‘‘ക്രിക്കറ്റിലായാലും യുദ്ധത്തിലായാലും പാക്കിസ്ഥാനെ ഇനിയും തകർക്കാൻ ഇന്ത്യക്കു കഴിയും’’

ന്യൂഡൽഹി ∙ അതിർത്തി കടന്ന് ഇന്ത്യൻ സൈനികർ പാക്കിസ്ഥാനിൽ നടത്തിയ ആക്രമണത്തിന്റെ അലയൊലികൾ ക്രിക്കറ്റിലും. ഇന്ത്യയ്ക്കെതിരെ തുറന്ന യുദ്ധത്തിനു പാക്കിസ്ഥാൻ തയാറാണെന്ന പ്രസ്താവന നടത്തിയ മുൻ പാക്ക് ടീം നായകൻ മിയൻദാദിനു മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അനുരാഗ് ഠാക്കൂർ രംഗത്തെത്തി.

ക്രിക്കറ്റിലും യുദ്ധത്തിലും ഇന്ത്യയ്ക്കെതിരെയുള്ള മോശം റെക്കോർഡിന്റെ നിരാശയിലാണു മിയൻദാദ് എന്ന് ഠാക്കൂർ കളിയാക്കി. ‘‘1965, 1971, കാർഗിൽ യുദ്ധങ്ങളിൽ ഇന്ത്യയിൽനിന്നേറ്റ തോൽവിയുടെ നിരാശയിൽനിന്നു പാക്കിസ്ഥാൻ ഇനിയും മുക്തമായിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ഒരിക്കൽപോലും ഇന്ത്യയെ തോൽപിക്കാൻ കഴിയാത്തതിന്റെ വേദന മിയൻദാദിനുമുണ്ട്. ക്രിക്കറ്റിലായാലും യുദ്ധത്തിലായാലും പാക്കിസ്ഥാനെ ഇനിയും തകർത്തെറിയാൻ ഇന്ത്യയ്ക്കു കഴിയും.’’– ഠാക്കൂർ പറഞ്ഞു.

ബന്ധുവും അധോലോക രാജാവുമായ ദാവൂദ് ഇബ്രാഹിമിനോട് ഒളിവുവാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്കു വരാൻ നിർദേശിക്കണമെന്ന ഉപദേശവും മിയൻദാദിനു ഠാക്കൂർ നൽകി. ‘‘സ്വന്തം നാട്ടുകാരെക്കുറിച്ച് ഇത്രയേറെ ബഹുമാനം മിയൻദാദിനുണ്ടെങ്കിൽ ദാവൂദിനോട് ഇന്ത്യയിലേക്കു തിരിച്ചുവരാൻ മിയൻദാദ് ഉപദേശിക്കണം. എന്തുകൊണ്ടാണ് അതു ചെയ്യാത്തത്. പാക്കിസ്ഥാനെ എത്രയോ തവണ തോൽപിച്ചിട്ടുണ്ട്. ഇനിയും തോൽപിക്കും.’’– ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്ന പ്രശ്നമില്ലെന്നും ഠാക്കൂർ പറഞ്ഞു.