Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഫ് കപ്പിൽ ഇന്ത്യയ്ക്കു തോൽവി; മാലദ്വീപിന് കിരീടം (2–1)

saff-cup-india-vs-maldives സാഫ് കപ്പ് ഫൈനലിൽ മാലദ്വീപിന്റെ മുന്നേറ്റം. ട്വിറ്റർ ചിത്രം

ധാക്ക ∙ ലോക്കറിൽ ഭദ്രമായിരുന്ന കിരീടം ഇന്ത്യ കൈവിട്ടു. സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യയെ 2–1നു തോൽപിച്ച് മാലദ്വീപിനു കിരീടം. മാലദ്വീപിന്റെ രണ്ടാം കിരീടമാണിത്; ഇന്ത്യയുടെ നാലാം ഫൈനൽ തോൽവിയും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ തോൽവിക്കും മാലദ്വീപ് പകരംവീട്ടി. 2009ലെ ഫൈനലിൽ ഇതേ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിലും ഇന്ത്യ മാലദ്വീപിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയിരുന്നു. ഇബ്രാഹിം ഹുസൈൻ (19’), അലി ഫാസിർ (73’) എന്നിവരാണു മാലദ്വീപിന്റെ ഗോളുകൾ നേടിയത്. ഇന്ത്യയുടെ ആശ്വാസ ഗോൾ ഇൻജുറി ടൈമിൽ സുമീത് പാസി നേടി.

എട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണു മാലദ്വീപിന്റെ ആദ്യ ഗോൾ. കളിയുടെ തുടക്കത്തിൽ ഇന്ത്യയാണ് ആധിപത്യം പുലർത്തിയത്. മാലദ്വീപിനെ അവരുടെ പകുതിയിലേക്കു തള്ളി ഇന്ത്യ കളിച്ചെങ്കിലും കളിയുടെ ഗതിക്കെതിരായ ആദ്യ ഗോൾ വന്നു. അതിവേഗത്തിലുള്ള ഒരു പ്രത്യാക്രമണത്തിൽ നാസിർ ഹുസൈൻ നീട്ടിക്കൊടുത്ത പന്ത് ഇബ്രാഹിം ഹുസൈൻ ഇന്ത്യൻ ഗോൾ‍ കീപ്പർ വിശാൽ കെയ്ത്തിനു പിടികൊടുക്കാതെ വലയിലെത്തിച്ചു. ടൂർണമെന്റിൽത്തന്നെ ഇന്ത്യ ആദ്യമായി പിന്നിലായിപ്പോയ നിമിഷം.

സമനില ഗോളിനായി പൊരുതിയ ഇന്ത്യ പലവട്ടം ലക്ഷ്യത്തിനരികെ വീണു. മലയാളി താരം ആശിഖ് കുരുണിയൻ നൽകിയ ഒരു ലോ ക്രോസ് ഫാറൂഖ് ചൗധരിക്കു നിയന്ത്രിച്ചെടുക്കാനായില്ല. പിന്നാലെ കിട്ടിയ കോർണറിൽ സുഭാശിഷ് ഹെഡ് ചെയ്തെങ്കിലും മാലദ്വീപ് ഗോളി മുഹമ്മദ് ഫൈസൽ അപകടമൊഴിവാക്കി. ടൂർണമെന്റിലെ ടോപ് സ്കോററായ മൻവീറിന്റെ ഒരു ഷോട്ട് സൈഡ് നെറ്റിലേക്കു പോയതും ഇന്ത്യയ്ക്കു നിർഭാഗ്യമായി.

ഇടവേളയ്ക്കു പിന്നാലെ ഇന്ത്യയുടെ മുറിവിൽ മുളകു പുരട്ടി മാലദ്വീപ് രണ്ടാം ഗോളും നേടി. ഇന്ത്യൻ പ്രതിരോധനിരയെ പിന്നിലാക്കി ഓടിക്കയറിയ ഹംസത്ത് മുഹമ്മദ് നൽകിയ പന്ത് അലി ഫാസിറിനു നൽകി. ഫാസിറിന്റെ ബൂട്ടിൽനിന്നു ഗോളിലേക്കുരുണ്ട പന്ത് ഇന്ത്യൻ താരങ്ങൾക്കു രക്ഷപ്പെടുത്താനായില്ല. സുമീത് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യയ്ക്കു പ്രതീക്ഷിക്കാനുള്ള സമയം വൈകിപ്പോയിരുന്നു.