ഐഎസ്എൽ കളികൾ ഇനി എട്ടു മണിക്ക്

കൊച്ചി∙ സ്റ്റേഡിയത്തിലെ കാണികൾ, ടെലിവിഷൻ സെറ്റുകൾക്കു മുന്നിലെ കാണികൾ. രണ്ടിലും വർധന ലക്ഷ്യമിട്ട് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) നാലാം പതിപ്പിൽ കിക്കോഫ് സമയം മാറ്റുന്നു. കളി തുടങ്ങുന്നത് എട്ടു മണിക്ക്. മുൻവർഷങ്ങളിൽ ഏഴു മണിക്കായിരുന്നു കിക്കോഫ്.

ഓരോ മൽസരത്തിലും സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണത്തിൽ ശരാശരി നാലായിരം വർധനയാണു സംഘാടകർ ലക്ഷ്യമിടുന്നത്. മുൻ സീസണുകളിൽ ഏഴു മണിക്കു തുടങ്ങുന്ന കളി കാണാൻ പലരും ഏഴരയ്ക്കും 7.45നും ആണു ഗ്യാലറിയിലേക്ക് എത്തിയിരുന്നത്. ജോലിസ്ഥലത്തുനിന്നും വ്യാപാരശാലകളിൽ നിന്നുമൊക്കെ ഇറങ്ങുമ്പോൾത്തന്നെ ആറര കഴിയും എന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണു കിക്കോഫ് സമയമാറ്റം പരിഗണിച്ചത്. കഴിഞ്ഞ സീസണിൽ മൽസരമൊന്നിനു ശരാശരി 23,000 ആയിരുന്നു ഐഎസ്എൽ കാണികളുടെ എണ്ണം. 

ടിവിയിൽ കളി കാണുന്നവരുടെ എണ്ണത്തിലെ വർധന ടൂർണമെന്റിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായകമാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഉൾപ്പെടെ ലോകത്തെ വമ്പൻ ലീഗുകൾക്കു ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ ഭാവിയിൽ ഐഎസ്എൽ വെല്ലുവിളി ഉയർത്തുമെന്നാണു കണക്കുകൂട്ടൽ. ഒൻപതു മണിക്ക് ഐഎസ്എൽ മൽസരം പൂർത്തിയാകുമ്പോൾ ഒൻപതു മുതൽ 10 വരെയുള്ള ‘പ്രൈംടൈം’ സ്റ്റാർ ടിവിക്കു മുതലാക്കാനാകുന്നില്ലെന്ന പോരായ്മയും പരിഹരിക്കപ്പെടും പുതിയ സമയക്രമം വരുന്നതോടെ. സ്റ്റാറിന്റെ പ്രാദേശിക ചാനലുകൾകൂടി ഉപയോഗപ്പെടുത്തുന്നതോടെ യൂറോപ്പിലെ ലീഗുകളെ കാഴ്ചക്കാരുടെ എണ്ണത്തിൽ പിന്നിലാക്കാമെന്നാണു കണക്കുകൂട്ടൽ. പത്തു ടീമുകളുമായി അഞ്ചുമാസം നീളുന്ന ലീഗാണു വരാൻ പോകുന്നത്. നവംബർ 17നു തുടങ്ങും.