ബ്രസീലിനും അർജന്റീനയ്ക്കും പോർച്ചുഗലിനും ജയം; മിന്നിത്തിളങ്ങി റൊണാൾഡോ – വിഡിയോ

മോസ്കോ ∙ റഷ്യൻ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ വമ്പൻ ടീമുകൾക്കു ജയം. നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലും മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയും ജയം കുറിച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻജുറി ടൈമിലെ ഇരട്ട ഗോളുകളിൽ പോർച്ചുഗലും ജയം കണ്ടു. മുൻ ജേതാക്കളായ ജർമനിയും സ്പെയിനും സമനിലയിൽ പിരിഞ്ഞു. ഇംഗ്ലണ്ട്, മെക്സിക്കോ എന്നിവരും ജയത്തോടെ തുടങ്ങിയപ്പോൾ ഫ്രാൻസ് കൊളംബിയയോടും ക്രൊയേഷ്യ പെറുവിനോടും തോറ്റു.

ഡബിൾ റൊണാൾഡോ

അതിഥി താരമായിട്ടാണ് ഇറങ്ങിയതെങ്കിലും റൊണാൾഡോ പതിവു പോലെ സൂപ്പർ താരമായി! 92, 94 മിനിറ്റുകളിൽ റൊണാൾഡോ നേടിയ ഗോളുകളിലാണ് പോർച്ചുഗൽ മുഹമ്മദ് സലായുടെ ഈജിപ്തിനെ 2–1നു മറികടന്നത്. സലാ തന്നെയാണ് ഈജിപ്തിന്റെ ഗോൾ നേടിയത്. ക്ലബ്, രാജ്യാന്തര കരിയറിലായി 900–ാം മൽസരത്തിനിറങ്ങിയ റൊണാൾഡോ പോർച്ചുഗൽ ജഴ്സിയിൽ 81–ാം ഗോളും നേടി, എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. 84 ഗോളുകളോടെ ഹംഗറി താരം ഫെറങ്ക് പുസ്കാസും 109 ഗോളുകളോടെ ഇറാൻ സ്ട്രൈക്കർ അലി ദേയിയും മാത്രമാണ് റൊണാൾഡോയ്ക്കു മുന്നിലുള്ളത്.

ബ്രസീൽ, അർജന്റീന

റഷ്യയ്ക്കെതിരെ ആദ്യപകുതിയിൽ അവസരങ്ങൾ‌ തുലച്ചതിനു ശേഷം രണ്ടാം പകുതിയിലെ മൂന്നു ഗോളുകളിലാണ് ബ്രസീൽ 3–0നു ജയിച്ചത്. ജോവോ മിറാൻഡ, ഫിലിപ്പെ കുടീഞ്ഞോ, പൗളീഞ്ഞോ എന്നിവരാണ് ഗോളുകൾ നേടിയത്. പിന്നാലെ ഇറ്റലിക്കെതിരെ മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീന 2–0നു ജയിച്ചു. പരിശീലനത്തിനിടെ നേരിയ പരുക്കേറ്റതാണ് മെസ്സിയെ ആദ്യ ഇലവനു പുറത്താക്കിയത്. പകരക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും മെസ്സിയെ കോച്ച് ജോർജെ സാംപോളി ഇറക്കിയില്ല. പരുക്കിൽ നിന്നു മോചിതനാകാത്ത സെർജിയോ അഗ്യൂറോയും ഇറങ്ങിയില്ല. 

എവർ ബനേഗ, മാനുവൽ ലാൻസിനി എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. മൽസരത്തിനിടെ തുടയ്ക്കു പരുക്കേറ്റ ഏഞ്ചൽ ഡിമരിയ സ്പെയിനിനെതിരെ അടുത്ത കളിയിൽ ഉണ്ടാകില്ല.

ഓറഞ്ചിനു മേൽ ഇംഗ്ലണ്ട് 

മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് താരം ജെസെ ലിങ്ങാർദ് 59–ാം മിനിറ്റിൽ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് ഹോളണ്ടിനെ 1–0നു മറികടന്നത്. 1996ലെ യൂറോകപ്പിൽ ഹോളണ്ടിനെതിരെ 4–1നു ജയിച്ച ഇംഗ്ലിഷ് ടീമിൽ അംഗമായിരുന്ന ഇപ്പോഴത്തെ കോച്ച് ഗാരെത് സൗത്ഗേറ്റിന് ഓർമ പുതുക്കുന്ന ജയമായി ഇത്. ഹോളണ്ട് പരിശീലകനെന്ന നിലയിൽ ഇതിഹാസ താരം റൊണാൾഡ് കൂമാൻ ആദ്യ കളിയിൽ തോൽവിയും രുചിച്ചു. മൽസരത്തിനു മുൻപ് ആംസ്റ്റർഡാമിൽ അക്രമാസക്തരായ 90 ഇംഗ്ലിഷ് ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫ്രാൻസ് വീണു തുടങ്ങി

പകരക്കാരൻ യുവാൻ ക്വിന്റെറോയുടെ പെനൽറ്റി ഗോളിലാണ് കൊളംബിയ ഫ്രാൻസിനെ 3–2നു വീഴ്ത്തിയത്. 0–2നു പിന്നിൽ നിന്ന ശേഷമായിരുന്നു ലാറ്റിനമേരിക്കൻ ടീമിന്റെ തിരിച്ചു വരവ്. 

ഒളിവർ ജിരൂദ്, തോമസ് ലെമർ എന്നിവരാണ് ഫ്രാൻസിനു ലീഡ് നൽ‌കിയത്. ലൂയിസ് മുറിയൽ, റഡമൽ ഫൽക്കാവോ എന്നിവർ കൊളംബിയയെ കളിയിലേക്കു തിരിച്ചു കൊണ്ടു വന്നു. 

ബാർസിലോന താരം സാമുവൽ ഉംറ്റിറ്റി കൊളംബിയൻ താരം ജോസെ ഇസ്ക്വെർദോയെ വീഴ്ത്തിയതിനാണ് 85–ാം മിനിറ്റിൽ കൊളംബിയയ്ക്കു പെനൽറ്റി കിട്ടിയത്. ജർമനിക്കെതിരെ ആറാം മിനിറ്റിൽ റോഡ്രിഗോയാണ് സ്പെയിനിന്റെ ഗോൾ നേടിയത്. 35–ാം മിനിറ്റിൽ തോമസ് മുള്ളർ ലോക ചാംപ്യൻമാർക്കു സമനില നൽകി.