ഗോകുലം ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

ഭുവനേശ്വർ ∙ സൂപ്പർ കപ്പ് ഫുട്ബോളിൽ കേരളത്തിന്റെ രണ്ടു ടീമുകളുണ്ടാകുമോ എന്ന് ഇന്നറിയാം. പ്ലേഓഫ് പോരാട്ടത്തിൽ ഐ–ലീഗിലെ ഏഴാം സ്ഥാനക്കാരായ ഗോകുലം കേരള എഫ്സി ഐഎസ്എലിലെ പത്താം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെ നേരിടുന്നു. ഡൽഹി ഡൈനമോസും ചർച്ചിൽ ബ്രദേഴ്സും തമ്മിലാണ് ഇന്നത്തെ മറ്റൊരു പ്ലേഓഫ് മൽസരം. നാളെ മുംബൈ സിറ്റി – ഇന്ത്യൻ ആരോസ്, കൊൽക്കത്ത – ചെന്നൈ സിറ്റി മൽസരങ്ങൾ. ജയിക്കുന്ന നാലു ടീമുകളും 31നു തുടങ്ങുന്ന സൂപ്പർ കപ്പിലേക്കു യോഗ്യത നേടും.

 ഐഎസ്എലിൽ നന്നായി കളിച്ചിട്ടും നിരാശയുണർത്തിയ അന്തിമഫലം മറക്കാൻ ഗോകുലത്തിനെതിരെ യുദ്ധസമാനമായി പോരാടുമെന്ന് നോർത്ത് ഈസ്റ്റ് പരിശീലകൻ അവ്‌റാം ഗ്രാന്റ് പറഞ്ഞു. ഐ–ലീഗിൽ കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണു ഗോകുലം ഇറങ്ങുന്നത്. ‘‘ഐ–ലീഗിൽ നന്നായിട്ടല്ല ഞങ്ങൾ തുടങ്ങിയത്. പക്ഷേ, പിന്നീടു ഫോമിലായി. അപ്പോഴേക്കും വൈകിപ്പോയെന്നു മാത്രം. ആ സങ്കടം സൂപ്പർ കപ്പിൽ തീർക്കണം.’’ – ഗോകുലം പരിശീലകൻ ബിനോ ജോർജ് പറഞ്ഞു. കലിംഗ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണു മൽസരം. അതിനു മുൻപു വൈകിട്ട് അഞ്ചിനു ഡൈനമോസ് – ചർച്ചിൽ പോരാട്ടം.