Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒക്ടോബർ വിപ്ലവം' ജയിച്ചാൽ അർജന്റീന റഷ്യയിൽ

Lionel-Messi വെനസ്വേലയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മൽസരത്തിനിടെ ലയണൽ മെസ്സി.

അർജന്റീനയില്ലാതെ, ലയണൽ മെസ്സിയില്ലാതൊരു ലോകകപ്പ്. ഫുട്ബോൾ ആരാധകരുടെ ഇടനെഞ്ച് കലക്കുന്ന ഈ ദുഃസ്വപ്നത്തിനും റഷ്യൻ ലോകകപ്പിനും ഇനി ഒരു മൽസരത്തിന്റെ അകലം മാത്രം. അർജന്റീനയെ സംബന്ധിച്ചു റഷ്യയിലേക്കുള്ള യോഗ്യതാ റൗണ്ട് മൽസരങ്ങൾ കഴിഞ്ഞു. ഇനി ഫൈനലാണ്, ജയിച്ചാൽ ലോകകപ്പിലേക്കും തോറ്റാൽ പുറത്തേക്കും നയിക്കുന്ന ജീവൻമരണപ്പോരാട്ടം. 

സാധ്യതകളുടെ നൂൽപ്പാലം 

ഇക്വഡോറിനെതിരെ എവേ മൽസരമാണ് ഇനി അർജന്റീനയ്ക്കു മുന്നിൽ. പത്തു ടീമുകൾ മൽസരിക്കുന്ന തെക്കേ അമേരിക്കയിൽ നിന്നു നാലു ടീമുകളേ ലോകകപ്പിനു നേരിട്ടു യോഗ്യത നേടൂ. ഒരു ടീമിനു പ്ലേഓഫ് കളിച്ചും റഷ്യൻ ടിക്കറ്റ് ഉറപ്പിക്കാം. ആറാം സ്ഥാനത്താണ് അർജന്റീന ഇപ്പോൾ. മുന്നിൽ നിൽക്കുന്ന ടീമുകളുമായി പോയിന്റ് നിലയിൽ വലിയ അന്തരമില്ലായെന്നതാണ് അർജന്റീനയ്ക്കുള്ള ഏകആശ്വാസം. അവസാന മൽസരത്തിൽ ഈ ടീമുകൾ തമ്മിൽ കളിക്കുന്നതിന്റെ ആനുകൂല്യവുമുണ്ട്. കളത്തിൽ ഏറ്റുമുട്ടുന്ന ടീമുകളെ മാത്രമല്ല, മറ്റു ടീമുകളെയും ബാധിക്കും ഓരോ മൽസരഫലവും. 

അ‍ഞ്ചാം സ്ഥാനത്തുള്ള പെറു (25 പോയിന്റ്) നാലാം സ്ഥാനക്കാരായ കൊളംബിയയെയും (26 പോയിന്റ്) മൂന്നാം സ്ഥാനത്തേക്കു മുന്നേറിയ ചിലെ (26 പോയിന്റ്) ബ്രസീലിനെയുമാണ് ഇനി നേരിടുന്നത്. 24 പോയിന്റുമായി പാരഗ്വായും ചിത്രത്തിലുണ്ട്. ഇക്വഡോറിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അർജന്റീനയ്ക്ക് ഈ മൽസരങ്ങളുടെ ഫലം എന്തായാലും പ്ലേഓഫിനു അർഹത നേടാം. കൊളംബിയ– പെറു മൽസരം സമനിലയാകുകയും ബ്രസീൽ ചിലെയെ കീഴടക്കുകയും ചെയ്താൽ മേഖലയിലെ മൂന്നാം സ്ഥാനക്കാരായി അർജന്റീന റഷ്യയിലെത്തും.

കൊളംബിയ പെറുവിനെ കീഴടക്കുകയും പാരാഗ്വായ് വെനസ്വേലയോടു ജയിക്കാതിരിക്കുകയും ചെയ്താൽ ഇക്വഡോറിനെതിരായ സമനില പോലും അർജന്റീനയ്ക്കു പ്ലേഓഫ് സാധ്യത സമ്മാനിക്കും. 

ജയിക്കാൻ വേണം ഗോൾ 

പ്രമുഖരുടെ വൻപടയുണ്ടായിട്ടും ഗോളടിക്കാനാകാത്തതാണ് ടീമിന്റെ പ്രശ്നം. കഴിഞ്ഞ മൽസരങ്ങളിൽ മെസ്സിയും സംഘവും സൃഷ്ടിച്ച 73 ഗോൾ ഷോട്ടുകളിൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിയിട്ടില്ലായെന്ന കണക്കുകൾ ദയനീയസ്ഥിതി തുറന്നുകാട്ടുന്നു. ആക്രമണ ഫുട്ബോളിന്റെ വക്താവായ സാംപോളി പരിശീലകനായ ശേഷമുള്ള മൂന്നു മൽസരങ്ങളിൽ സെൽഫ് ഗോളിന്റെ രൂപത്തിൽ വന്ന ഒരേയൊരു ഗോളാണ് ടീമിന്റെ സമ്പാദ്യം.

മുന്നേറ്റത്തിൽ അമിതപരീക്ഷണം നടത്തുന്ന കോച്ചിന്റെ തന്ത്രങ്ങളും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. പെറുവിനെതിരായ കളിയിൽ മികച്ച ഫോമിലുള്ള ഡൈബാലയെ ഒഴിവാക്കിയതും ഭാവനാരഹിതമായ സബ്സ്റ്റിറ്റ്യൂഷനുകളും കടുത്ത വിമർശനമാണുണ്ടാക്കിയിട്ടുള്ളത്.