ഒന്നാം റാങ്കുമായി ടീം ഇന്ത്യ പുതുവർഷത്തേക്ക്

ദുബായ് ∙ ഒന്നാം റാങ്കിന്റെ തിളക്കത്തിൽ ഇന്ത്യൻ ടീമിനു പുതുവർഷത്തെ വരവേൽക്കാം. 2016ന്റെ അവസാന റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് ഇന്ത്യതന്നെ. ഇംഗ്ലണ്ടിനെതിരെ 4–0നു പരമ്പര നേടിയ ഇന്ത്യ അവസാന ടെസ്റ്റിൽ വിജയിച്ചത് ഇന്നിങ്സിനും 75 റൺസിനും. ഈ പരമ്പരയിൽനിന്ന് ഇന്ത്യയ്ക്കു ലഭിച്ചത് അഞ്ചു റാങ്കിങ് പോയിന്റ്. ഇതോടെ ഇന്ത്യയ്ക്കു 120 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെക്കാൾ 15 പോയിന്റ് മുന്നിൽ. എന്നാൽ ഇംഗ്ലണ്ട് വൻ തിരിച്ചടിയാണു നേരിട്ടത്.

പരമ്പര ആരംഭിക്കുമ്പോൾ ഓസ്ട്രേലിയയ്ക്കൊപ്പം 105 പോയിന്റിലായിരുന്ന അവർ ദശാംശത്തിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ പുതിയ റാങ്കിങ് പ്രകാരം അവർ അഞ്ചാം സ്ഥാനത്തായി (101 പോയിന്റ്). 102 പോയിന്റുള്ള പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയുമാണു മൂന്നും നാലും സ്ഥാനങ്ങളിൽ. ഈ വർഷം ഇനി പുതിയ റാങ്കിങ് ഇല്ല. പരമ്പരകൾക്കുശേഷമേ റാങ്കിങ് പുതുക്കാറുള്ളു. ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പരയാണ് അടുത്തതായി പൂർത്തിയാകാനുള്ളത്. മൂന്നാം ടെസ്റ്റ് ജനുവരി മൂന്നുമുതൽ ഏഴുവരെയാണ്.