വിരാട് കോഹ്‌ലിയെന്ന ‘അത്യാഗ്രഹി’, സച്ചിൻ, സെവാഗ് എന്നിവരിൽനിന്നും വ്യത്യസ്തനാകുന്നതെങ്ങനെ?

ക്ഷമയും സാങ്കേതികത്തികവുമുള്ള ഇന്നിങ്സ്– മനോഹരമായൊരു ടെസ്റ്റ് ഇന്നിങ്സിനു ലഭിക്കുന്ന പതിവു വിശേഷണം. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലേക്കു വരുമ്പോൾ അതു മാറും. ക്ഷമയുടെ സ്ഥാനത്ത് ആക്രമണോൽസുകത വരും. സാങ്കേതികത്തികവിന്റെ സ്ഥാനത്ത് ഷോട്ടുകളുടെ പുതുമയും. പക്ഷേ, വിരാട് കോഹ്‌ലിയുടെ ഒരു ടെസ്റ്റ് ഇന്നിങ്സിനെ നമ്മൾ എങ്ങനെ വിശേഷിപ്പിക്കും? ക്ഷമയും സാങ്കേതികത്തികവും എന്നു പറയാനാകുമോ..? അതില്ല എന്നു പറയാനാകുമോ..?

ഏതെങ്കിലും ഒരു വിശേഷണങ്ങളിലൊതുക്കാതെ അതൊരു ‘വിരാട് കോഹ്‌ലി സ്റ്റൈൽ’ ഇന്നിങ്സായിരുന്നു എന്നു പറഞ്ഞൊഴിയാം. കോഹ്‌ലിയും വാർണറും ഡിവില്ലിയേഴ്സും ഉൾപ്പെടെയുള്ള ആധുനിക ക്രിക്കറ്റർമാരുടെ ബാറ്റിങ് ഫിലോസഫി ഇതുതന്നെ–കളിക്കുന്നത് ക്രിക്കറ്റാണ്. ടെസ്റ്റിൽ ഇങ്ങനെ കളിക്കണം, ഏകദിനത്തിൽ ഇങ്ങനെ കളിക്കണം എന്നതൊക്കെ പഴഞ്ചൻ നിയമങ്ങളാണ്. നൂറുപന്തിൽ നൂറുറൺസ് എടുക്കാമെന്നിരിക്കെ എന്തിന് എൺപതു റൺസിൽ തൃപ്തിപ്പെടണം! കമന്റേറ്ററായ നാസിർ ഹുസൈനോടു മുൻപൊരിക്കൽ കോഹ്‌ലി തന്റെ ഈ നയം വ്യക്തമാക്കിയിട്ടുണ്ട്. ‘‘എന്റെ ആഗ്രഹങ്ങൾക്കു ഞാൻ പരിധിവയ്ക്കാറില്ല. എന്തുവേണം എന്നതല്ല, എത്രത്തോളം പോകാം എന്നതാണ് എന്റെ ശൈലി’’.
 
കോഹ്‌ലിയുടെ ഈ ‘അത്യാഗ്രഹ’ത്തോളമെത്തുന്ന ശൈലികൊണ്ടു ശരിക്കും വലയുന്നതു ടീമിലെ മറ്റു ബാറ്റ്സ്മാൻമാരാണ്. മുരളി വിജയും ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയുമെല്ലാം ഒന്നാന്തരം ബാറ്റ്സ്മാൻമാരാണ്. പക്ഷേ, അവർക്കു കോഹ്‌ലിയെപ്പോലെ അത്യാഗ്രഹമില്ല. ആഗ്രഹങ്ങളേയുള്ളൂ. ഒരോവറിൽ പത്തു റൺസ് വന്നാൽ അവർ തൃപ്തരായേക്കും. കോഹ്‌ലി പക്ഷേ, അങ്ങനെയല്ല. എത്രയും വരുന്നോ അത്രയും നല്ലത് എന്നതാണു മനസ്സിൽ. വീരേന്ദർ സേവാഗിന്റെ ആക്രമണോൽസുകതയിൽനിന്നു വ്യത്യസ്തമാണ് അത്.

സേവാഗിന്റേത് ഒരു പ്രീ പ്ലാൻഡ് ശൈലിയാണ്. അടുത്തപന്തിൽ സിക്സറടിക്കണമെന്നു വിചാരിച്ചാൽ ഓഫ്സൈഡിനപ്പുറം പോകുന്ന പന്തിനെ എത്തിപ്പിടിച്ചായാലും സേവാഗ് അതു ചെയ്തിരിക്കും. താരതമ്യം ചെയ്യാവുന്ന ഒരാൾ യുവ്‌രാജ് സിങ്ങാണ്. –ഏകദിനത്തിലെ യുവ്‌രാജ് സിങ്. സ്റ്റുവർട്ട് ബ്രോഡിന്റെ ആറു പന്തിലും സിക്സറടിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ. അതു കോഹ്‌ലിക്കുമുണ്ട്. സച്ചിനുപോലും അതു കാണില്ല. സച്ചിൻ വേറൊരുവിധത്തിലായിരിക്കും ആ സാഹചര്യത്തെ കൈകാര്യം ചെയ്യുക. ഏറിപ്പോയാൽ മൂന്നു സിക്സർ. പിന്നെ ഒരു സിംഗിളോ ഡബിളോ..ബോളറെ ബഹുമാനിക്കുക എന്ന ഫിലോസഫിയാണത്.

