ആരാധകർ വീർപ്പുമുട്ടിച്ചു; ഹ്യൂമിന്റെ മനം നിറഞ്ഞു

ഐഎസ്എൽ നാലാം പതിപ്പിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരായ ഇയാൻ ഹ്യൂം, അജിത് ശിവൻ, റിനോ ആന്റോ എന്നിവർ കൊച്ചി ഇടപ്പള്ളി ലുലുമാളിൽ‌ നടന്ന ജഴ്സി അവതരണത്തിൽ. ചിത്രം: മനോരമ

കൊച്ചി∙ ഹ്യൂമേട്ടന്റെ കണ്ണു നിറഞ്ഞില്ലെന്നേയുള്ളൂ; മനസ്സു നിറഞ്ഞു തുളുമ്പിപ്പോയി. ഐഎസ്‌എല്ലിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്കു മടങ്ങിയെത്തിയ കനേഡിയൻ താരം ഇയാൻ ഹ്യൂം മലയാളികൾ ഇപ്പോഴും എത്രത്തോളം തന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഇന്നലെ വീണ്ടും തിരിച്ചറിഞ്ഞു. സ്വന്തം നാടിന്റെ കളിലഹരിയിൽ അഭിമാനത്തോടെ റിനോ ആന്റോ ഒപ്പം നിന്നു. പേരുകേട്ടവർക്കൊപ്പം കളിക്കാൻ ബ്ലാസ്റ്റേഴ്സ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട തുടക്കക്കാരനായ അജിത്ത് ശിവന് ആരാധകരുടെ ആവേശം കണ്ടു വാക്കുകൾ നഷ്ടപ്പെട്ടു. ഐഎസ്എൽ മത്സരവേദിയായ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ചെറുപതിപ്പായിരുന്നു ഇന്നലെ ഇടപ്പള്ളി ലുലു മാളും. ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുത്തൻ സീസണിലെ ജഴ്സി പ്രകാശനമായിരുന്നു ചടങ്ങ്. 

ഹ്യൂമും മലയാളി താരങ്ങളായ റിനോയും അജിത്തും സഹപരിശീലകനായ തങ്‌ബോയും കളിക്കളത്തിലെന്നപോലെ മഞ്ഞ-നീല ടീം ജഴ്സിയിൽ മാളിന്റെ നടുത്തളത്തിലെ വേദിയിലേക്കെത്തിയതോടെ കളിമൈതാനത്തെന്നപോലെ മാളിലെ അകത്തളത്തിലും പല തട്ടുകളിലുമായി കളിപ്രേമികൾ ആർത്തിരമ്പുകയായിരുന്നു. ഇത്രയേറെപ്പേർ ചടങ്ങിനെത്തിയത് അതിശയിപ്പിക്കുന്നുവെന്നും വീണ്ടും കേരളത്തിന്റെ സ്നേഹവും ആവേശവും അനുഭവിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും ഇയാൻ ഹ്യൂം പറഞ്ഞു. ടീമിനൊപ്പം ഈ സ്നേഹം എന്നുമുണ്ടാവണമെന്നും ഹ്യൂം അഭ്യർഥിച്ചു.

കളിക്കാൻ ഗ്രൗണ്ടിലിറങ്ങിയപ്പോഴത്തെ അതേ വികാരമാണ് ഇവിടെയും അനുഭവിക്കുന്നതെന്നു റിനോ ചൂണ്ടിക്കാട്ടി. എന്തു പറയണമെന്ന് അറിയില്ലെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ കളിച്ചുവളർന്നു ടീമിലെത്തിയ ഇടുക്കിക്കാരൻ അജിത്ത് ശിവന്റെ പ്രതികരണം. ഇളമുറക്കാരനും കിട്ടി നിറഞ്ഞ കയ്യടി. ഒടുവിൽ മലയാളി ആരാധകർക്കു മുന്നിൽ ഒരുനിമിഷം ഹ്യൂമേട്ടനും മലയാളിയായി. 

എല്ലാവരും ടീമിനെ സപ്പോർട്ട് ചെയ്യണമെന്നുള്ള ഹ്യൂമിന്റെ മലയാളത്തിലുള്ള അഭ്യർഥന നെഞ്ചേറ്റു വാങ്ങിയാണ് ആരാധകർ മടങ്ങിയത്. ഗുണനിലവാരമുള്ള ടീം ജഴ്സി ഇത്തവണ ടീം മാനേജ്മെന്റ് തന്നെ വിൽപനയ്ക്കെത്തിക്കും. 500 രൂപയാണു നിരക്ക്.