ഉയരത്തിലെ എളിമയിൽ കരുൺ നായർ

ട്രിപ്പിൾ സെഞ്ചുറിയുടെ ഉയരത്തിൽനിന്ന് എളിമയുടെ പിച്ചിലെത്തി നിൽക്കുകയാണു കരുൺ നായർ. ക്രിക്കറ്റ് ലോകവും രാജ്യമാകെയും ശ്രദ്ധിക്കുന്ന താരമായി പൊടുന്നനെ മാറിയതിന്റെ തലക്കനമില്ലാതെ ഈ മലയാളിതാരം നാളെ വിശാഖപട്ടണത്താരംഭിക്കുന്ന രഞ്ജി ട്രോഫി മൽസരത്തിൽ കർണാടകയ്ക്കായി കളിക്കാൻ തയാറെടുക്കുന്നു. തമിഴ്‌നാടിനെതിരായ ആ മൽസരത്തിലാണ് ഇപ്പോൾ തന്റെ ശ്രദ്ധയെന്നു കരുൺ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിൽ അവിസ്മരണീയ നേട്ടം കൈവരിക്കാനായതിന്റെ ആഹ്ലാദം ഈ ഇരുപത്തിയഞ്ചുകാരൻ മറച്ചുവയ്ക്കുന്നില്ല. ബെംഗളൂരുവിലെ വീട്ടിൽ അഭിനന്ദന പ്രവാഹം തുടരുന്നതിനിടെ മുന്നൂറിന്റെ നേട്ടമടക്കമുള്ള വിശേഷങ്ങൾ മലയാള മനോരമയുമായി പങ്കുവയ്ക്കുകയാണു കരുൺ.

∙ ട്രിപ്പിൾ സെഞ്ചുറി നേട്ടത്തിന് ആരോടാണു കടപ്പാട്?

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോടാണു പ്രധാനമായും നന്ദി പറയാനുള്ളത്. ടീമിന്റെ വിജയത്തിനൊപ്പം തന്റെ വ്യക്തിഗത നേട്ടത്തിനുകൂടി പ്രാധാന്യം കൽപിച്ചതിന്. ഇരട്ട സെഞ്ചുറി കഴിഞ്ഞപ്പോഴേ ക്യാപ്റ്റന്റെ സന്ദേശമെത്തി. ട്രിപ്പിൾ ലക്ഷ്യമിടുന്നെങ്കിൽ അടിച്ചുകളിക്കണം, ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ പോകുന്നു. ഞാൻ 303ൽ എത്തിയ ഉടൻ വിരാട് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. പിന്നെയും ഞാൻ കളിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിൽ ഓൾ ഔട്ടാക്കാനും ടീമിനു വിജയിക്കാനുമുള്ള സാധ്യത കുറയുമായിരുന്നു.

∙ടെസ്റ്റ് കരിയറിലെ ആദ്യത്തെ സെഞ്ചുറിയായിരുന്നല്ലോ? അതു പിന്നിട്ടപ്പോഴത്തെ വികാരമെന്തായിരുന്നു?

ബാറ്റിങ് പിച്ചാണെന്നത് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽത്തന്നെ വ്യക്തമായിരുന്നു. നമ്മുടെ ഇന്നിങ്‌സിൽ കെ.എൽ.രാഹുൽ 199ൽ എത്തുകകൂടി ചെയ്തപ്പോൾ അതുറപ്പായി. അതായിരുന്നു സെഞ്ചുറി ലക്ഷ്യമിടാൻ പ്രേരകമായത്. ആദ്യ സെഞ്ചുറി സ്വപ്‌നമായിരുന്നു. ഏതൊരു ബാറ്റ്‌സ്മാനും അങ്ങനെയാണല്ലോ. അതു പിന്നിട്ടപ്പോൾ ഇരട്ട സെഞ്ചുറിയായി ലക്ഷ്യം.

ടീമിനു കൂടുതൽ ഉയർന്ന സ്‌കോർ വേണ്ടിയിരുന്നതിനാൽ ശ്രദ്ധിച്ചു കളിച്ചാൽ അതു നേടാനാകുമെന്നുറപ്പായി. 200 കഴിഞ്ഞപ്പോഴാണു വിരാട് മുന്നൂറു ലക്ഷ്യമിടാൻ പ്രചോദനമേകിയത്. അശ്വിനും ജഡേജയും മികച്ച പിന്തുണ നൽകി.

