അണ്ടർ 17 ഇന്ത്യൻ ടീം യൂറോപ്യൻ പര്യടനത്തിന്

ഇന്ത്യയുടെ അണ്ടർ 17 ഫുട്ബോൾ ടീം. (ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്)

ന്യൂഡൽഹി ∙ അണ്ടർ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീം ഒരുക്കങ്ങൾക്കും തയാറെടുപ്പു മൽസരങ്ങൾക്കുമായി യൂറോപ്യൻ പര്യടനത്തിനു പുറപ്പെട്ടു. പോർച്ചുഗൽ, ഫ്രാൻസ്, ഇറ്റലി, ഹംഗറി എന്നിവിടങ്ങളിൽ ടീം പരിശീലന മൽസരങ്ങൾ കളിക്കും. ഇറ്റലിയിൽ ഒരു ടൂർണമെന്റിൽ പങ്കെടുക്കുകയും ചെയ്യും. 26 അംഗ ടീമിനൊപ്പം കോച്ച് ലൂയി നോർട്ടനും ആറ് ഒഫിഷ്യലുകളുമുണ്ട്.

മേയ് 15 വരെ ടീം പോർച്ചുഗലിലെ ലിസ്ബണിൽ പരിശീലനം നടത്തും. അവിടെ പോർച്ചുഗൽ അണ്ടർ 17 ക്ലബ് ടീമുകളുമായി പരിശീലന മൽസരങ്ങൾ കളിക്കും. സ്പോർട്ടിങ് ലിസ്ബൺ, ബെനഫിക്ക, എസ്റ്റോറിൽ സേട്ടുബൽ ക്ലബ്ബുകളുടെ ടീമുകളുമായാണു മൽസരം. തുടർന്നു പാരിസിലെത്തി പിഎസ്ജി അണ്ടർ 17 ടീമുമായി മൽസരിക്കും. റോമിൽ ഇറ്റലിയുടെ അണ്ടർ 17 ദേശീയ ടീമുമായും മൽസരിക്കും. അവിടെ ലാസിയോ കപ്പ് അണ്ടർ 17 ടൂർണമെന്റിൽ പങ്കെടുക്കുകയും ചെയ്യും.

ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീമുകളിൽ അൽബേനിയ, കൊളംബിയ ദേശീയ ടീമുകളും കാനഡ, ഫിയോറന്റിന, ലാസിയോ, സാംപ്ഡോറിയ, കാഗ്ലിയാരി തുടങ്ങിയവയും ഉൾപ്പെടുന്നു.