ബാറ്റ്സ്മാൻ എന്ന നിലയിലുള്ള ഈ ‘അത്യാഗ്രഹം’ ക്യാപ്റ്റനെന്ന നിലയിലും കാണിക്കുന്നു എന്നതാണു കോഹ്‌ലിയുടെ മറ്റൊരു ഗുണം. ടെസ്റ്റായാലും ലിമിറ്റഡ് ഓവർ മൽസരമായാലും കളി ജയിക്കുക എന്ന ഒരു ലക്ഷ്യമേ കോഹ്‌ലി കുറിച്ചിടാറുള്ളൂ. പരമ്പര നേരത്തെ സ്വന്തമാക്കിക്കഴിഞ്ഞല്ലോ, ഇനി സമനിലയായാലും കുഴപ്പമില്ല എന്ന മനസ്സില്ല. അതുകൊണ്ടാവാം തൊണ്ണൂറു ശതമാനം സമനിലയിലേക്കെന്നു കരുതുന്ന ടെസ്റ്റുകളെപ്പോലും ഒരു അപ്രതീക്ഷിത ഡിക്ലറേഷനിലൂടെ ജയത്തിന്റെ കുറ്റിയിലേക്കു പിടിച്ചുകെട്ടാൻ കോഹ്‌ലി ആഞ്ഞു ശ്രമിക്കുന്നത്.

അങ്ങനെനോക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ കാലക്രമേണയുള്ള മാറ്റം കൃത്യമാണ്. ലോക ക്രിക്കറ്റിന്റെ കൊടുമുടി കീഴടക്കാൻ നമുക്കു കഴിയും എന്നു സഹകളിക്കാരെ വിശ്വസിപ്പിച്ച ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. ടീമിനെ അതിനു മുകളിലെത്തിച്ച ക്യാപ്റ്റനാണു മഹേന്ദ്ര സിങ് ധോണി. അപ്പോൾ കോഹ്‌ലിയോ..? കൊടുമുടിക്കു മുകളിൽനിന്നു നോക്കുമ്പോൾ കാണുന്ന വലിയ ആകാശമാണു കോഹ്‌ലിയെ മോഹിപ്പിക്കുന്നത്. അതിനു പരിധികളില്ലല്ലോ..!

 4–

തുടർച്ചയായ നാലാം പരമ്പരയിലും ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനായി വിരാട് കോഹ്‌ലി. മറികടന്നതു മൂന്നു പരമ്പരകളിൽ ഡബിൾ നേടിയ ഡോൺ ബ്രാഡ്മാനെയും രാഹുൽ ദ്രാവിഡിനെയും.

1–

ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലിയെക്കാൾ കൂടുതൽ തവണ ഇരട്ട സെഞ്ചുറി‌ കടന്നതു ബ്രയാൻ ലാറ മാത്രം– അഞ്ച്. നാലുതവണ ഇരട്ട സെഞ്ചുറി കടന്ന മൈക്കൽ ക്ലാർക്കും ഗ്രേയം സ്മിത്തും കോഹ്‌ലിക്കൊപ്പമുണ്ട്.

3–

കോഹ്‌ലിയെക്കാൾ കൂടുതൽ തവണ ഇരട്ട സെഞ്ചുറി കടന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർ മൂന്നു പേർ. വീരേന്ദർ സേവാഗും സച്ചിൻ തെൻഡുൽക്കറും. ആറു വട്ടം. രാഹുൽ ദ്രാവിഡ് അഞ്ചും. സുനിൽ ഗാവസ്കർ കോഹ്‌ലിക്കൊപ്പമുണ്ട്.

1–

തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ അറുനൂറിനപ്പുറം സ്കോർ ചെയ്യുന്ന ആദ്യ ടീമായി ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ മുംബൈ ടെസ്റ്റിൽ 631, ചെന്നൈ ടെസ്റ്റിൽ 759, ബംഗ്ലദേശിനെതിരെ 687 എന്നിങ്ങനെയാണത്. 1168– കോഹ്‌ലി ഈ സീസണിൽ നേടിയ ടെസ്റ്റ് റൺസ്. ഒരു സീസണിൽ ഹോം മണ്ണിലെ റെക്കോർഡ്. 2004–05ൽ വീരേന്ദർ സേവാഗ് കുറിച്ച 1105 റൺസാണു മറികടന്നത്.

3–

തുടർച്ചയായ മൂന്നാം ടെസ്റ്റിലാണ് ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ ഇരട്ട സെഞ്ചുറിക്കപ്പുറം സ്കോർ ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരെ മുംബൈ ടെസ്റ്റിൽ കോഹ്‌ലി 235, ചെന്നൈ ടെസ്റ്റിൽ കരുൺ നായർ 303*, ഇപ്പോൾ കോഹ്‌ലി 204. 3– വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും തമ്മിലുള്ള ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുകൾ. നാലാം വിക്കറ്റിൽ ഇത്രയും ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുകൾ കുറിച്ച ഇന്ത്യൻ താരങ്ങൾ സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും മാത്രം.

6–

ഇന്ത്യൻ ഇന്നിങ്സിൽ ആറു ബാറ്റ്സ്മാൻമാർ അർധ സെഞ്ചുറി കടന്നു.ആറാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്.

7–

ഒരു ഇന്നിങ്സിൽ അഞ്ചു ബോളർമാർ നൂറു റൺസിലധികം വഴങ്ങുന്നത് ഇതു ഏഴാം തവണ. 2009ൽ ഓസ്ട്രേലിയയ്ക്കെതിരെ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബോളർമാരാണ് ഏറ്റവും ഒടുവിൽ ഈ നാണക്കേട് സ്വന്തമാക്കിയത്.

3–

ബംഗ്ലദേശിനെതിരെ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി. ന്യൂസീലൻഡിന്റെ സ്റ്റീഫൻ ഫ്ലെമിങും ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്തുമാണു മറ്റുള്ളവർ.