ലണ്ടൻ ∙ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫഡിൽ നിന്ന് ആർസനൽ പരിശീലകൻ ആർസീൻ വെംഗർക്കു തോൽവിയോടെ യാത്രയയപ്പ്. അവസാന മിനിറ്റിൽ ബൽജിയം താരം മൗറെൻ ഫെല്ലിനി നേടിയ ഗോളിൽ യുണൈറ്റഡ് ആർസനലിനെ 2–1നു വീഴ്ത്തി.
അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ യൂറോപ്പ ലീഗ് മൽസരമുള്ളതിനാൽ രണ്ടാം നിര ടീമിനെയാണ് വെംഗർ ഇറക്കിയത്. 16–ാം മിനിറ്റിൽ പോൾ പോഗ്ബയുടെ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി. 51–ാം മിനിറ്റിൽ മുൻ യുണൈറ്റഡ് താരം ഹെൻറിക് മഖിതെര്യാനാണ് ആർസനലിനെ ഒപ്പമെത്തിച്ചത്. എന്നാൽ തോൽക്കാതെ മടങ്ങാമെന്ന വെംഗറുടെ ആഗ്രഹം ഫെല്ലിനിയുടെ ഗോളിൽ പൊലിഞ്ഞു.
വെസ്റ്റ് ഹാമിനെ 4–1നു തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി പോയിന്റ് റെക്കോർഡിന് അരികെയെത്തി. 35 കളികൾ പൂർത്തിയായപ്പോൾ 93 പോയിന്റുമായി 2004–05 സീസണിൽ ചെൽസി കുറിച്ച റെക്കോർഡിന് രണ്ടു പോയിന്റ് മാത്രം പിന്നിലാണ് സിറ്റി. ഇതുവരെ 102 ഗോളുകൾ നേടിയ സിറ്റിക്ക് രണ്ടെണ്ണം കൂടി നേടിയാൽ 2009–10 സീസണിൽ ചെൽസി കുറിച്ച ഗോൾ റെക്കോർഡും മറികടക്കാം.