ജെന്നിങ്സിനു സെഞ്ചുറി; ഇംഗ്ലണ്ട് വിജയവഴിയിൽ

ജെന്നിങ്സിന്റെ ബാറ്റിങ്

ഗോൾ (ശ്രീലങ്ക) ∙ രംഗന ഹെറാത്തിന്റെ വിടവാങ്ങൽ ടെസ്റ്റിൽ ശ്രീലങ്ക പരാജയനിഴലിൽ. ഇംഗ്ലണ്ടിനെതിരായ മൂന്നു ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 462 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ശ്രീലങ്ക മൂന്നാം ദിവസം കളിനിർത്തുമ്പോൾ 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസെടുത്തു. 139 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുണ്ടായിരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ആറിന് 332ൽ ഡിക്ലയർ ചെയ്തു. ഓപ്പണർ കീറ്റൻ ജെന്നിങ്സ് പുറത്താകാതെ 146 റൺസ് നേടി.   

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 38 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇംഗ്ലണ്ട് 74ന് മൂന്ന് എന്ന് പതറിയതായിരുന്നു. നാലാം വിക്കറ്റിന് ജെന്നിങ്സും ബെൻ സ്റ്റോക്സും(62) ചേർന്ന് 107 റൺസ് കൂട്ടിച്ചേർത്ത് ഇന്നിങ്സിനു കരുത്തേകി. സ്വീപ് ഷോട്ടുകൾ ഫലപ്രദമായി ഉപയോഗിച്ച് സ്പിന്നർമാരെ വലച്ച ജെന്നിങ്സ് രണ്ടു വർഷത്തിനുശേഷം തന്റെ രണ്ടാം സെഞ്ചുറി കണ്ടെത്തി. ജെന്നിങ്സിന്റെ കരിയറിലെ ഉയർന്ന സ്കോറാണിത്. ജോസ് ബട്‍ലർ(35), ബെൻ ഫോക്സ്(37) എന്നിവരും ജെന്നിങ്സിനു മികച്ച പിന്തുണയേകി. അവസാന ടെസ്റ്റ് കളിക്കുന്ന രംഗന ഹെറാത്തിന് തന്റെ ഇഷ്‌ട വേദിയിൽ കാര്യമായി തിളങ്ങാനായില്ല. രണ്ട് ഇന്നിങ്സിലുമായി മൂന്നു വിക്കറ്റേ നേടാനായുള്ളു. 1999ൽ ഇതേ വേദിയിലാണ് ഹെറാത്ത് ആദ്യ ടെസ്റ്റ് കളിച്ചത്.