വിറപ്പിച്ച് സെൽറ്റ വിഗോ; തോൽവിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ബാർസ

ബാർസയുടെ ഗോൾ നേടിയ പൗളിഞ്ഞോയെ മറ്റു താരങ്ങൾ അഭിനന്ദിക്കുന്നു

മഡ്രിഡ് ∙ തോൽവിയില്ലാ തുടർച്ചയുടെ റെക്കോർഡ് കുറിച്ചതിനു ശേഷമുള്ള ആദ്യ മൽസരത്തിൽ തന്നെ തോൽക്കുകയെന്ന തിരിച്ചടിയിൽനിന്ന് ബാർസിലോന രക്ഷപ്പെട്ടു. കളിയുടെ അവസാനം പത്തു പേരായി ചുരുങ്ങി, സമനില ഗോൾ വഴങ്ങി വിറച്ചെങ്കിലും സ്പാനിഷ് ലീഗ് മൽസരത്തിൽ സെൽറ്റ വിഗോയ്ക്കെതിരെ ബാർസയ്ക്കു സമനില (2–2). എൺപതാം മിനിറ്റുവരെ 2–1 ലീഡുമായി വിജയത്തിലേക്കു കുതിക്കുകയായിരുന്ന ബാർസയ്ക്ക് അവസാന പത്തു മിനിറ്റിലാണു പൊരുതേണ്ടി വന്നത്. 

ഇയാഗോ അസ്പാസിനെ ഫൗൾ ചെയ്തതിനു സെർജി റോബർട്ടോ ചുവപ്പു കാർഡ് കണ്ടതോടെ ബാർസ പത്തു പേരായി ചുരുങ്ങി. പിന്നാലെ ഭാഗ്യത്തിന്റെ അകമ്പടിയോടെ അസ്പാസ് തന്നെ സെൽറ്റയെ ഒപ്പമെത്തിച്ചു. ഗോളിലേക്കുള്ള വഴിയേ പന്ത് അസ്പാസിന്റെ കയ്യിൽ തട്ടിയതു റഫറി കണ്ടില്ല. വിജയഗോളിനായി ആഞ്ഞു പൊരുതിയ സെൽറ്റ ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റെഗന്റെ മനഃസാന്നിധ്യം ബാർസയെ രക്ഷിച്ചു. പകരക്കാരൻ ലൂക്കാസ് ബോയെ ഷോട്ടെടുക്കാൻ അമാന്തിച്ചു നിന്നതോടെ ടെർസ്റ്റെഗൻ ഇടപെട്ട് അപകടമൊഴിവാക്കുകയായിരുന്നു. 

ശനിയാഴ്ച സെവിയ്യയ്ക്കെതിരെ കിങ്സ് കപ്പ് ഫൈനൽ കളിക്കാനുള്ളതിനാൽ മെസ്സി, ലൂയി സ്വാരെസ്, ജെറാർദ് പിക്വെ, സാമുവൽ ഉംറ്റിറ്റി, സെർജിയോ ബുസ്കെറ്റ്സ്, ഇവാൻ റാകിട്ടിച്ച് എന്നിവരെയൊന്നും ബാർസ കോച്ച് ഏണസ്റ്റോ വെൽവെർദെ ആദ്യ ഇലവനിൽ ഇറക്കിയില്ല. സെൽറ്റയുടെ സ്റ്റേഡിയത്തിൽ 36–ാം മിനിറ്റിൽ സുന്ദരമായൊരു ഹാഫ് വോളിയിലൂടെ ഒസ്മാൻ ഡെംബെലെയാണ് ബാർസയെ ആദ്യം മുന്നിലെത്തിച്ചത്. 45–ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഫിനിഷിൽ ജോണി കാസ്ട്രോ സെൽറ്റയെ ഒപ്പമെത്തിച്ചു. 

രണ്ടാം പകുതിയിൽ മെസ്സി പകരക്കാരനായിറങ്ങി നാലു മിനിറ്റിനകം പൗളീഞ്ഞോ ബാർസയ്ക്കു വീണ്ടും നൽകി. സമനിലയോടെ തോൽവിയറിയാതെ ബാർസ 40 ലാ ലിഗ മൽസരങ്ങൾ പൂർത്തിയാക്കി. സീസണിൽ ഒന്നാം സ്ഥാനത്ത് 12 പോയിന്റ് ലീഡുമായി കറ്റാലൻ ക്ലബ്.