ബോട്സ്വാന ക്രിക്കറ്റ് ടീമിൽ മലയാളി വിനു പ്രഭാകർ

വിനു പ്രഭാകർ

തൃശൂർ∙  ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ മണ്ണുത്തി മുക്കാട്ടുകര ചെറുവാരവീട്ടിൽ വിനു പ്രഭാകർ  ഇടം നേടി. ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ആഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന യോഗ്യതാ മൽസരത്തിൽ 28നു ബോട്സ്വാനയ്ക്കുവേണ്ടി വിനുപ്രഭാകർ ബാറ്റേന്തും.

ചെറുവാര പരേതനയായ ബാലകൃഷ്ണന്റെയും വിജയലക്ഷ്മിയുടേയും മകനാണു വിനു. കോളജിൽ പഠിക്കുമ്പോഴാണു ക്രിക്കറ്റ് ഗൗരവമായി കളിച്ചു തുടങ്ങിയത്. തൃശൂർ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകൻ കെ. വിശ്വംഭരൻ വിനുവിൽ മികച്ചൊരു ഓൾറൗണ്ടർ ഉണ്ടെന്നു തിരിച്ചറിഞ്ഞു.  ജില്ലാ ക്രിക്കറ്റ് അക്കാദമി താരമായി പരിശീലനം തുടർന്ന വിനുവിനു ബോട്സ്വാനയിൽ ചോപ്പീസ് എന്ന കമ്പനിയിൽ ജോലി ലഭിച്ചു. അവിടെ ചോപ്പീസ് ക്രിക്കറ്റ് ക്ലബിൽ കളിച്ചുതുടങ്ങിയതാണു  വിനുവിന്റെ ക്രിക്കറ്റ് ഭാഗ്യം തെളിഞ്ഞത്.