ക്യാപ്റ്റൻസി: തീരുമാനം ഇപ്പോഴില്ലെന്ന് കുക്ക്

ചെന്നൈ ∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിയുടെ പേരിൽ ക്യാപ്റ്റൻസി സംബന്ധിച്ചു തിടുക്കപ്പെട്ട തീരുമാനം കൈക്കൊള്ളുകയില്ലെന്ന് ഇംഗ്ലണ്ട് നായകൻ അലസ്റ്റയർ കുക്ക്. എന്നാൽ, ടീമിന്റെ നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി താനാണോയെന്ന കാര്യത്തിൽ ആലോചനയുണ്ടാകുമെന്നും കുക്ക് വ്യക്തമാക്കി.

‘‘ക്യാപ്റ്റൻസിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. എന്നാൽ, അത്രയും വലിയ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അനുയോജ്യസമയം ഇതല്ല. ഇപ്പോൾ വീട്ടിൽ പോയി ക്രിസ്മസ് തകർപ്പനായി ആഘോഷിക്കണം. ജനുവരിയിൽ ക്രിക്കറ്റ് ബോർഡ് തലവൻ ആൻഡ്രൂ സ്ട്രോസുമായി ആലോചിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റിന് ഏതു തീരുമാനമാണു ഗുണപ്രദമെന്നു തീരുമാനിക്കണം.’’ – കുക്ക് പറഞ്ഞു.

‘‘ഇംഗ്ലണ്ട് ടീമിനെ നയിക്കാൻ ഞാൻ അനുയോജ്യനാണോയെന്ന ആലോചന വേണം. തോൽവിയോടെ മാനസികമായി ഊർജം നഷ്ടമായ ഘട്ടത്തിൽ ശരിയായ തീരുമാനം സ്വീകരിക്കാനാവില്ല. അതു കുറച്ചു കഴിഞ്ഞിട്ടാവാം.’’ അടുത്ത ഏഴു മാസം ടെസ്റ്റ് മൽസരങ്ങൾ ഇല്ലാത്ത സ്ഥിതിക്ക് അടിയന്തരമായി ഈ വിഷയം തീരുമാനിക്കേണ്ട പ്രശ്നംതന്നെയില്ല. മൂന്നാഴ്ചയ്ക്കുള്ളിൽ അടുത്ത ടെസ്റ്റ് ഉണ്ടെങ്കിൽ ധൃതിപിടിച്ചു തീരുമാനമെടുക്കാം – കുക്ക് പറഞ്ഞു.