കുരങ്ങു’ വിവാദം: മാപ്പുപറഞ്ഞപ്പോൾ ഹർഭജൻ വിതുമ്പി: സൈമണ്ട്സ്

ആൻഡ്രൂ സൈമണ്ട്സ്

പെർത്ത്∙ കുപ്രസിദ്ധ ‘കുരങ്ങു’ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ ഓസീസ് താരം ആൻഡ്രൂ സൈമണ്ട്സ്. 2008ലെ ഇന്ത്യ– ഓസീസ് സിഡ്നി ടെസ്റ്റിനിടെ സെമണ്ട്സിനെ ഹർഭജൻ സിങ് കുരങ്ങനെന്നു വിളിച്ചെന്ന ആരോപണം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. എന്നാൽ സംഭവം നടന്നു 3 വർഷത്തിനുശേഷം മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ ഒന്നിച്ചു കളിക്കുന്നതിനിടെ ഹർഭജൻ തന്നോടു മാപ്പു പറഞ്ഞെന്നും പൊട്ടിക്കരഞ്ഞെന്നുമാണ് സൈമോ ഇപ്പോൾ പറയുന്നത്.

‘ഞാൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇതുമൂലം താങ്കൾക്കു ധാരാളം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, എനിക്ക് മാപ്പുതരൂ,’ എന്നു ഹർഭജൻ കണ്ണീരോടെ പറഞ്ഞതായാണ് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സൈമണ്ട്സ് വെളിപ്പെടുത്തിയത്.