ബ്രസീലും സ്പെയിനും നേർക്കുനേർ വരുമോ..? അർജന്റീനയും ഇംഗ്ലണ്ടും കൊമ്പുകോർക്കുമോ..? ഇന്നറിയാം

2018 റഷ്യൻ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വർണാഭമായ ചടങ്ങുകളോടെ ഇന്ന് മോസ്കോയിൽ അരങ്ങേറുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ആകാംക്ഷയേറെ. അടുത്ത വർഷം ജൂൺ 14നു തുടങ്ങുന്ന ലോകകപ്പിൽ ആരൊക്കെ, ഏതൊക്കെ ഗ്രൂപ്പിൽ വരുമെന്ന് നറുക്കെടുപ്പോടെ വ്യക്തമാകും. 

∙ എവിടെ, എപ്പോൾ? 

മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിൻ കൊട്ടാരത്തിലാണ് നറുക്കെടുപ്പ്. റഷ്യൻ സമയം ഇന്നു വൈകിട്ട് ആറിന് (ഇന്ത്യൻ സമയം രാത്രി 8.30) ചടങ്ങുകൾ തുടങ്ങും. സോണി ടെൻ ചാനലുകളിൽ തൽസമയം കാണാം. ഫിഫ വെബ്സൈറ്റിൽ കമന്ററിയുമുണ്ടാകും. 

∙ നറുക്കെടുപ്പ് എങ്ങനെ? 

ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളെയും നാലു കുടങ്ങളിലായി വീതിക്കും. ആതിഥേയരായ റഷ്യയും റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന മറ്റ് ഏഴു ടീമുകളുമാണ് ആദ്യത്തെ കുടത്തിൽ. റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ള എട്ടു ടീമുകൾ അവസാന കുടത്തിലും. ഓരോ കുടത്തിൽ നിന്നും ഒരു ടീമിനെ വീതം എടുക്കും. അങ്ങനെ നാലു ടീമുകളടങ്ങിയ എട്ടു ഗ്രൂപ്പുകളാക്കി തിരിക്കും. എന്നാൽ ഒരേ കോൺഫെഡറേഷനിൽനിന്നുള്ള ടീമുകൾ ഒരു ഗ്രൂപ്പിൽ വരുന്നതിനു നിയന്ത്രണമുണ്ട്. യൂറോപ്പിൽനിന്നുള്ള രണ്ട് ടീമുകൾ വരെ ഒരു ഗ്രൂപ്പിൽ വരാം. എന്നാൽ മറ്റു കോൺഫെഡറേഷനുകളിൽനിന്നുള്ള ഒരു ടീമേ ഓരോ ഗ്രൂപ്പിലും പാടുള്ളൂ. 

∙ ടീമുകൾ ഇങ്ങനെ 

കുടം 1: റഷ്യ, ജർമനി, ബ്രസീൽ, പോർച്ചുഗൽ, അർജന്റീന, ബൽജിയം, പോളണ്ട്, ഫ്രാൻസ് കുടം 2: സ്പെയിൻ, പെറു, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട്, കൊളംബിയ, മെക്സിക്കോ, യുറഗ്വായ്, ക്രൊയേഷ്യ കുടം 3: ഡെൻമാർക്ക്, ഐസ്‌ലൻഡ്, കോസ്റ്ററിക്ക, സ്വീഡൻ, തുനീസിയ, ഈജിപ്ത്, സെനഗൽ, ഇറാൻ കുടം 4: സെർബിയ, നൈജീരിയ, ഓസ്ട്രേലിയ, ജപ്പാൻ, മൊറോക്കോ, പാനമ, ദക്ഷിണ കൊറിയ, സൗദി അറേബ്യ 

∙ ചടങ്ങിൽ ആരൊക്കെ? 

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗാരി ലിനേക്കറും റഷ്യൻ ടിവി അവതാരക മരിയ കൊമാൻഡനായയുമാണ് പരിപാടിയുടെ മുഖ്യ അവതാരകർ. മുൻകാല ലോകകപ്പ് ജേതാക്കളായ ഡിയേഗോ മറഡോണ, മിറോസ്ലാവ് ക്ലോസെ, ലോറന്റ് ബ്ലാങ്ക്, കഫു, ഫാബിയോ കന്നവാരോ, ഡിയേഗോ ഫോർലാൻ തുടങ്ങിയവർ നറുക്കെടുപ്പിൽ‍ ഇവരെ സഹായിക്കും. 

∙ ലോകകപ്പ് എന്ന്? 

2018 ജൂൺ 14ന് മോസ്കോയിലെ ലുഷ്നികി സ്റ്റേ‍ഡിയത്തിലാണ് ലോകകപ്പിനു കിക്കോഫ്. രണ്ടാഴ്ചയോളം നീളുന്ന ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ജൂൺ 30ന് നോക്കൗട്ട് മൽസരങ്ങൾക്കു തുടക്കമാകും. ജൂലൈ 10–11 സെമിഫൈനലുകൾ. 14ന് മൂന്നാം സ്ഥാന മൽസരം. 15ന് ലുഷ്നികി സ്റ്റേഡിയത്തിൽ തന്നെയാണ് ഫൈനൽ. 

∙ ലോകകപ്പ് സമ്മാനത്തുക (യുഎസ് ഡോളറിൽ) 

ജേതാക്കൾ: 38 ദശലക്ഷം (ഏകദേശം 245 കോടി രൂപ) 

രണ്ടാം സ്ഥാനക്കാർ: 28 ദശലക്ഷം (180 കോടി രൂപ) 

മൂന്നാം സ്ഥാനക്കാർ: 24 ദശലക്ഷം (154 കോടി രൂപ) 

നാലാം സ്ഥാനക്കാർ: 22 ദശലക്ഷം (141 കോടി രൂപ) 

5–8 സ്ഥാനക്കാർ: 16 ദശലക്ഷം (103 കോടി രൂപ) 

9–16 സ്ഥാനക്കാർ: 12 ദശലക്ഷം (77 കോടി രൂപ) 

17–32 സ്ഥാനക്കാർ: 8 ദശലക്ഷം (51 കോടി രൂപ) 

ആകെ സമ്മാനത്തുക: 400 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 2578 കോടി രൂപ) 

∙ ഔദ്യോഗിക പോസ്റ്റർ 

റഷ്യയുടെ ഇതിഹാസ താരമായ ഗോൾകീപ്പർ ലെവ് യാഷിന്റെ ചിത്രമുള്ള പോസ്റ്റർ ഈ ആഴ്ചയാണ് പുറത്തിറക്കിയത്. വിഖ്യാത റഷ്യൻ കലാകാരനായ ഇഗോർ ഗുരോവിച്ച് രൂപകൽപന ചെയ്ത പോസ്റ്റർ മോസ്കോ മെട്രോയിലാണ് അനാവരണം ചെയ്തത്. 

∙ ഭാഗ്യചിഹ്നം 

സാബിവാക എന്നു പേരുള്ള ചെന്നായ് ആണ് റഷ്യൻ ലോകകപ്പിന്റെ ഭാഗ്യചിഹ്നം. ‘ഗോളടിക്കുന്നവൻ’ എന്നാണ് റഷ്യൻ ഭാഷയിൽ സാബിവാക എന്ന വാക്കിന്റെ അർഥം.