Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജന്റീനയ്ക്കു ജയം; ഇംഗ്ലണ്ട്–ജർമനി സമനില

SOCCER-ENGLAND-MID-MCI/ സെർജിയോ അഗ്യൂറോ(ഫയൽ ചിത്രം).

മോസ്കോ ∙ പൊരുതിക്കളിച്ച റഷ്യയെ അവസാന മിനിറ്റുകളിൽ മറികടന്ന് അർജന്റീന സൗഹൃദ മൽസരത്തിൽ ഒരു ഗോളിന് വിജയിച്ചു. മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി തകർപ്പൻ ഫോം തുടരുന്ന സെർജിയോ അഗ്യൂറോയാണ് ഹെഡറിലൂടെ മുൻ ലോകചാംപ്യൻമാരുടെ മാനം കാത്തത്. 

ഇക്വഡേറിനെ തകർത്ത് റഷ്യൻ ലോകകപ്പിന് അർഹത നേടിയ അർജന്റീനയ്ക്ക് ലോകകപ്പിനുള്ള മുന്നൊരുക്കും കൂടിയായി റഷ്യൻ മണ്ണിലെ സൗഹൃദ മൽസരം. 2016 നു ശേഷം ദേശീയ ടീമിനുവേണ്ടി അഗ്യൂറോയുടെ ആദ്യ ഗോളാണിത്. 

മൗറോ ഇക്കാർഡി അവസാന നിമിഷം പരുക്കുമൂലം പിൻമാറിയപ്പോഴാണ് മെസ്സിക്കൊപ്പം മുൻനിരയിൽ ഇറങ്ങാൻ അഗ്യൂറോയ്ക്ക് കഴിഞ്ഞത്.

മറ്റു സൗഹൃദ മൽസരങ്ങളിൽ ഫ്രാൻസ് വെയ്‍ൽസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചപ്പോൾ യുവനിരയെ പരീക്ഷിച്ച ഇംഗ്ലണ്ട് കരുത്തരായ ജർമനിയെ വെംബ്ലിയിൽ ഗോൾരഹിത സമനിലയിൽ തളച്ചു. ബ്രസൽസിലെ തീപാറിയ മൽസരത്തിൽ ബൽജിയവും മെക്സിക്കോയും 3–3 സമനിലയിൽ പിരിഞ്ഞു. 

മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ബൽജിയത്തിന്റെ സ്ട്രൈക്കറുമായ റൊമേലു ലുകാക്കു ബൽജിയത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ബഹുമതിയും സ്വന്തമാക്കി.