വിവരാവകാശ നിയമപരിധി: ബിസിസിഐ കോടതിയിലേക്ക്

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമ പരിധിയിൽ കൊണ്ടുവന്ന കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) ഉത്തരവിനെതിരെ ഭാരവാഹികൾ കോടതിയിലേക്ക്. സർക്കാർ സഹായം വാങ്ങാത്ത സ്വയംഭരണ സ്ഥാപനമെന്നു ന്യായീകരിച്ച് ഇതുവരെ വിവരാവകാശ നിയമത്തെ പ്രതിരോധിച്ച ബിസിസിഐ ഈ ഉത്തരവോടെ ഫലത്തിൽ ദേശീയ കായിക ഫെഡറേഷനുകളിലൊന്നായി മാറി. ഇതിനു കാരണക്കാർ ബിസിസിഐക്ക് നിയമപരമായി ന്യായീകരിക്കാൻ അവസരം നൽകാതെ മനഃപൂർവം ഉപേക്ഷ കാണിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) ആണെന്ന് ഒരു മുതിർന്ന ഭാരവാഹി ആരോപിച്ചു.

ഇനിയിപ്പോൾ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോധ സമിതി ശുപാർശയെ തുടർന്നു സുപ്രീം കോടതി നിയോഗിച്ചതാണ് വിനോദ് റായി അധ്യക്ഷനും ഡയാന എഡുൽജിയും രാമചന്ദ്ര ഗുഹയും അംഗങ്ങളുമായ സിഒഎ. രാമചന്ദ്ര ഗുഹ പിന്നീട് സമിതിയിൽ നിന്ന് രാജിവച്ചു. സുപ്രീം കോടതിയുടെ ഉത്തരവുകൾ ദുരുപയോഗം ചെയ്യുന്ന സിഒഎ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് വിവരാവകാശ നിയമം എന്ന ഭാരം ബിസിസിഐയുടെ കഴുത്തിൽ കെട്ടിവയ്ക്കുകയാണ് സിഐസി ചെയ്തതെന്ന് മറ്റൊരു ഭാരവാഹി ആരോപിച്ചു.

സിഒഎ തലവൻ വിനോദ് റായി പ്രതികരിച്ചിട്ടില്ല. സിഐസി ഉത്തരവ് നിയമവിദഗ്ധർ പഠിക്കുകയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സിഒഎയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.