ബാറ്റെടുക്കുന്നവരെല്ലാം സെഞ്ചുറിയടിക്കുന്നു; ഇന്ത്യൻ ടീമിൽ ബാറ്റ്സ്മാൻമാരുടെ കൂട്ടയിടി!

ട്രിപ്പിൾ സെഞ്ചുറിയോടെ രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ച കരുൺ നായർക്ക് ഇന്ത്യൻ ടെസ്റ്റ് ടീം ബാറ്റിങ് ലൈനപ്പിലെ സ്ഥാനം എന്താകും? പറയാനാവില്ല; അതാണിപ്പോൾ ടീം ഇന്ത്യയുടെ അവസ്ഥ. ട്രിപ്പിളടിച്ചാൽപോലും ടീമിൽ സ്ഥാനം ഉറപ്പില്ലാത്തവിധം ബാറ്റ്സ്മാൻമാരുടെ കൂട്ടയിടി.

സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ തുടങ്ങിയ ‘ഫാബുലസ് ഫോറി’ന്റെ കാലത്തുപോലും ഇത്ര ഗംഭീരമായ ഒരു ബാറ്റിങ് ലൈനപ്പ് ഇന്ത്യയ്ക്ക് ഉണ്ടായിക്കാണുകയില്ല. ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, രോഹിത് ശർമ, വൃദ്ധിമാൻ സാഹ എന്നിവരാരും ടീമിലില്ലാത്തതിനെ തുടർന്നാണ് കെ.എൽ.രാഹുൽ, കരുൺ നായർ, പാർഥിവ് പട്ടേൽ, എന്നിവർക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ അവസരം ലഭിച്ചത്. എന്നാൽ കിട്ടിയ അവസരം മൂന്നുപേരും ശരിക്കും മുതലാക്കി. ഫെബ്രുവരിയിൽ ബംഗ്ലദേശുമായിട്ടും പിന്നാലെ ഓസ്ട്രേലിയയുമായിട്ടുമാണ് ഇന്ത്യയുടെ ഇനിയുള്ള ടെസ്റ്റ് മൽസരങ്ങൾ. അതിനുള്ള ടീമിനെ തിരഞ്ഞെടുക്കുക എന്നതാകും സിലക്ടർമാരുടെയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും മുന്നിലുള്ള ‘തലവേദന’. ഇത്ര സുഖമുള്ള തലവേദന ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു ക്യാപ്റ്റനുമില്ല!

ബാറ്റിങ് ലൈനപ്പിലെ ഓരോ സ്ഥാനത്തേക്കും സാധ്യതയുള്ളവർ ഇങ്ങനെ:

ഓപ്പണർമാർ

ശിഖർ ധവാൻ തൽക്കാലം ടെസ്റ്റ് ടീം സ്ഥാനം മറന്നേക്കുക! അത്ര ദുഷ്കരമായിരിക്കും ടീമിലേക്കുള്ള തിരിച്ചുവരവ്. ഗൗതം ഗംഭീറിന്റെ കാര്യം അതിലും കഷ്ടം. വലിയ സ്കോറുകളില്ലെങ്കിലും വിജയിനെ കോഹ്‌ലി കൈവിടാൻ സാധ്യതയില്ല. അഞ്ചാം ടെസ്റ്റിലെ സെഞ്ചുറിയോടെ (199) കെ.എൽ.രാഹുൽ രണ്ടാം ഓപ്പണർ സ്ഥാനവും ഉറപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിലെ പ്രകടനം: മുരളി വിജയ്: 3, 12, 0, 136, 29 കെ.എൽ.രാഹുൽ: 38, 0, 10, 24, 199

വൺഡൗൺ

ചേതേശ്വർ പൂജാര വേണോ അജിങ്ക്യ രഹാനെ വേണോ? നിലവിലെ സാഹചര്യത്തിൽ പൂജാരയ്ക്കു നറുക്കു വീഴും. ദീർഘകാലം പുറത്തിരുന്നതിനുശേഷം പൂജാര തിരിച്ചെത്തിയതു കൃത്യമായി ഗൃഹപാഠങ്ങൾ ചെയ്തിട്ടാണെന്നു പിന്നീടുള്ള കളികളിൽ കണ്ടു. അപ്രതീക്ഷിതമായി വന്ന പരുക്ക് രഹാനെയുടെ ടീമിലെ സ്ഥാനംതന്നെ ഭീഷണിയിലാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിലെ പ്രകടനം: പൂജാര: 1, 51, 25, 47, 16 രഹാനെ: 1, 13, 23, 26, 0

