ പര്യടനം എന്നാൽ ഇന്ത്യയ്ക്ക് ഏഷ്യൻ ഉപഭൂഖണ്ഡത്തിനു പുറത്തുള്ള പിച്ചുകളിലെ അധ്വാനമാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്... പേസ് ബോളിങ്ങിന്റെ ഈ പറുദീസകളിൽ നടന്ന ടെസ്റ്റ് മൽസരങ്ങളിൽ ഇന്ത്യ അവസാനമായി 100 റൺസിന്റെ ഓപ്പണിങ് സഖ്യം തീർത്തത് 2010ൽ! പരാജയത്തിന്റെ വേരു തേടി വേറെയെവിടെയും പോകേണ്ട. സെഞ്ചൂറിയനിൽ സേവാഗ് - ഗംഭീർ സംഖ്യം 137 ചേർക്കുമ്പോൾ അവരറിഞ്ഞോ ഇത് പിന്നീട് കിട്ടാക്കനിയാകുമെന്ന്. 2011നുശേഷം ആകെ ആറ് അർധസെഞ്ച്വറി കൂട്ടുകെട്ടുകളാണ് ഓപ്പണിങ്ങിൽ വിദേശത്ത് പിറന്നത്.

പേസ് പിച്ചുകളിൽ ടെസ്റ്റ് മൽസരം കളിക്കുമ്പോൾ ഓപ്പണറുടെ ഉത്തരവാദിത്തം ഏറെയാണ്. പുതിയ പന്തു നേരിടുമ്പോൾ അപടകരമായവ ഒഴിവാക്കി നിലയുറപ്പിച്ച ശേഷം മാത്രം സ്കോറിങ് ഷോട്ടുകൾക്കു മുതിരുക എന്നതടക്കമുള്ള അടിസ്ഥാന ശിലകളിൽ കാലുറപ്പിക്കാതെയാണ് ഇന്ത്യൻ ഓപ്പണർമാർ തെന്നി വീഴുന്നത്. 2011 മുതലുള്ള വിദേശ പര്യടനങ്ങൾ എടുത്താൽ ഇന്ത്യൻ ജോടികൾ ശരാശരി അതിജീവിച്ചത് 40 ബോളുകൾ മാത്രമാണ്. അതായത് ഏഴോവറിനടുത്ത് മാത്രം.

പന്തു പാഴാക്കാനോ തിളക്കം നഷ്ടപ്പെടുത്താനോ കഴിയാതെ ഇവർ കൂടാരം കയറുന്നു. മധ്യനിര ന്യൂബോളിന്റെ ചൂട് ഏറ്റുവാങ്ങേണ്ടി വരുന്നത് കൂട്ടത്തകർച്ചയിലേക്കും നയിക്കുന്നു. ആദ്യ വിക്കറ്റിൽ ഇന്ത്യ 2011നു ശേഷം കൂട്ടിച്ചേർത്ത റൺസ് ശരാശരി 26.1 ആണ്. പിന്നിൽ 24.12 റൺസ് ശരാശരിയുമായി പാക്കിസ്ഥാൻ മാത്രമേയുള്ളൂ. ഇന്ത്യ ടെസ്റ്റിൽ ഒന്നാം റാങ്കുകാരാണെന്നതും ഓർക്കണം.

സേവാഗ്, ഗംഭീർ, രാഹുൽ ദ്രാവിഡ് എന്നിവരടക്കം എട്ടുപേരെയാണ് 2011നുശേഷം ഇന്ത്യ ഓപ്പൺ ചെയ്യാൻ വിട്ടത്. അഭിനവ് മുകുന്ദിനു വരെ കിട്ടി രണ്ടു ടെസ്റ്റ്. പരീക്ഷിച്ചവരിൽ 35 റൺസിനു മുകളിൽ ശരാശരി ദ്രാവിഡിനു മാത്രമേയുള്ളൂ. മുരളി വിജയും ശിഖർ ധവാനും കെ.എൽ രാഹുലുമെല്ലാം മികച്ച സ്‌കോറുകൾ കണ്ടെത്തിയിട്ടുണ്ട്, പക്ഷേ അതൊന്നും വിദേശത്തായിരുന്നില്ലെന്നു മാത്രം.

