രണ്ടു ഗോൾ ലീഡ് കൈവിട്ട ബ്ലാസ്റ്റേഴ്സിന് തോൽവി; സൂപ്പർകപ്പിന് പുറത്ത്

നെറോക്ക എഫ്സി–കേരളാ ബ്ലാസ്റ്റേഴ്സ് മൽസരത്തിൽനിന്ന്. (ചിത്രം: ട്വിറ്റർ)

പഠിപ്പിസ്റ്റുകളായ ബ്ലാസ്റ്റേഴ്സ് പരീക്ഷ തോറ്റു! ജയിക്കാൻ ഇത്രയൊക്കെ മതി എന്ന അഹംഭാവത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ പേരുവെട്ടി നെറോക്ക എഫ്സി, സൂപ്പർ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ (3–2). രണ്ടു ഗോളിനു മുന്നിലെത്തിയ ശേഷം  രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചു വാങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. സ്പാനിഷ് താരം പുൾഗ, മലയാളി താരം കെ. പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. പ്രശാന്തിന്റെ ഗോളിനു പിന്നാലെ, വിനീതിന്റെ ഷോട്ടും ഗോളിലെത്തിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതു തിരിച്ചടിയായി. ഫ്രഞ്ച് താരം ജീൻ ജോവാക്വിം, ഓസ്ട്രേലിയൻ താരം ആര്യൻ വില്യംസ്, നൈജീരിയൻ താരം ഫെലിക്സ് ചിഡി എന്നിവരാണ് നെറോക്കയുടെ സ്കോറർമാർ. പ്രീ–ക്വാർട്ടർ മൽസരങ്ങൾ ഇതോടെ പൂർത്തിയായി.  ഇന്നു കളിയില്ല. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ നാളെ തുടങ്ങും. ഇതോടെ, സൂപ്പർ കപ്പിലെ കേരള പ്രതിനിധ്യം അവസാനിച്ചു. ഗോകുലം എഫ്സി കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്സിയോടു തോറ്റു പുറത്തായിരുന്നു. ക്വാർട്ടർ ഫൈനലിൽ അഞ്ച് ഐ ലീഗ് ക്ലബ്ബുകളും മൂന്ന് ഐഎസ്എൽ ക്ലബ്ബുകളും കളിക്കും.

പഠിച്ചു, പഠിപ്പിച്ചു

ഒരേ ക്ലാസിലെ കുട്ടികളായിരുന്നു ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ്.  ‘മുൻ ബെഞ്ചിൽ ചാടിയെണീറ്റ്’ പാസുകൾ സ്വീകരിച്ച വിനീതും പ്രശാന്തും മുതൽ മറ്റു ക്ലാസുകാർ തല്ലാൻ വരുമ്പോൾ ആരെടാ എന്നു ചോദിച്ച് ക്ലാസിന്റെ അഭിമാനം കാത്ത വെസ് ബ്രൗണും പെസിച്ചും വരെ ഗാലറിയുടെ കയ്യടി വാങ്ങി. ഇരുവരും ഉറ്റ കൂട്ടുകാരെപ്പോലെ തോളിൽ കയ്യിട്ട് സുന്ദരമായി കളിച്ചതോടെ ലീഡർ ജിങ്കാൻ ഞാനിപ്പോൾ വരാം എന്നു പറഞ്ഞ് മുന്നേറ്റത്തിലേക്കു കയറി. പുൾഗ മിഡ്ഫീൽഡിൽ ക്ലാസിലെ മുതിർന്ന ഒരാളെപ്പോലെ അച്ചടക്കം നിയന്ത്രിച്ചു. അനായാസമായിട്ടാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്.

ബ്ലാസ്റ്റേഴ്സിന്റെ വരിഞ്ഞു മുറുക്കലിൽ നെറോക്ക വീഴാൻ അധികം വൈകിയില്ല. മിലന്റെ ക്രോസ് ബോക്സിൽ ഗൗരമംഗി സിങ്ങിന്റെ കയ്യിൽ തട്ടി. ബ്ലാസ്റ്റേഴ്സിനു പെനൽറ്റി. ഒന്നാഞ്ഞ്, ഒന്നു നിർത്തി പുൾഗ തൊടുത്ത കിക്ക് ഉരുട്ടിവിട്ട പോലെ ഗോളിലേക്കു കയറി. അര മണിക്കൂറിൽ തന്നെ ബ്ലാസ്റ്റേഴ്സിനു മൂന്നു ഗോളിനെങ്കിലും മുന്നിലെത്താമായിരുന്നു. 25–ാം മിനിറ്റിൽ ബോക്സിന്റെ വലതു പാർശ്വത്തിൽ നിന്ന് മലയാളി താരം പ്രശാന്തിന്റെ ഷോട്ട് നെറോക്ക ഗോൾകീപ്പർ ലളിത് ഥാപ്പയെ കടന്നെങ്കിലും പോസ്റ്റിൽ തട്ടിമടങ്ങി. തൊട്ടടുത്ത മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ വിനീത് തൊടുത്ത ഷോട്ട് സൈഡ് നെറ്റിലേക്ക്.