നാലാമൻ

ബാറ്റിങ് ലൈനപ്പിൽ ആരും അവകാശവാദമുന്നയിക്കാത്ത സ്ഥാനം ഇതു മാത്രം. വിരാട് കോഹ്‌‍‌ലി അവിടെ അഗ്രഗണ്യനായി വാഴുന്നു. ക്യാപ്റ്റനായതോടെ കോഹ്‌ലിയുടെ കളിതന്നെ മാറിക്കഴിഞ്ഞു. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മുന്നിൽ നിന്നു നയിക്കുന്ന നായകൻ. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിലെ പ്രകടനം: വിരാട് കോഹ്‌ലി: 81, 62, 6*, 235, 15

അഞ്ചാം സ്ഥാനം

കരുണിന്റെ ട്രിപ്പിൾ കണ്ടു നെഞ്ചിടിച്ചതു രോഹിത് ശർമയ്ക്കാകും. പ്രതിഭാസമ്പന്നനാണെങ്കിലും ടെസ്റ്റിൽ രോഹിതിന്റെ സ്ഥാനം എന്നും കയ്യാലപ്പുറത്താണ്. അതൊന്നുകൂടി ആശങ്കയിലായി ഈ പരമ്പരയോടെ. രോഹിതിന്റെ പരിചയസമ്പത്തിനാണോ കരുണിന്റെ ഗംഭീര അരങ്ങേറ്റത്തിനാണോ കോഹ്‌ലി ക്യാപ് നൽകുക? രഹാനെയും ഈ സ്ഥാനത്തേക്കു മൽസരിക്കാനുണ്ട്. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിലെ പ്രകടനം: രോഹിത് ശർമ: 35, 68*, 2, 82, 51* കരുൺ‍ നായർ: 4, 13, 303* (കരുൺ മൂന്ന് ഇന്നിങ്സുകളേ കളിച്ചിട്ടുള്ളൂ)

ആറാം സ്ഥാനം

വിക്കറ്റ് കീപ്പിങ് പഠിച്ചതിൽ വൃദ്ധിമാൻ സാഹയും പാർഥിവ് പട്ടേലും ആശ്വസിക്കുന്നുണ്ടാകും! അതല്ലാതെ ഒരു വഴിയുമില്ല അവർക്ക് ഇതുപോലുള്ളൊരു ടീമിൽ ഇടം പിടിക്കാൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സ്പെഷലിസ്റ്റ് കീപ്പർ വേണമെന്നതിനാൽ കോഹ്‌ലി കെ.എൽ.രാഹുലിനെ ആ ചുമതലയേൽപ്പിക്കാൻ വഴിയില്ല. പാർഥിവ് ടീമിലെത്തിയാൽ ഓപ്പണറുമായേക്കാം. കഴിഞ്ഞ ഇന്നിങ്സുകളിൽ: വൃദ്ധിമാൻ സാഹ: 44, 35, 9, 3, 2 പാർഥിവ് പട്ടേൽ: 42, 67*, 15, 71 (തിരിച്ചുവരവിനുശേഷം പാർഥിവ് കളിച്ചത് നാലു ഇന്നിങ്സുകൾ)

ബോളർമാർ

കോഹ്‌ലിയെപ്പോലെ ടീമിൽ സ്ഥാനം ഉറപ്പുള്ള രണ്ടുപേരാണ് ആർ.അശ്വിനും രവീന്ദ്ര ജഡേജയും. രണ്ടുപേരും നന്നായി ബാറ്റുചെയ്യുന്നവരായതിനാൽ ‘ഫൈവ് ബോളർ’ കോംബിനേഷനിൽനിന്നു കോഹ്‌ലിയുടെ മനസ്സു മാറുകയില്ല. പേസ് ബോളർ സ്ഥാനത്തേക്കും മൽസരമുണ്ട്. മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് ഉമേഷ് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജയന്ത് യാദവ്... മുംബൈ ടെസ്റ്റിൽ സെഞ്ചുറിയടിച്ച ജയന്ത് യാദവിന്റെ സ്ഥാനം അതോടെ സംശയത്തിലാകുന്നു.