Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വടക്കിന്റെ കുട്ടികൾ’ക്കൊപ്പം ഹ്യൂം, വിനീത്, ഇസൂമി, റിനോ, ജിങ്കാൻ; പൊളിച്ചടുക്കാൻ ബ്ലാസ്റ്റേഴ്സ്

vineeth-blasters

‘കേരള–നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സ്’... ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ പ്ലെയർ ഡ്രാഫ്റ്റ് അവസാനിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരങ്ങളെ കണ്ട് ആരും വിളിച്ചുപോകുന്ന പേര്. ഏഴു മലയാളികൾ മാത്രം സ്ഥാനം പിടിച്ച കേരളത്തിന്റെ സ്വന്തം ടീമിലാണ് എട്ട് വടക്കുകിഴക്കൻ താരങ്ങളും ഇടംനേടിയത്. ഇന്ത്യൻ ഫുട്ബോളിൽ വേഗത്തിന്റെ പര്യായമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളെ ടീമിലെത്തിച്ചത് വെറുതെയാണെന്ന് എന്തായാലും കരുതാനാവില്ല. ഇതുവരെ നടന്ന മൂന്നു സീസണുകളിൽ രണ്ടിലും ഫൈനൽ കളിച്ച ടീമിന്റെ മധ്യ–പ്രതിരോധ നിരകളെ ശക്തിപ്പെടുത്താനാണ് ഡ്രാഫ്റ്റിൽ ടീം മാനേജ്മെന്റ് മുൻഗണന നൽകിയത്.

യുവത്വത്തിന്റെ കരുത്തു നിറഞ്ഞ ടീമിലേക്ക് പരിചയസമ്പന്നനായ ഇയാൻ ഹ്യൂമെന്ന ഹ്യൂമേട്ടൻ കൂടിയെത്തുന്നതോടെ, പ്രതീക്ഷകൾ വാനോളം ഉയർന്നു കഴിഞ്ഞു. ഹ്യൂം ടീമിലെത്തുന്നതോടെ ലഭിക്കുന്ന ആരാധക പിന്തുണ വേറെയും. ഡ്രാഫ്റ്റിൽ വിളിച്ചെടുത്തവരിൽ മൂന്നു പേരൊഴികെ എല്ലാവരും ഇരുപത്തഞ്ചോ അതിൽ താഴെയോ പ്രായമുള്ളവരാണ് എന്ന പ്രത്യേകതയുമുണ്ട്. കൂടുതൽ യുവത്വവും കരുത്തുമുള്ള ടീമിനെ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ കാണാമെന്നു ചുരുക്കം. മികച്ചൊരു ഗോൾകീപ്പറും സ്ട്രൈക്കറും, പറ്റിയാൽ തന്ത്രശാലിയായൊരു പ്ലേമേക്കറും കൂടി വിദേശതാരങ്ങളായി ടീമിലെത്തിയാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് ‘പൊളിക്കു’മെന്ന് കരുതാം.

ഹ്യൂമേട്ടൻ ടീമിലെ പതിനേഴാമൻ

ഇത്തവണ മഞ്ഞക്കുപ്പായമണിയുമെന്ന് ഉറപ്പായ താരങ്ങളുടെ എണ്ണം 17 ആയി ഉയർന്നു കഴിഞ്ഞു. മൂന്നു പേരെ ടീമിൽ നിലനിർത്തിയപ്പോൾ 13 പേരെയാണ് പ്ലെയർ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയത്. ആദ്യ വിദേശതാരമെന്ന നിലയിൽ ഇയാൻ ഹ്യൂമുമായും കരാർ ഒപ്പിട്ടതോടെയാണ് ടീമിലെടുത്തവരുടെ എണ്ണം 17 ആയത്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളുടെ ചുക്കാൻ പിടിച്ച മലയാളി താരം സി.കെ. വിനീത്, പ്രതിരോധത്തിലെ ഇന്ത്യൻ മതിലായ സന്ദേശ് ജിങ്കാൻ യുവതാരം പ്രശാന്ത് എന്നിവരെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിൽ നിലനിർത്തിയത്.

ഡ്രാഫ്റ്റിലൂടെ ടീമിലെത്തിയ താരങ്ങള്‍ ഇവരാണ്:

റിനോ ആന്റോ (29): വലതു വിങ് ബാക്ക്. ആക്രമിച്ചു കയറാനും മിടുക്കൻ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനു കളിച്ചു. ബെംഗളൂരു എഫ്സിയുടെയും താരമായിരുന്നു. 

ജാക്കിചന്ദ് സിങ് (25): വലതു വിങ്ങർ. അപകടകാരിയായ ആക്രമണകാരി. മണിപ്പുർ സ്വദേശി. മുംബൈ സിറ്റി എഫ്സിക്കും ഈസ്റ്റ് ബംഗാളിനും കളിച്ചു.

അരാത്ത ഇസൂമി (34): മിഡ്ഫീൽഡർ. ആക്രമിച്ചു കളിക്കും. ജാപ്പനീസ് വംശജൻ. എഫ്സി പുണെ സിറ്റിയിൽ കളിച്ചു. 

സുഭാശിഷ് റോയ് ചൗധരി (30): ഗോൾ കീപ്പർ. കൊൽക്കത്ത സ്വദേശി. ഈസ്റ്റ് ബംഗാളിനും എഫ്സി ഗോവയ്ക്കും കളിച്ചു.

മിലൻ സിങ് (25): മിഡ്ഫീൽഡർ. മണിപ്പുരിൽനിന്നു വരുന്നു. ഡൽഹി ഡൈനമോസിൽ കളിച്ചു.

