sections
MORE

പടിക്കൽ കളിയുടച്ചു!

sunil-chhetri
SHARE

ഹൃദയം തകർന്നുപോയി. എന്റെ മാത്രമല്ല ഇന്ത്യൻ ആരാധകരുടെയെല്ലാം ഹൃദയം തകർത്തുകൊണ്ടാണ് ജമാൽ റാഷിദിന്റെ ആ ഇടം കാലൻ പെനൽറ്റി ഗോളായത്. ഇടത്തേക്കു ചാടിയ ഗോളി ഗുർപ്രീത് സിങ് സന്ധുവിനെ മറികടന്ന് ആ ഷോട്ട് തുളഞ്ഞു കയറിയത് ഇന്ത്യൻ പോസ്റ്റിന്റെ മധ്യത്തിലേക്ക്. എത്ര സുന്ദരമായ ചാൻസായിരുന്നു ഛേത്രിക്കും കൂട്ടർക്കും മുന്നിലുണ്ടായിരുന്നത്. പക്ഷേ, നിർണായക മൽസരത്തിൽ നമുക്കു പിഴച്ചു. പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കുക എന്നൊക്കെ പറയില്ലേ? അതു തന്നെ ഇതും!

നോക്കൗട്ട് സ്വപ്നം കണ്ടിറങ്ങിയ കളിക്കാരും ഗാലറിയിൽ ഉണ്ടായിരുന്ന ഞാനടക്കമുള്ള കാണികളും നിരാശയോടെ പുറത്തേക്ക്. ഈ തോൽവി വെറുമൊരു തോൽവിയല്ല. ഏഷ്യൻ കപ്പിന്റെ തുടർന്നുള്ള കളികളിൽ ഇന്ത്യയില്ല എന്നോർക്കുമ്പോൾ സങ്കടം ഇരട്ടിയാകും. 90 മിനിറ്റ് ഗോൾ വഴങ്ങാതെ നിന്ന നമുക്ക് രണ്ടാം പകുതിയിലെ ഇൻജുറി ടൈമാണു വിനയായത്.  90+1 മിനിറ്റിലായിരുന്നു ആ പെനൽറ്റി.

ആദ്യ കളിയിൽ തായ്‌ലൻഡിനെ 4–1നു തകർത്തെറിയുകയും രണ്ടാം മൽസരത്തിൽ കരുത്തരായ യുഎഇയെ വിറപ്പിച്ചുവിടുകയും ചെയ്ത ഇന്ത്യ നാട്ടിലേക്കു മടങ്ങുമ്പോൾ ഗ്രൂപ്പിലെ മറ്റു മൂന്നു ടീമും നോക്കൗട്ട് തിളക്കത്തിലാണ്. ആദ്യ രണ്ടു സ്ഥാനക്കാരായി യുഎഇ, ബഹ്റൈൻ എന്നീ ടീമുകൾ നേരിട്ടു നോക്കൗട്ടിലെത്തി. മൂന്നാം സ്ഥാനക്കാരായ തായ്‌ലൻഡിനും  നോക്കൗട്ട് സാധ്യതയുണ്ട്. ബഹ്റൈനെതിരെ ആക്രമണ ഫുട്ബോൾ കൈവിട്ടതാണ് ഇന്ത്യയുടെ തോൽവിക്കു കാരണം. ഇന്നലെ ബഹ്റൈൻ ജയിക്കാനാണു കളിച്ചത്. ഇന്ത്യ തോൽക്കാതിരിക്കാനും. മൽസരത്തിൽ ഒരൊറ്റ ഗോൾഷോട്ട് പോലും നമുക്കു തൊടുക്കാനായില്ല എന്നത് ഏറെ ആശങ്കപ്പെടുത്തുന്നു.

പ്രതിരോധ നിര താരം അനസ് എടത്തൊടിക നാലാം മിനിറ്റിൽത്തന്നെ പരുക്കേറ്റു പുറത്തായതാണ് ഇന്ത്യയെ വലിഞ്ഞു കളിക്കാൻ പ്രേരിപ്പിച്ചതെന്നു തോന്നുന്നു.  90 മിനിറ്റ് ഗോൾവഴങ്ങാതെ പിടിച്ചുനിന്ന നമുക്ക് ഒരു നിമിഷത്തെ അശ്രദ്ധ വിനയായി. അതുവരെ പ്രതിരോധനിരയിൽ ഉജ്വലമായി കളിച്ച പ്രണോയ് ഹാൽദറിന്റെ അമിതാവേശമാണു തീർത്തും അനാവശ്യമായ പെനൽറ്റി ബഹ്റൈനു സമ്മാനിച്ചത്. 

ബോക്സിനകത്തു പന്തുമായി മുന്നേറാൻ ശ്രമിച്ച ബഹ്റൈൻ താരത്തെയാണു പ്രണോയ് നോട്ടമിട്ടത്, അയാളുടെ കാലിലെ പന്തിനെയല്ല. ഗ്രൂപ്പിലെ രണ്ടാമത്തെ മൽസരം കാണാൻ സാധിച്ചില്ലെങ്കിലും, ആതിഥേയരായ യുഎഇയെ തായ്‌ലൻഡ് 1–1 സമനിലയിൽ തളച്ചതു ഞെട്ടിച്ചു കളഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA