വീണിട്ടും വീഴാതെ തമിഴ്നാട്; കേരളത്തിനെതിരെ ഒന്നാം ദിനം 249/6

കേരളാ താരം ബേസിൽ തമ്പി മൽസരത്തിനിടെ

ചെന്നൈ∙കേരളത്തിന്റെ പേസ് ആക്രമണത്തിൽ ഉലഞ്ഞ തമിഴ്നാടിനെ ക്യാപ്റ്റൻ ഇന്ദ്രജിതും(87) അരങ്ങേറ്റക്കാരൻ ഷാറൂഖ് ഖാനും(82) ചേർന്നു കരയ്ക്കടുപ്പിച്ചു. രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബി മൽസരത്തിലെ നിർണായക മൽസരത്തിന്റെ ഒന്നാം ദിനം കേരളത്തിനെതിരെ തമിഴ്നാടിനു  ഭേദപ്പെട്ട സ്കോർ (249/6). 

ഷാരൂഖ് ഖാനൊപ്പം മുഹമ്മദ് (25) ആണു ക്രീസിൽ. കേരളത്തിനായി സന്ദീപ് വാരിയർ മൂന്നും, ബേസിൽ തമ്പി രണ്ടു വിക്കറ്റും നേടി. 

തുടക്കത്തിൽത്തന്നെ അഭിനവ് മുകുന്ദിനെയും ബി. അപരാജിനെയും മടക്കി സന്ദീപ് കേരളത്തിനു മികച്ച തുടക്കം നൽകി. ഓപ്പണർ കൗശിക് ഗാന്ധി (19), ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷമെത്തിയ ഇന്ത്യൻ താരം ദിനേശ് കാർത്തിക്(4) എന്നിവരും പെട്ടെന്നു മടങ്ങിയതോടെ കളി കേരളത്തിന്റെ വരുതിയിലാണെന്നു തോന്നിച്ചു. ദിനേശ് കാർത്തികിനെ പുറത്താക്കാൻ കെ.ബിഅരുൺ കാർത്തിക്കെടുത്ത ക്യാച്ച് മനോഹരമായിരുന്നു.

∙ ക്യാപ്റ്റൻ ഇന്ദ്രജിത് നങ്കൂരമിട്ട രണ്ടു കൂട്ടുകെട്ടുകളാണു തമിഴ്നാടിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റിൽ ജഗദീഷിനൊപ്പം (21) 50 റൺസ്.  ആറാം വിക്കറ്റിൽ ഷാറൂഖ് ഖാനൊപ്പം 103.