ലാൽറുവാത്താര (22): ഡിഫൻഡർ. മിസോറം സ്വദേശി. ഐസോൾ എഫ്സിയിലൂടെ  ഉയർന്നുവന്നു, ഇന്ത്യയുടെ അണ്ടർ 23 ടീം ക്യാപ്റ്റൻ.

സിയാം ഹഗംൽ (24): മിഡ്ഫീൽഡർ. മണിപ്പുരിൽനിന്നു വരുന്നു. ചെന്നൈയിൻ എഫ്സിയിലും കളിച്ചു.

ലാൽതാകിമ (20): ഡിഫൻഡർ. മിസോറം സ്വദേശി. ഐസോൾ എഫ്സിയിലൂടെ  വളർന്നു. 

പ്രീതംകുമാർ സിങ് (21): ഡിഫൻഡർ. മണിപ്പുരിൽനിന്നു വരുന്നു. ഷില്ലോങ് ലജോങ് ഉൽപന്നം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും കളിച്ചു.

സാമുവൽ ഷഡാപ് (24): ഇടതു വിങ് ബാക്ക്. മേഘാലയയിലെ ഷില്ലോങ് സ്വദേശി. ലജോങ്ങിൽ കളിച്ചു വളർന്നു.

ലോക്കെൻ മീതേയീ (20): മിഡ്ഫീൽഡർ. മണിപ്പുർ സ്വദേശി. റിയൽ കശ്മീർ എഫ്സിയിൽനിന്നു ബ്ലാസ്റ്റേഴ്സിലേക്ക്. 

കരൺ സാഹ്നി (25): സ്ട്രൈക്കർ. മുംബൈ സ്വദേശി. ഡിഎസ്കെ ശിവാജിയൻസിലും ബെംഗളൂരു എഫ്സിയിലും കളിച്ചു.

അജിത് ശിവൻ (19): മിഡ്ഫീൽഡർ. ഇടുക്കി സ്വദേശി. റിലയൻസ് ഫൗണ്ടേഷന്റെ ഉൽപന്നമാണ് അജിത്. മൂവാറ്റുപുഴ നിർമല കോളജിലൂടെ ശ്രദ്ധേയനായി.

‘കേരള–നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സ്’?

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ടീമിനെ ‘കേരള–നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സ്’ എന്നു വിളിക്കാമോ? ടീം മാനേജ്മെന്റിനോട്  ആയിരുന്നു ചോദ്യം. അല്ലെന്ന് ഉത്തരം. ഷില്ലോങ് ലജോങ്ങിന്റെ  മുൻ ആചാര്യൻ താങ്ബോയി സിങ്തോയുടെ സ്വാധീനമാണോ ടീമിലെ വടക്കുകിഴക്കൻ കളിക്കാരുടെ ആധിക്യത്തിനു കാരണം എന്ന ചോദ്യത്തിനും നിഷേധാർഥത്തിലായിരുന്നു മറുപടി. ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ ആണിപ്പോൾ താങ്ബോയി.

‘‘ഈ ടീമിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു  കൂടുതൽ കളിക്കാരുണ്ട് എന്നതു സത്യം. അതുപക്ഷേ ‘താങ്ബോയി ഇഫക്ട്’ അല്ല. യുവാക്കൾ കൂടുതൽ വരണം എന്ന ചിന്താഗതി ഉണ്ടായിരുന്നു. ടീമിനെ നാളെയും നിലനിർത്തുന്ന പ്രതിഭകൾ വേണമെന്നുണ്ടായിരുന്നു. ആ ചിന്തയാണ് ഈ കളിക്കാരെ വിളിച്ചെടുക്കുന്നതിനു  കാരണമായത്. ഡ്രാഫ്റ്റിൽ വിളിച്ചെടുത്തവരിൽ മൂന്നു പേരൊഴികെ എല്ലാവരും ഇരുപത്തഞ്ചോ അതിൽ താഴെയോ പ്രായമുള്ളവരാണ്.’’

‘‘സ്റ്റേഡിയം നിറയുന്ന കാണികൾക്കു മുൻപിൽ 90 മിനിറ്റും കളിക്കാൻ കെൽപുള്ളവരെയാണു തിരഞ്ഞെടുത്തിരിക്കുന്നത്.. അവരുടെ കളിമിടുക്കിലും സംശയമില്ല. ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നിരാശപ്പെടേണ്ടിവരില്ല.’’– ടീം വൃത്തങ്ങൾ പറഞ്ഞു. 

ഐഎസ്എല്ലിൽ നിറയാൻ മലയാളികൾ

അനസ് എടത്തൊടിക (ജംഷഡ്പുർ എഫ്സി), റിനോ ആന്റോ, അജിത് ശിവൻ (കേരള ബ്ലാസ്റ്റേഴ്സ്), എം.പി.സക്കീർ (മുംബൈ എഫ്സി), ഷാഹിൻലാൽ, മുഹമ്മദ് റാഫി (ചെന്നൈയിൻ), അബ്ദുൽ ഹഖ് (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) എന്നീ മലയാളി താരങ്ങളെയാണു പ്ലെയർ ഡ്രാഫ്റ്റിൽ ടീമുകൾ വിളിച്ചെടുത്തത്.  മലയാളികളായ സി.കെ.വിനീത്, കെ.പ്രശാന്ത് എന്നിവരെ ബ്ലാസ്റ്റേഴ്സും ടി.പി.രെഹനേഷിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ആഷിഖ് കുരുണിയനെ എഫ്സി പുണെ സിറ്റിയും നിലനിർത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ ആദ്യവിളി അനസിനുവേണ്ടിയായിരുന്നു. തിരഞ്ഞെടുപ്പിനു വിരാമമിട്ട അവസാനത്തെ വിളി അജിത്തിനുവേണ്ടിയും.

related stories