∙ആരാധിക്കുന്ന ക്രിക്കറ്ററാരാണ്?

രാഹുൽ ദ്രാവിഡ്. എന്നെ സംബന്ധിച്ച് എല്ലാ തരത്തിലും മാതൃകയാണു രാഹുൽ. കർണാടകയുടെ ജൂനിയർ താരമായിരിക്കുമ്പോൾത്തന്നെ രാഹുലിനെ ആരാധനയോടെയാണു കണ്ടിരുന്നത്. സമ്മർദ സാഹചര്യങ്ങളെ അദ്ദേഹം നേരിട്ടിരുന്ന രീതി മാതൃകാപരമാണ്. ടീം സ്പിരിറ്റിന്റെ ആൾരൂപമാണദ്ദേഹം.

∙ക്രിക്കറ്റിൽ ഏതു ഫോർമാറ്റാണ് ഇണങ്ങുന്നതെന്ന വിലയിരുത്തലുണ്ടോ?

ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി20 ആയാലും ഒരേ മികവു തുടരാനാകുമെന്നാണു വിശ്വാസം. രഞ്ജി ട്രോഫിപോലെ ആഭ്യന്തര ക്രിക്കറ്റിലെ മൽസരങ്ങളിൽ ട്രിപ്പിൾ സെഞ്ചുറിയും ഇരട്ട സെഞ്ചുറികളുമടക്കമുള്ള നേട്ടങ്ങളുണ്ട്. ഏകദിനത്തിനും ട്വന്റി20ക്കും ചേരുന്നതരത്തിൽ അടിച്ചുകളിക്കാനുമറിയാം.

∙ക്രിക്കറ്റിനു പുറമെ ഏതെങ്കിലും കളികൾ?

ഫുട്‌ബോൾ കളിക്കാറുണ്ട്. ടെന്നിസും ടേബിൾ ടെന്നിസും കളിക്കും.

∙ ക്രിക്കറ്റിൽ ഇഷ്ടപ്പെട്ട കൂട്ടുകാരൻ?

കർണാടക ടീമിലും ഇന്ത്യൻ ടീമിലും എല്ലാവരും സുഹൃത്തുക്കളാണ്. എല്ലാവരും ഒരുപോലെ പ്രോൽസാഹിപ്പിക്കുന്നു.

∙ഇഷ്ടപ്പെട്ട പരിശീലകർ?

എന്നെ ക്രിക്കറ്റ് പരിശീലിപ്പിച്ചുതുടങ്ങിയതും എന്തെങ്കിലുമാക്കിയതും ബെംഗളൂരുവിലെ പ്രമുഖ പരിശീലകനായ ബി.ശിവാനന്ദാണ്. അദ്ദേഹത്തോടുള്ള കടപ്പാട് പറഞ്ഞറിയിക്കാനാവില്ല. ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കിയ ദിവസം വൈകിട്ട് അദ്ദേഹം വിളിച്ച് അഭിനന്ദിച്ചു. വ്യക്തിഗത പരിശീലകരിൽ ഏറെ പ്രിയപ്പെട്ടയാൾ കർണാടക മുൻ രഞ്ജി ടീം ക്യാപ്റ്റനും മലയാളിയുമായ പി.വി.ശശികാന്താണ്.

∙മാതാപിതാക്കൾ?

അച്ഛൻ കലാധരൻ നായരും അമ്മ പ്രേമയും നൽകിയ പിന്തുണയും പ്രോൽസാഹനവും വാക്കുകളിലൊതുക്കാനാവില്ല. എന്റെ ഓരോ കാര്യത്തിലും അവരുടെ ശ്രദ്ധയുണ്ടായിരുന്നു.

∙ നാടിനെക്കുറിച്ച് ഓർക്കുമ്പോൾ?

നാട് എന്നും എനിക്കു ഹരമാണ്. ഓരോ അവധിക്കാലത്തും നാട്ടിലെത്താൻ കാത്തിരിക്കും. കാനഡയിലുള്ള സഹോദരി ശ്രുതിക്കും അങ്ങനെതന്നെ. നാട്ടിലുണ്ടാവുക എന്നതു വ്യത്യസ്തമായ അനുഭവമാണ്.

ബെംഗളൂരുവിലെ തിരക്കുകളിൽനിന്നു തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണു നാട്ടിൽ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണു കരുൺ. ജനുവരി 15നു പുണെയിലാണ് ആദ്യമൽസരം.