ശ്രമം, വിഫലം: ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീതിന്റെ ഷോട്ട് തടുക്കുന്ന നെറോക്ക ഗോൾകീപ്പർ ലളിത് ഥാപ്പ. ഇത് ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിനു നഷ്ടമായ ഗോളവസരങ്ങൾ കളിയിൽ തിരിച്ചടിയായി. ചിത്രം: റിജോ ജോസഫ് ∙ മനോരമ

പക്ഷേ, തോറ്റു!

നന്നായി പഠിക്കുന്നവരെ കാണുമ്പോഴുള്ള ഉൽസാഹമില്ലേ; അതു പോലെ രണ്ടാം പകുതിയിൽ നെറോക്ക നന്നായി. അപകടകാരികളാകും എന്നു തോന്നിയപ്പോഴേക്കും ബ്ലാസ്റ്റേഴ്സ് അവർക്കു വീണ്ടും മരുന്നു കൊടുത്തു. മധ്യനിര വിട്ടു മുന്നേറിയ പുൾഗ ബോക്സിൽ നിന്നു നൽകിയ ബാക്ക്ഹീൽ പാസ് പെകുസന്. വലതു പാർശ്വത്തിൽ നിന്നു പെകുസൻ നൽകിയ പാസിനെ പ്രശാന്ത് ഗോളിലേക്കു കാലുനീട്ടി വിട്ടു. രണ്ടു ഗോളിനു മുന്നിലെത്തിയതിനു ശേഷം ബ്ലാസ്റ്റേഴ്സ് നെറോക്കയോടു പരീക്ഷയിൽ പറഞ്ഞു കൊടുക്കുന്ന കൂട്ടുകാരനെപ്പോലെ കരുണ കാണിച്ചു തുടങ്ങി– എത്ര എഴുതിയാലും തന്നെക്കാൾ മാർക്കു കിട്ടില്ല എന്ന ആത്മവിശ്വാസം!

എന്നാൽ കിട്ടിയ സമയം നെറോക്ക നന്നായി മുതലെടുത്തു. 70–ാം മിനിറ്റിൽ അവർ മാർക്കു നേടി. ബോക്സിലേക്കു വന്ന ലോബ് കാലിലെടുത്ത് ജോവാക്വിം തൊടുത്ത ഷോട്ടിൽ റച്ചൂബ്ക നിസ്സഹായനായി. പഠിച്ചതൊക്കെ വാർഷിക പരീക്ഷയ്ക്കു മറന്നു പോയ കുട്ടികളെപ്പോലെയായി അതോടെ ബ്ലാസ്റ്റേഴ്സ്. നെറോക്കയുടെ തുടർ മുന്നേറ്റത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉലഞ്ഞു. 79–ാം മിനിറ്റിൽ ആരുമറിയാതെ നെറോക്ക രണ്ടാം ഗോളും നേടി. വലതു വിങ്ങിൽ നിന്നുള്ള ക്രോസിൽ അര്യൻ ഗ്ലെൻ വില്യംസ് കാലുവച്ച പന്ത് പുറത്തേക്കു പോകും എന്നു റച്ചൂബ്ക കരുതി. എന്നാൽ പന്തു മെല്ലെ ഗോളിന്റെ പടി കടന്നു. 81–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനു ശരിക്കും നിർഭാഗ്യം. അതു വരെ സുന്ദരമായി കളിച്ച ബ്രൗണിന്റെ കയ്യിൽ പന്തു തട്ടി. നെറോക്കയ്ക്കു പെനൽറ്റി കിക്ക്. ഫെലിക്സ് ചിഡിയുടെ കിക്കിൽ ബ്ലാസ്റ്റേഴ്സ് ഫെയ്ൽ‍ഡ്!