Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാട്രിക് മോഹം പൊലിഞ്ഞു; ചർച്ചിൽ ബ്രദേഴ്സിനോടു സമനില വഴങ്ങി ഗോകുലം എഫ്സി

goal-sajeesh കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരള എഫ്സി താരം അർജുൻ ജയരാജ് ഗോൾ നേടുന്നു. ചിത്രം: സജീഷ് ശങ്കർ∙ മനോരമ

കോഴിക്കോട് ∙ തുടർച്ചയായ 2 വിജയങ്ങൾക്കുശേഷം ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു സമനിലപ്പൂട്ട്. ആവേശകരമായ മൽസരത്തിൽ ചർച്ചിൽ ബ്രദേഴ്സ് ഗോവയുമായി ഗോകുലം സമനിലയിൽ പിരിഞ്ഞു (1–1). 5–ാം മിനിറ്റിൽ വില്ലിസ് പ്ലാസയിലൂടെ മുന്നിലെത്തിയ ചർച്ചിലിനെ 36–ാം മിനിറ്റിൽ അർജുൻ ജയരാജ് നേടിയ ഗോളിലാണു ഗോകുലം പിടിച്ചുകെട്ടിയത്. ഗോകുലത്തിന്റെ അടുത്ത കളി 8ന് ഈസ്റ്റ് ബംഗാളിനെതിരെ കൊൽക്കത്തയിൽ. 

കഴിഞ്ഞ കളിയിൽനിന്ന് 2 മാറ്റങ്ങളുമായാണു പരിശീലകൻ ബിനോ ജോർജ് ഇന്നലെ ഗോകുലത്തെ ഒരുക്കിയത്. വി.പി.സുഹൈറിനു പകരം മുന്നേറ്റനിരയിൽ പുതിയ വിദേശതാരം ക്രിസ്ത്യൻ സാബാ വന്നു. ഗനി അഹമ്മദ് നിഗം, കെ. ദീപക് എന്നിവർക്കു പകരം അർജുൻ ജയരാജും വുങ്‌ഗയാം മുയ്‌റങ്ങും ആദ്യ ഇലവനിലെത്തി. 

ഗോകുലത്തിന്റെ എൻജിൻ ചൂടായി വരും മുൻപേ ചർച്ചിൽ ലീഡ് നേടി. ഐ ലീഗ് ടോപ് സ്കോറർ ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം വില്ലിസ് പ്ലാസയുടെ ഉഗ്രൻ ഫിനിഷ്. ഇസ്രൈൽ ഗുരുങ്ങിന്റെ പാസിൽനിന്നായിരുന്നു ഗോൾ. ലീഗിൽ പ്ലാസയുടെ 6–ാം ഗോൾ. ഒപ്പമെത്താനുള്ള ഗോകുലത്തിന്റെ ശ്രമങ്ങൾ ലക്ഷ്യത്തിലെത്താൻ അരമണിക്കൂർ വേണ്ടിവന്നു. മധ്യനിരയിൽനിന്നു തട്ടിയെടുത്ത പന്തുമായി ക്രിസ്ത്യൻ സാബായുടെ കുതിപ്പ്. ഓടിക്കയറിയ അർജുൻ ജയരാജിനെ ലക്ഷ്യമാക്കി സാബായുടെ നീളൻ പാസ്. ചർച്ചിൽ പ്രതിരോധത്തെ ഓടിത്തോൽപിച്ച അർജുൻ, ഗോളി ജയിംസിനെ കബളിപ്പിച്ച് വലയിലേക്കു പന്തടിച്ചു കയറ്റി. മികച്ച നീക്കങ്ങളിലൂടെ ഗോകുലത്തിന് ഇന്ധനം പകരുന്ന താരത്തിന്റെ പുതിയ സീസണിലെ ആദ്യത്തെ ഗോൾ. ഇന്നലത്തെ കളിയിലെ മാൻ ഓഫ് ദ് മാച്ചും അർജുൻതന്നെ. 

രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും ഒട്ടേറെ അവസരങ്ങൾ കിട്ടി. ഗോകുലത്തിന്റെ ഭാഗ്യത്തിനു ചർച്ചിലിന്റെ നീക്കങ്ങൾ പോസ്റ്റിനു പുറത്തു പോയി. തുടക്കംമുതൽ വിയർത്തു കളിച്ച സാബാ 79–ാം മിനിറ്റിൽ ആതിഥേയരെ മുന്നിലെത്തിച്ചെന്നു തോന്നിച്ചെങ്കിലും ചർച്ചിലിനെ ക്രോസ് ബാർ രക്ഷിച്ചു. കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഗനിയെയും സുഹൈറിനെയും ഗോകുലം പരീക്ഷിച്ചെങ്കിലും ലീഡ് നേടാനായില്ല. കഴിഞ്ഞ 2 കളികളിലും മികച്ച പ്രകടനം നടത്തിയ എസ്. രാജേഷിനെ ചർച്ചിലുകാർ പൂട്ടി.