വിജയിൽ തുടങ്ങുന്നു പരാജയം

ടെസ്റ്റ് ക്രിക്കറ്റിനോടുള്ള സമീപനവും രീതികളും പരിഗണിക്കുമ്പോൾ മുരളി വിജയിനായിരുന്നു ഓപ്പണർ സ്ഥാനത്തേക്ക് ആദ്യ പരിഗണന. ആദ്യ ടെസ്റ്റിൽ ചേതേശ്വർ പൂജാരയെ പുറത്തിരുത്തിയപ്പോഴും വിജയുടെ സ്ഥാനം ഇളകാതിരുന്നതും അതുകൊണ്ട്. അനാവശ്യ ഷോട്ടുകൾ ഉതിർക്കാതെ ക്ഷമയോടെ ക്രീസിൽ ഉറച്ചു നിന്നിരുന്ന വിജയ്, ഇത്തവണ ക്ഷമയേതും കാണിച്ചില്ല.

കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയുമായി മാന്യമായ പ്രകടനമായിരുന്നു വിജയിന്റേത്. എന്നാൽ, കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ഈ ഇംഗ്ലിഷ് പരമ്പരയിലും അമ്പേ പരാജയമായി. താരത്തെ നാട്ടിലേക്കു തിരിച്ചയച്ചു കഴിഞ്ഞു.

ഫോമിലേക്കെത്തിക്കഴിഞ്ഞാൽ ലോകേഷ് രാഹുലിന്റെ കളി കാണേണ്ട കാഴ്ചയാണ്. ഇന്ത്യൻ പിച്ചുകളിൽ ആ തേരോട്ടം എത്ര കണ്ടു കഴിഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിലെ കണ്ടെത്തലാണ് രാഹുൽ. സിഡ്‌നിയിൽ നേടിയ ആ മനോഹര സെഞ്ചുറി വമ്പൻ താരത്തിന്റെ വരവറിയിക്കുന്നതായിരുന്നു.

സ്‌ലിപ്പിലെ ക്യാച്ചിങ്ങിൽ മെച്ചപ്പെട്ടു എന്നല്ലാതെ ഓപ്പണർ എന്ന നിലയിൽ ടീമിനു ബാധ്യതയാകുകയാണ് രാഹുൽ. തന്നെപ്പോലെ തന്നെ ദുഃഖിതനായ ശിഖർ ധവാൻ പുറത്തേക്കുള്ള വഴി നോക്കി നിൽക്കുന്നതുകൊണ്ട് ഒരുപക്ഷേ അവസാന ടെസ്റ്റിലും രാഹുൽ കളിച്ചേക്കും.

ഒട്ടേറെ പ്രതിഭകൾ ഇന്ത്യൻ ക്രിക്കറ്റിന്റെ വാതിലിൽ മുട്ടിനിൽക്കുമ്പോഴാണ് ഒരുപാട് അവസരങ്ങൾ ടീം ശിഖർ ധവാനു വച്ചുനീട്ടുന്നത്. ഇത്രയേറെ അവസരം കിട്ടിയിട്ടും ഒന്നും തെളിയിക്കാൻ ധവാനു കഴിയുന്നില്ല. ഓഫ്‌സൈഡ് പന്തുകളിൽ ബാറ്റുവച്ചു പതിവു കീഴടങ്ങൽ തന്നെ. ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്ത സ്ഥിതിക്ക് ധവാനെ മാറ്റി പൃഥ്വി ഷായ്ക്ക് ഇന്ത്യ അവസരം നൽകുമോയെന്നാണ് അഞ്ചാം ടെസ്റ്റ് ഉറ്റുനോക്കുന്നത്.